Haryana elections, Vinesh phogat
ഹരിയാനയില്‍ വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ ഒളിമ്പ്യന്‍ വിനേഷ് ഫോഗാട്ട് ലീദ് ചെയ്യുന്നു. ജുലാന സീറ്റില്‍ മുന്‍ ആര്‍മി ക്യാപ്റ്റന്‍ യോഗേഷ് ബൈരാഗിയാണ് വിനേഷിന്റെ എതിരാളി. പാരീസ് ഒളിമ്പിക്‌സ് വേദിയില്‍ നിന്നും മെഡല്‍ നഷ്ടത്തിന്റെ നിരാശയില്‍ തിരിച്ചെത്തിയ വിനേഷിനെ ഇരുകയ്യും നീട്ടി സ്വീകരിച്ചത് കോണ്‍ഗ്രസായിരുന്നു.
സജീവ രാഷ്ട്രീയത്തില്‍ ഇറങ്ങുന്നതിനായി വിനേഷ് റെയില്‍വേയിലെ തന്റെ ജോലി രാജിവെച്ചിരുന്നു. വിനേഷിനൊപ്പം ബജ്‌റംഗ് പുനിയയും കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. നേരത്തെ ഗുസ്തി ഫെഡറേഷന്‍ തലവനായിരുന്ന ബിജെപി നേതാവ് ബ്രിജ് ഭൂഷണ്‍ ചരണ്‍ സിംഗിനെതിരെ ഗുസ്തിതാരങ്ങള്‍ നടത്തിയ പ്രതിഷേധങ്ങളില്‍ വിനേഷ് മുന്‍നിരയിലുണ്ടായിരുന്നു. സജീവ രാഷ്ട്രീയത്തിലേക്കിറങ്ങിയതോടെ വിനേഷിനെതിരെ വിദ്വേഷപ്രസ്താവനകളുമായി ബ്രിജ് ഭൂഷണ്‍ രംഗത്ത് വരികയും ചെയ്തിരുന്നു.
അതേസമയം ഹരിയാനയുടെ മകളായി വിനേഷിനെ ജനം അംഗീകരിക്കുമ്പോള്‍ ഹരിയാനയിലെ രാഷ്ട്രീയത്തില്‍ മാത്രമാകില്ല അത് കോണ്‍ഗ്രസിന് ഗുണം ചെയ്യുക. ഹരിയാന നിയമസഭയില്‍ അംഗമാകുന്നതിനൊപ്പം ദേശീയ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിന്റെ മുഖമായും വിനേഷ് മാറും. ഹരിയാന രാഷ്ട്രീയത്തില്‍ നിന്നും വിനേഷ് ദേശീയ രാഷ്ട്രീയത്തിലേക്ക് ഭാവിയില്‍ വരാനുള്ള സാധ്യതകളും തള്ളികളയാനാകില്ല.