'കാറപകടത്തിന് പിന്നിൽ കുൽദീപ് സെൻഗാർ, തന്നെ ഇല്ലാതാക്കാൻ ചെയ്തത്'; ഉന്നാവോ പെൺകുട്ടിയുടെ മൊഴി പുറത്ത്

കഴിഞ്ഞ ദിവസം സിബിഐക്ക് നല്‍കിയ മൊഴിയാണ് പുറത്ത് വന്നിരിക്കുന്നത്.

വെള്ളി, 6 സെപ്‌റ്റംബര്‍ 2019 (08:46 IST)
കാറപകടത്തിന് പിന്നില്‍ കുല്‍ദീപ് സിങ് സെന്‍ഗാര്‍ ആണെന്ന് ഉന്നാവോ പെണ്‍കുട്ടിയുടെ മൊഴി പുറത്ത്. തന്നെ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ കുൽദീപ് സെൻഗാറാണ് വാഹനാപകടം സൃഷ്ടിച്ചതെന്നാണ് ഉന്നാവോ പെൺകുട്ടിയുടെ മൊഴി. കഴിഞ്ഞ ദിവസം സിബിഐക്ക് നല്‍കിയ മൊഴിയാണ് പുറത്ത് വന്നിരിക്കുന്നത്.
 
അപകടത്തിന് തൊട്ട് മുമ്പ് തന്നെ സെന്‍ഗാറും കൂട്ടാളികളും തന്നെ ഭീഷണിപ്പെടുത്തിയിരുന്നെന്നും പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. അത്യാസന്നനിലയില്‍ ഡല്‍ഹി എയിംസിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ആയിരുന്ന പെണ്‍കുട്ടിയെ കഴിഞ്ഞദിവസം വാര്‍ഡിലേക്കു മാറ്റിയിരുന്നു. തുടര്‍ന്ന്  സിബിഐ പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയായിരുന്നു.
 
ജൂലൈ 28 നായിരുന്നു ഉന്നാവോ പെണ്‍കുട്ടി സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടത്. ഉന്നാവോയില്‍ നിന്നും റായ്ബറേലിയിലേക്ക് പോയികൊണ്ടിരിക്കെ വാഹനം ട്രക്കില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്. പെണ്‍കുട്ടിയും കുടുംബവും സഞ്ചരിച്ച കാറിലിടിച്ച ട്രക്കിന് നമ്പര്‍ പ്ലേറ്റ് ഇല്ലായിരുന്നുവെന്ന റിപ്പോര്‍ട്ടും പുറത്തുവന്നിരുന്നു.
 
 2017ല്‍ ജോലി വാഗ്ദാനവുമായി ബന്ധപ്പെട്ട് കാണാനെത്തിയ, അന്ന് 17 വയസ് പ്രായമുണ്ടായിരുന്ന പെണ്‍കുട്ടിയെ എംഎല്‍എ അടക്കമുള്ളവര്‍ ചേര്‍ന്ന് ലൈംഗികമായി ആക്രമിക്കുകയായിരുന്നു. 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം കൊല്ലത്ത് കെട്ടിടം തകർന്നു വീണു; രണ്ട് മരണം