Lokah: റിമ കല്ലിങ്കലിന്റെ 'നമ്മൾ ഉണ്ടാക്കിയ സ്‌പേസ്' വിവാദം; പരിഹസിച്ച് വിജയ് ബാബു
എല്ലാ റെക്കോർഡുകളും ലോക തകർത്തു
മലയാളത്തിലെ ഏറ്റവും വലിയ വിജയമായിരിക്കുകയാണ് ലോക. റിലീസ് ചെയ്ത് 40 ദിവസമാകുമ്പോൾ മലയാളത്തിൽ ഇതുവരെ ഉണ്ടായിരുന്ന എല്ലാ റെക്കോർഡുകളും ലോക തകർത്തു. എമ്പുരാനെ പിന്നിലാക്കി ഇൻഡസ്ട്രി ഹിറ്റായി മാറിയ ലോക, തുടരുമിനെ പിന്തള്ളി കേരളത്തിൽ നിന്നും ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന ചിത്രവുമായി മാറി.
ഡൊമിനിക് അരുൺ സംവിധാനം ചെയ്ത ചിത്രത്തിൽ കല്യാണി പ്രിയദർശൻ ആണ് നായിക. ദുൽഖർ സൽമാൻ നിർമിച്ച സിനിമയ്ക്ക് ഇപ്പോഴും തിയേറ്ററിൽ ഒറ്റമുണ്ട്. ഫൈനൽ റൺ ആകുമ്പോൾ ലോകയുടെ കളക്ഷൻ എത്ര ആയിരിക്കുമെന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകർ.
ലോകയുടെ റിലീസിന് പിന്നാലെ നടി നൈല ഉഷ പങ്കിട്ടൊരു സ്റ്റോറി വലിയ ചർച്ചയായിരുന്നു. ലോകയുടെ വിജയത്തിന്റെ ക്രെഡിറ്റ് പാർവതിയേയും ദർശനയേയും പോലുള്ള നടിമാർക്ക് കൂടി അർഹമായതാണെന്നാണ് നൈല പറഞ്ഞത്. സ്ത്രീപക്ഷ സിനിമകൾക്ക് വഴിയൊരുക്കുന്നതിൽ പാർവതിയേയും ദർശനയേയും റിമ കല്ലിങ്കലിനേയും പോലുള്ള നടിമാരുടെ നിരന്തര ഇടപെടലിന്റെ പ്രാധാന്യത്തെക്കുറിച്ചായിരുന്നു നൈലയുടെ പ്രതികരണം.
നൈലയുടെ പ്രതികരണത്തിന് പിന്തുണ നൽകി കൊണ്ട് സമാനമായ അഭിപ്രായം കഴിഞ്ഞ ദിവസം നടി റിമ കല്ലിങ്കലും ഉയർത്തിയിരുന്നു. ദ ന്യു ഇന്ത്യൻ എക്‌സ്പ്രസിന്റെ എക്‌സ്പ്രസ് ഡയലോഗ്‌സിൽ അതിഥിയായി എത്തിയപ്പോഴാണ് റിമ കല്ലിങ്കിൽ അതേക്കുറിച്ച് സംസാരിച്ചത്. ലോകയുടെ വിജയത്തിന്റെ ക്രെഡിറ്റ് ആ ടീമിനാണെന്ന് പറഞ്ഞ റിമ, അത്തരമൊരു സ്‌പേസ് ഉണ്ടാക്കിയത് തങ്ങളാണെന്നും പറഞ്ഞിരുന്നു. ഇത് വിവാദത്തിന് കാരണമായി. റിമയ്ക്ക് നേരെ കടുത്ത വിമർശനങ്ങളും പരിഹാസങ്ങളും ഉയരുന്നു.
വിഷയത്തിൽ റിമ കല്ലിങ്കലിനെ പരിഹസിച്ച് നിർമാതാവ് വിജയ് ബാബു രംഗത്ത്. മലയാളത്തിന്റെ ക്ലാസിക് ചിത്രങ്ങളായ, വൈശാലി ഉണ്ണിയാർച്ച, കടത്തനാട്ട് മകം, കള്ളി ചെല്ലമ്മ, അവളുടെ രാവുകൾ, ആദത്തിൻ്റെ വാരിയെല്ല്, നീലതാമര, പഞ്ചാഗ്നി തുടങ്ങിയ സിനിമകളുടെ ക്രെഡിറ്റ് ഒന്നും വേണമെന്ന് പറഞ്ഞില്ലെന്ന് അദ്ദേഹം പരിഹാസത്തോടെ ചൂണ്ടിക്കാട്ടി. ലോകയുടെ വിജയം വേഫെയറിനും ലോക ടീമിനും മാത്രം അവകാശപ്പെട്ടതാണെന്ന് അദ്ദേഹം പറഞ്ഞു.