ശ്രീദേവിയുടെ സംസ്‌കാര ചടങ്ങുകള്‍ ഇന്നുണ്ടാകില്ല; മൃതദേഹം എത്തുന്നത് വൈകും
ശ്രീദേവിയുടെ സംസ്‌കാര ചടങ്ങുകള്‍ ഇന്നുണ്ടാകില്ല; മൃതദേഹം എത്തുന്നത് വൈകും
അന്തരിച്ച ബോളിവുഡ് നടി ശ്രീദേവി സംസ്‌കാര ചടങ്ങുകള്‍ നാളെ നടക്കും. മൃതദേഹം ദുബായില്‍ നിന്നും ഇന്ത്യയിലേക്ക് എത്തിക്കാന്‍ വൈകിയ പശ്ചാത്തലത്തിലാണ് ചടങ്ങുകള്‍ തിങ്കളാഴ്‌ചത്തേക്ക് ക്രമീകരിക്കുന്നത്. ആറ് മണിക്ക് ശേഷമാകും മൃതദേഹം മുംബൈയില്‍ എത്തിക്കുക.
ഇന്‍ക്വസ്‌റ്റ് നടപടികള്‍ വൈകുന്നതാണ് മൃതദേഹം വിട്ടുകിട്ടാന്‍ കാരണമാകുന്നത്. പ്രത്യേക വിമാനത്തിലാകും മൃതദേഹം മുംബൈയില്‍ എത്തിക്കുക.
ശ്രീദേവിയുടെ മൃതദേഹം ഉച്ചയോടെ മുംബൈയില്‍ എത്തിക്കുമെന്നായിരുന്നു നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. എന്നാല്‍, മൃതദേഹം നാട്ടിലേക്ക് എത്തിക്കുന്നതിനുള്ള രേഖകള്‍ വൈകിയതോടെയാണ് സംസ്‌കാര ചടങ്ങുകള്‍ ഇന്നുണ്ടാകില്ലെന്ന് ഏറെക്കുറെ വ്യക്തമായത്.
ശനിയാഴ്‌ച രാത്രി പതിനൊന്നരയോടെ യുഎഇയിലെ റാസല്‍ഖൈമയില്‍ വച്ചായിരുന്നു ശ്രീദേവിയുടെ മരണം. ഹൃദയാഘാതമായിരുന്നു മരണകാരണം. ബന്ധുവായ മോഹിത് മര്‍വയുടെ വിവാഹവിരുന്നില്‍ പങ്കെടുക്കാനാണ് ശ്രീദേവി റാസല്‍ ഖൈമയിലെത്തിയത്. ചടങ്ങിൽ പങ്കെടുക്കുന്നതിനിടെ ഹൃദയാഘാതത്തെ തുടർന്നായിരുന്നു ശ്രീദേവിയുടെ അന്ത്യം.
ആശുപത്രിയിൽ എത്തിച്ചെങ്കിലും ശ്രീദേവിയെ രക്ഷിക്കാന്‍ സാധിച്ചില്ല. മരണ സമയത്ത് ഭർത്താവും നിർമാതാവുമായ ബോണി കപൂർ, ഇളയ മകൾ ഖുഷി എന്നിവർ സമീപത്തുണ്ടായിരുന്നു.