Vinesh Phogat: നാലാം റൗണ്ട് കഴിഞ്ഞപ്പോള്‍ 3,000 വോട്ടിനു പിന്നില്‍, വോട്ടെണ്ണല്‍ കേന്ദ്രം വിട്ടു; ക്ലൈമാക്‌സില്‍ ബിജെപിയെ മലര്‍ത്തിയടിച്ച ട്വിസ്റ്റ് !
ആദ്യ റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ വിനേഷ് ഫോഗട്ട് 200 വോട്ടുകള്‍ക്കു മുന്നിലായിരുന്നു
Vinesh Phogat Wins from Julana
Vinesh Phogat: ഹരിയാനയിലെ ജുലാന മണ്ഡലത്തില്‍ വിജയക്കൊടി പാറിച്ച് ഇന്ത്യന്‍ ഗുസ്തി താരം വിനേഷ് ഫോഗട്ട്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ച ഫോഗട്ടിന്റെ വിജയം 6,015 വോട്ടുകള്‍ക്കാണ്. ബിജെപിയുടെ യോഗേഷ് ബൈരാഗിയെയാണ് ഫോഗട്ട് തോല്‍പ്പിച്ചത്. തുടക്കം മുതല്‍ ഒടുക്കം വരെ നാടകീയമായിരുന്നു ജുലാനയിലെ വോട്ടെണ്ണല്‍.
ആദ്യ റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ വിനേഷ് ഫോഗട്ട് 200 വോട്ടുകള്‍ക്കു മുന്നിലായിരുന്നു. വോട്ടെണ്ണല്‍ രണ്ടാം റൗണ്ട് പിന്നിട്ടപ്പോള്‍ ബിജെപി സ്ഥാനാര്‍ഥി യോഗേഷ് ബൈരാഗി രണ്ടായിരം വോട്ടുകള്‍ക്ക് മുന്നിലെത്തി. മൂന്നും നാലും റൗണ്ടുകളിലും യോഗേഷ് നേരിയ ആധിപത്യം തുടര്‍ന്നു. നാലാം റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ ബിജെപി സ്ഥാനാര്‍ഥിയുടെ ലീഡ് 3,000 കടന്നു. തുടര്‍ച്ചയായി മൂന്ന് റൗണ്ടുകളില്‍ പിന്നിലായതോടെ കോണ്‍ഗ്രസ് ക്യാംപ് നിശബ്ദമായി. വിനേഷ് ഫോഗട്ട് ഇതിനിടെ വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ നിന്ന് മടങ്ങി.
അഞ്ചും ആറും റൗണ്ടുകളില്‍ ബിജെപി സ്ഥാനാര്‍ഥിക്ക് തന്നെയായിരുന്നു ലീഡ്. ഏഴാം റൗണ്ടിലേക്ക് എത്തിയപ്പോള്‍ ഫോഗട്ട് 38 വോട്ടുകള്‍ക്ക് മുന്നിലെത്തി. തുടര്‍ന്നുള്ള എല്ലാ റൗണ്ടുകളിലും ഫോഗട്ട് വ്യക്തമായ ലീഡ് നിലനിര്‍ത്തി. ഒന്‍പതാം റൗണ്ട് പൂര്‍ത്തിയായപ്പോള്‍ ഫോഗട്ടിന്റെ ലീഡ് 4,130 ലേക്ക് എത്തി. 15 റൗണ്ടുകള്‍ പൂര്‍ത്തിയായതോടെ വിനേഷ് ഫോഗട്ടിന്റെ ജയം ഉറപ്പിച്ചു. 6,015 വോട്ടുകളുടെ വ്യക്തമായ ഭൂരിപക്ഷത്തില്‍ ബിജെപിയെ മലര്‍ത്തിയടിച്ച് ഹരിയാനയില്‍ കോണ്‍ഗ്രസിന്റെ മാനം കാക്കാന്‍ ഫോഗട്ടിനു സാധിച്ചു. ആദ്യമായാണ് ഫോഗട്ട് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്.