നടനും തമിഴക വെട്രി കഴകം അധ്യക്ഷനുമായ വിജയ് സംഘടിപ്പിച്ച ഇഫ്താര്‍ വിരുന്ന് കൂടുതല്‍ വിവാദങ്ങളിലേക്ക്. വിജയ്‌ക്കെതിരെ യുപി ബറേലിയിലെ സുന്നി മുസ്ലീം സംഘടനയാണ് ഫത്വ പുറപ്പെടുവിച്ചത്. വിജയ് മുസ്ലീം വിരുദ്ധ ചിന്താഗതിയുള്ള ആളാണെന്നും ഇഫ്താര്‍ വിരുന്നില്‍ വിജയ് ചൂതാട്ടക്കാരെയും മദ്യപാനികളെയും ക്ഷണിച്ചുവെന്നുമാണ് സംഘടനയുടെ കുറ്റപ്പെടുത്തല്‍.
ഓള്‍ ഇന്ത്യാ ജമാഅത്ത് ദേശീയ അധ്യക്ഷനും ചഷ്‌മേ ദാറുല്‍ ഇഫ്താ നേതാവുമായ മൗലാന ഷഹാബുദ്ധീന്‍ റസ്വിയാണ് വിജയ്‌ക്കെതിരെ ഫത്വ പുറപ്പെടുവിച്ചത്. മദ്യപാനികളെയും ചൂതാട്ടക്കാരെയും ഇഫ്താറിന് ക്ഷണിക്കുന്നത് നിയമവിരുദ്ധവും പാപവുമാണെന്ന് ഫത്വയില്‍ പറയുന്നു. വിജയുടെ ചരിത്രം മുസ്ലീം വിരുദ്ധ വികാരങ്ങളാല്‍ നിറഞ്ഞതാണ്. സിനിമയില്‍ നിന്നും രാഷ്ട്രീയത്തിലേക്ക് കടക്കാനായി വിജയ് പക്ഷേ മുസ്ലീം വികാരങ്ങളെ ഉപയോഗപ്പെടുത്തുകയാണ്. വിജയ് സിനിമയായ ബീസ്റ്റില്‍ മുസ്ലീങ്ങളെ മുഴുവനും തീവ്രവാദവുമായി ബന്ധിപ്പിച്ചു. ഇപ്പോള്‍ രാഷ്ട്രീയത്തില്‍ ഇറങ്ങുമ്പോള്‍ വിജയ് മുസ്ലീങ്ങളുടെ വോട്ട് ആഗ്രഹിക്കുകയും മുസ്ലീം പ്രീണനം നടത്തുകയും ചെയ്യുകയാണെന്നും മൗലാന ഷഹാബുദ്ധീന്‍ റസ്വി പറയുന്നു.