പ്രതിഷേധം ശക്തമായതോടെ ബസ് ചാർജ് കുറയ്ക്കാൻ തമിഴ്നാട് സർക്കാർ തീരുമാനിച്ചു. ജനുവരി 20നാണ് ബസ് ചാർജ് വര്‍ധിപ്പിച്ചത്. ഇതാണ് ഇപ്പൊള്‍ വീണ്ടും കുറച്ചത്. ഇതോടെ ഓർഡിനറി/ടൗൺ ബസുകളിലെ മിനിമം ചാർജ് അഞ്ച് രൂപയായി വർധിപ്പിച്ചത് നാല് രൂപയായി കുറയുകയും ചെയ്യും.
ഓർഡിനറി ബസുകളിൽ ഒരു കിലോ മീറ്ററിന് 60 പൈസയാക്കി ഉയര്‍ത്തിയത് 58 പൈസയായി കുറയും. ജനുവരി 20ന് മുമ്പ് ഇത് വെറും 42 പൈസയായിരുന്നു. അതേസമയം എക്സ്പ്രസ് ബസുകളിൽ 80 പൈസയായിരുന്നത് 75 പൈസയായും സൂപ്പർ ഡീലക്സ് ബസുകളിൽ 90 പൈസയിൽ നിന്ന് 85 പൈസയായുമാണ് കുറയുക.
നിരക്കിളവ് പ്രാബല്യത്തിൽ വരുന്നതോടെ ഓരോ 200 കിലോമീറ്റർ യാത്രയ്ക്കും അഞ്ച് രൂപ മുതൽ 20 രൂപ വരെയാണ് കുറവ് വരുക. അതേസമയം കേരളത്തിലെ മിനിമം ബസ് ചാർജ് 10 രൂപയാക്കണമെന്ന ആവശ്യവുമായി ഈ മാസം അവസാനം മുതൽ സ്വകാര്യ ബസ് ഉടമകൾ സംഘടന അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുകയാണ്.