Lakshadweep: പ്രകൃതി സുന്ദരമാണെങ്കിലും ലക്ഷദ്വീപിലേക്ക് യാത്ര ചെയ്യാന്‍ നിരവധി കടമ്പകള്‍ കടക്കേണ്ടതുണ്ട്. ഇതില്‍ പ്രധാനമായും ലക്ഷദ്വീപിലെ നിയമങ്ങള്‍ അറിഞ്ഞിരിക്കുകയാണ് വേണ്ടത്. ചില കുറ്റങ്ങള്‍ അറിയാതെയാണെങ്കിലും ചെയ്തു പോയാല്‍ നിയമനടപടി നേരിടേണ്ടി വരും. തദ്ദേശവാസികള്‍ അല്ലാത്തവര്‍ക്ക് ലക്ഷദ്വീപില്‍ പ്രവേശിക്കുന്നതിന് നിയമാനുസൃതമായ പെര്‍മിറ്റ് ആവശ്യമാണ്. അതായത് അനുമതി ഇല്ലാതെ കടക്കാന്‍ സാധിക്കില്ല. ലക്ഷദ്വീപിലേക്ക് പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ലക്ഷദ്വീപ് ഓഫീസില്‍ നിന്ന് അനുമതി വേണം ഇതിനായി മതിയായ രേഖകളും ആവശ്യമാണ്. ലക്ഷദ്വീപിലേക്കുള്ള പെര്‍മിറ്റ് ലഭിക്കാന്‍ ഏകദേശം രണ്ടാഴ്ച മുതല്‍ രണ്ടുമാസം വരെ സമയമെടുക്കും. പെര്‍മിറ്റ് ലഭിക്കാന്‍ ലക്ഷദ്വീപില്‍ ഒരു സ്‌പോണ്‍സര്‍ വേണം, അല്ലെങ്കില്‍ ടൂര്‍ പാക്കേജ് എടുത്തു പോകേണ്ടിവരും.
കപ്പലുകളിലൂടെയും വിമാനം വഴിയും ലക്ഷദ്വീപിലെത്താം. അതേസമയം എയര്‍പോര്‍ട്ട് അഗത്തി ദ്വീപില്‍ മാത്രമാണ് ഉള്ളത്. അവിടെ നിന്നും മറ്റു ദ്വീപുകളിലേക്ക് പോകാന്‍ വീണ്ടും കടല്‍ മാര്‍ഗ്ഗം തന്നെ സ്വീകരിക്കേണ്ടിവരും. ലക്ഷദ്വീപിനെ ഇത്രയധികം സുന്ദരിയാക്കുന്നത് അവിടത്തെ പവിഴ പുറ്റുകളുടെ മനോഹാരിതയാണ്. എന്നാല്‍ അതില്‍ തൊട്ടാല്‍ ജയിലിലും പോകാം. കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപില്‍ പവിഴപ്പുറ്റുകളെ സംരക്ഷിക്കുന്നതിനു വേണ്ടി കേന്ദ്ര ഗവണ്‍മെന്റ് നിയമങ്ങള്‍ പാസാക്കിയിട്ടുണ്ട്. പവിഴപ്പുറ്റുകളെ തൊടുന്നതും എടുക്കുന്നതും എല്ലാം കുറ്റകരമാണ്. കടലിനാല്‍ ചുറ്റപ്പെട്ടു കിടക്കുന്ന ദ്വീപില്‍ ശുദ്ധജലത്തിന്റെ അഭാവം കൂടുതലാണ്. അതിനാല്‍ കരിക്കിനേക്കാള്‍ വില ശുദ്ധജല നല്‍കേണ്ടിവരും.
ദ്വീപില്‍ പോകുമ്പോള്‍ നിങ്ങള്‍ക്ക് മദ്യപാനശീലം ഉണ്ടെങ്കില്‍ കൂടെ ഒരു കുപ്പി കരുതാമെന്ന മോഹം അവസാനിപ്പിക്കുകയാണ് നല്ലത്. ലക്ഷദ്വീപ് മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്നില്ല. നിരോധനവും ഉണ്ട്. കൂടാതെ ലഹരി വസ്തുക്കളും ദ്വീപുകളില്‍ നിരോധിച്ചിട്ടുണ്ട്. ഇവ കയ്യില്‍ കരുതുന്നത് പോലും കുറ്റകരമാണ്.
ലക്ഷദ്വീപിലേക്ക് നിരവധി ടൂര്‍ പാക്കേജുകള്‍ ഉണ്ട് ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് ലക്ഷദ്വീപ് സര്‍ക്കാരിന്റെ ടൂര്‍ പാക്കേജ്. ഇതില്‍ തന്നെ പല റേറ്റുകളും ഉണ്ട്. കൂടുതല്‍ ഉല്ലാസം ആവശ്യമാണെങ്കില്‍ പണവും കൂടും. ഡയമണ്ട് ക്ലാസ് താമസസൗകര്യം, കപ്പലിലെ താമസം വിനോദങ്ങള്‍, ഭക്ഷണം എന്നിങ്ങനെയെല്ലാം ഉള്‍പ്പെടുത്തിയുള്ള പാക്കേജുകള്‍ ആണ് സര്‍ക്കാര്‍ നല്‍കുന്നത്. ഇതില്‍ പ്രധാനപ്പെട്ടത് അഞ്ചുദിവസത്തെ യാത്രയായ ലക്ഷദ്വീപ് സമുദ്രം എം വി കവരത്തിയാണ്. ഈ ടൂര്‍ പാക്കേജില്‍ കവരത്തി, കല്‍പ്പേനി, മിനിക്കോയ എന്നീ ദ്വീപുകള്‍ സന്ദര്‍ശിക്കാം. ചിലവ് കൂടിയതും ദിവസങ്ങള്‍ അധികമുള്ള മറ്റു ടൂര്‍ പാക്കേജുകളും ഉണ്ട്. സ്വേ യിംഗ് പാം പാക്കേജ്, താരാ താഷി പാക്കേജ് എന്നിവയാണവ.
എല്ലാമാസവും സവാരി ദി റിയല്‍ ട്രാവല്‍മേറ്റിന്റെ ലക്ഷദ്വീപ് യാത്രയുണ്ട്. അഗത്തി, കല്‍പ്പേനി, തിന്നക്കര, ബംഗാരം, സാന്‍ഡ് ബാങ്ക് ദ്വീപുകള്‍ ചുരുങ്ങിയ ചിലവില്‍ സന്ദര്‍ശിക്കാന്‍ സാധിക്കും. കൂടാതെ സ്ത്രീകള്‍ക്ക് മാത്രമായുള്ള പ്രത്യേക ബാച്ചുകളും ഉണ്ട്. ഇതുപേലെ കേരളത്തില്‍ നിന്ന് വിവിധ ട്രാവലുകള്‍ ലക്ഷദ്വീപിലേക്ക് യാത്ര നടത്തുന്നുണ്ട്. പ്രധാനമന്ത്രി മോദിയെ പരിഹസിച്ചുകൊണ്ടുള്ള മാലിദ്വീപ് മന്ത്രിമാരുടെ പരാമര്‍ശങ്ങളുടെ പശ്ചത്തലത്തില്‍ ഇന്ത്യന്‍ വിനോദ സഞ്ചാരികള്‍ മാലിദ്വീപ് ഉപേക്ഷിച്ച് ലക്ഷദ്വീപ് യാത്ര നടത്തുകയാണ്.