വെള്ളം നല്‍കുന്നതിനിടെ കടുവയുടെ ആക്രമണം; മൃഗശാല സൂക്ഷിപ്പുകാരന്റെ കൈവിരല്‍ കടിച്ചെടുത്തു

എട്ട് വയസുകാരനായ രാമാ എന്ന കടുവ കടിച്ചതിനെ തുടർന്ന് മൃഗശാലയിലെ ജോലിക്കാരനായ ഫത്തേഹിനെ റാം മനോഹർ ലോഹ്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ബുധന്‍, 11 സെപ്‌റ്റംബര്‍ 2019 (17:19 IST)
ഭക്ഷണം കൊടുക്കുന്നതിനിടെ മൃഗശാല സൂക്ഷിപ്പുകാരന്റെ കൈവിരൽ കടുവ കടിച്ചു മുറിച്ചു. ഡൽഹി മൃഗശാലയിലെ രോഗബാധിതനായ കടുവക്ക് വെള്ളം കൊടുക്കുന്നതിനിടെയാണ് ഫത്തേഹ് സിംഗ് എന്ന 45കാരന്റെ വിരൽ കടിച്ചു മുറിച്ചത്. കൈയ്യിലെ കടിയേറ്റ നടുവിരൽ തുന്നി ചേർക്കാൻ ഡോക്ടർമാർ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.
 
എട്ട് വയസുകാരനായ രാമാ എന്ന കടുവ കടിച്ചതിനെ തുടർന്ന് മൃഗശാലയിലെ ജോലിക്കാരനായ ഫത്തേഹിനെ റാം മനോഹർ ലോഹ്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉടൻ തന്നെ വിരൽ തുന്നി ചേർക്കാൻ ശസ്ത്രക്രിയ നടത്തിയെങ്കിലും എല്ലിന് ക്ഷതം സംഭവിച്ചിരുന്നതിനാൽ ശസ്ത്രക്രിയ പരാജയപ്പെട്ടു. വിരൽ കൂട്ടി ചേർക്കാൻ കഴിയാത്തതിനാൽ തുന്നലിടാൻ മാത്രമേ സാധിക്കൂ എന്ന് ഡോക്ടർമാർ അറിയിച്ചു.
 
മൃഗശാല ജീവനക്കാർ രാമാ എന്ന് വിളിക്കുന്ന ബംഗാൾ കടുവ ജൂലൈ 27 മുതൽ രോഗബാധിതാനാണെന്നും ഭക്ഷണം കഴിക്കുന്നില്ലെന്നും ഡൽഹി മൃഗശാല അധികൃതർ അറിയിച്ചു. തിങ്കളാഴ്ച്ച രാത്രിയും റാമിനെ ഡോക്ടർമാർ പരിശോധിച്ചിരുന്നു.
 
തിങ്കളാഴ്ച രാത്രി വൈകിയുള്ള പരിശോധന രാമായെ ബുദ്ധിമുട്ടിച്ചു കാണും. തുടരെയുള്ള പരിശോധനകൾ അലോസരപ്പെടുത്തിയതിനെ തുടർന്നാകാം രാമാ ഫത്തേഹിനെ ആക്രമിച്ചതെന്നും അധികൃതർ വ്യക്തമാക്കി. 2014ൽ മൈസൂരുവിൽ നിന്നാണ് രാമായെ ഡൽഹിയിൽ എത്തിച്ചത്. 2014 സെപ്റ്റംബറിൽ ഡൽഹി മൃഗശാലയിൽ 20കാരനായ യുവാവിനെ ഒരു വെള്ളക്കടുവയുടെ കടിച്ച് കൊന്നിരുന്നു.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം സമാധാനത്തിന്റെ മതമായ ഇസ്ലാം ഇന്ന് ഒരു പറ്റം തീവ്രവാദികളുടെ കൂടി കൈപ്പിടിയിലായത് ചുമ്മാതല്ല; വൈറൽ കുറിപ്പ്