സിബിഎസ്ഇ ചോദ്യപേപ്പര്‍ ചോര്‍ച്ച; ജാര്‍ഖണ്ഡില്‍ മൂന്ന് പേര്‍ അറസ്റ്റില്‍ - പിടിയിലായവരില്‍ എബിവിപി അംഗവും
സിബിഎസ്ഇ ചോദ്യപേപ്പര്‍ ചോര്‍ച്ച; ജാര്‍ഖണ്ഡില്‍ മൂന്ന് പേര്‍ അറസ്റ്റില്‍ - പിടിയിലായവരില്‍ എബിവിപി അംഗവും
സിബിഎസ്ഇ ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവവുമായി ബന്ധപ്പെട്ട് ജാര്‍ഖണ്ഡില്‍ മൂന്നു പേരെ അറസ്റ്റ് ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത ഒമ്പത് പേരെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. ഇവരെ ജുവൈനൽ ജസ്റ്റീസ് ബോർഡ് മുമ്പാകെ ഹാജരാക്കും.
അറസ്റ്റിലായവരില്‍ കോച്ചിംഗ് സെന്റര്‍ ഡയറക്ടര്‍മാരും വിദ്യാര്‍ഥികളുമാണ് ഉള്‍പ്പെടുന്നത്. ഇതില്‍ രണ്ടുപേര്‍ ബിഹാറില്‍ നിന്നാണ് അറസ്റ്റിലായത്. ഇവര്‍ക്കെതിരെ കേസെടുത്തു. ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തിട്ടുള്ളത് പത്താം ക്ലാസ് ക്ലാസ് വിദ്യാര്‍ഥികളെയാണ്.
അതേസമയം, ചോദ്യ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് എബിവിപി അംഗത്തേയും അറസ്റ്റു ചെയ്തതായി റിപ്പോർട്ടുണ്ട്.
സംഭവത്തില്‍ ബിഹാറിലും ചോര്‍ന്ന ചോദ്യപേപ്പര്‍ ലഭിച്ചുവെന്നാണ് വിവരം. പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചാണ് ജാര്‍ഖണ്ഡില്‍ അന്വേഷണം നടക്കുന്നത്. ഇതോടെ, ചോദ്യ പേപ്പർ ചോർച്ച ഡൽഹിയിലും ഹരിയാനയിലും മാത്രമായി ഒതുങ്ങന്നതല്ലെന്ന സൂചനകളാണ് പുറത്തു വരുന്നത്.
സിബിഎസ്ഇയുടെ പന്ത്രണ്ടാം ക്ലാസിലെ സാമ്പത്തിക ശാസ്ത്രത്തിന്റെയും പത്താം ക്ലാസിലെ കണക്ക് പരീക്ഷയുടെയും ചോദ്യപേപ്പറുകളാണ് ചോർന്നത്. ഇതോടെ 28 ലക്ഷം വിദ്യാർഥികളാണ് വീണ്ടും പരീക്ഷ എഴുതേണ്ടി വരുന്നത്.