ചെന്നൈ: കരൂർ ദുരന്തഭൂമിയിൽ സന്ദർശനം നടത്താൻ വിജയ്. ഉപാധികളോടെയാണ് തമിഴക വെട്രി കഴകം നേതാവും നടനുമായ വിജയ് കരൂരിൽ സന്ദർശനം നടത്തുക. തമിഴ്‌നാട് ഡിജിപി ജി വെങ്കട്ടരാമന് മുൻപാകെയാണ് അസാധാരണമായ ഉപാധികൾ വെച്ചത്. വിമാനത്താവളം മുതൽ സുരക്ഷ ഒരുക്കണമെന്നതാണ് പ്രധാന ഉപാധി.
ആരും പിന്തുടരുതെന്നും സായുധ സംഘം ഒപ്പമുണ്ടാകണമെന്നും ഉപാധിയിൽ പറയുന്നു. വേദിക്ക് ചുറ്റം സുരക്ഷാ ഇടനാഴിവെയ്ക്കണമെന്നതാണ് മറ്റൊരു ഉപാധി. വിജയ്‌യുടെ അഭിഭാഷകനാണ് നിർദേശങ്ങൾ അടങ്ങിയ കത്ത് ഡിജിപിക്ക് കൈമാറിയത്. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനും പകർപ്പ് കൈമാറിയിട്ടുണ്ട്.
കരൂർ ദുരന്തത്തിന് പിന്നാലെ വിജയ്‌ക്കെതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു. ദുരന്തത്തിന് പിന്നാലെ നടൻ സ്ഥലം വിട്ടത് വലിയ വിമർശനങ്ങൾക്ക് കാരണമായി. ഇതിന് പിന്നാലെയാണ് കരൂർ സന്ദർശിക്കുന്നതിന് മതിയായ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കണം എന്നാവശ്യപ്പെട്ട് ടിവികെ ഡിജിപിക്ക് അപേക്ഷ നൽകിയത്.
യാത്രാ അനുമതിക്കും സുരക്ഷ ഒരുക്കുന്നതിനും കരൂർ ജില്ലാ പൊലീസ് മേധാവിയെ സമീപിക്കാം എന്നായിരുന്നു ഡിജിപി നൽകിയ മറുപടി. യാത്രാ വിവരങ്ങൾ ലഭിച്ചാൽ ആവശ്യമായ നടപടി സ്വീകരിക്കാമെന്നും ഡിജിപി അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഡിജിപിക്ക് മുന്നിൽ ടിവികെ ഉപാധികൾവെച്ചത്.
മതിയായ സുരക്ഷ ഒരുക്കുന്ന പക്ഷം ഏറ്റവും അടുത്ത ദിവസം തന്നെ കരൂരിൽ എത്താനാണ് വിജയ് ലക്ഷ്യംവെയ്ക്കുന്നത്. അപകടത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങളെ വീട്ടിൽ പോയി കാണുന്നതിന് പകരം കരൂരിൽ പ്രത്യേക വേദി ഒരുക്കാനാണ് ടിവികെ ലക്ഷ്യംവെയ്ക്കുന്നത്. ഇതിനായി രണ്ട് വേദികൾ പ്രവർത്തകർ കണ്ടെത്തിയതായാണ് റിപ്പോർട്ടുകൾ. കൂടിക്കാഴ്ച തീർത്തും സ്വകാര്യമായിരിക്കുമെന്നാണ് ടിവികെ വൃത്തങ്ങൾ പറയുന്നത്.
അപകടത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങളും തെരഞ്ഞെടുക്കപ്പെട്ട ചില പ്രവർത്തകരും മാത്രമായിരിക്കും അവിടെ ഉണ്ടാകുക. പൊലീസ് എല്ലാ ഉത്തരവാദിത്വങ്ങളും തങ്ങളുടെ തലയിൽ കെട്ടിവെയ്ക്കാൻ ശ്രമിക്കുകയാണ്. തങ്ങൾ എല്ലാ വ്യവസ്ഥകളും പാലിക്കാൻ തയ്യാറാണ്. എന്നാൽ പൊലീസ് മതിയായ സുരക്ഷ ഒരുക്കണമെന്നും ടിവികെ വൃത്തങ്ങൾ പറയുന്നു.