വിജയ് മുഖ്യമന്ത്രിയായി കാണാന്‍ തമിഴ്‌നാട്ടുകാര്‍ ആഗ്രഹിക്കുന്നു; സി വോട്ടര്‍ സര്‍വേ ഫലം ഞെട്ടിക്കുന്നത്
മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ഏറ്റവും കൂടുതല്‍ ആളുകള്‍ പിന്തുണയ്ക്കുന്നത് നിലവിലെ മുഖ്യമന്ത്രി എം.കെ.സ്റ്റാലിനെയാണ്
തമിഴ്‌നാട്ടിലെ പ്രധാന രാഷ്ട്രീയ പാര്‍ട്ടികളെ ഞെട്ടിച്ച് ഇന്ത്യ ടുഡെ സി വോട്ടര്‍ സര്‍വേ ഫലം. സൂപ്പര്‍താരം വിജയ് നയിക്കുന്ന ടിവികെ പാര്‍ട്ടിക്ക് പിന്തുണ വര്‍ധിക്കുന്നതായാണ് സര്‍വെ ഫലങ്ങള്‍ വ്യക്തമാക്കുന്നത്. വിജയ് മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി വരണമെന്ന് വലിയൊരു വിഭാഗം ആളുകള്‍ ആഗ്രഹിക്കുന്നു.
മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ഏറ്റവും കൂടുതല്‍ ആളുകള്‍ പിന്തുണയ്ക്കുന്നത് നിലവിലെ മുഖ്യമന്ത്രി എം.കെ.സ്റ്റാലിനെയാണ്. സര്‍വെയില്‍ പങ്കെടുത്ത 27 ശതമാനം ആളുകള്‍ സ്റ്റാലിന്‍ വീണ്ടും മുഖ്യമന്ത്രിയാകണമെന്ന് ആഗ്രഹിക്കുന്നവരാണ്. തൊട്ടുപിന്നില്‍ 18 ശതമാനം പിന്തുണയോടെ വിജയ് ഉണ്ട്. അണ്ണാ ഡിഎംകെ, ബിജെപി എന്നീ പാര്‍ട്ടികളുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിമാരെ പിന്തള്ളിയാണ് വിജയ് രണ്ടാം സ്ഥാനത്തെത്തിയത്.
അണ്ണാ ഡിഎംകെയുടെ ഇ.പളനിസ്വാമി 10 ശതമാനം പിന്തുണയോടെ മൂന്നാമത്. ബിജെപിയുടെ കെ.അണ്ണാമലൈയ്ക്ക് ഒന്‍പത് ശതമാനം പിന്തുണ മാത്രം. 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയ് മത്സരിക്കുമെന്ന് ഏറെക്കുറെ ഉറപ്പായി കഴിഞ്ഞു. വിജയ് തന്നെയായിരിക്കും ടിവികെ പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി.