ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി എന്‍ ഡി തിവാരിയുടെ മകന്‍ രോഹിത് ശേഖറിന്‍റെ കൊലപാതകത്തേക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ബന്ധുവായ ഒരു സ്ത്രീയുമായുള്ള രോഹിത്തിന്‍റെ അടുപ്പമാണ് രോഹിത്തിനെ കൊലപ്പെടുത്താന്‍ ഭാര്യ അപൂര്‍വ തീരുമാനിച്ചതിന് കാരണമെന്ന് പൊലീസ്. ബന്ധുവായ സ്ത്രീയുമായുള്ള അടുപ്പം അപൂര്‍വ പലതവണ വിലക്കിയിരുന്നുവത്രേ. എന്നാല്‍ അത് വകവയ്ക്കാതെ രോഹിത് അവരുമായി അടുപ്പം തുടരുകയായിരുന്നു.
വോട്ടെടുപ്പ് ദിവസം ആ സ്ത്രീയ്ക്കൊപ്പമാണ് രോഹിത് ഉത്തരാഖണ്ഡിലേക്ക് വോട്ടുചെയ്യാന്‍ പോയതെന്ന് അപൂര്‍വ്വ അറിഞ്ഞു. അടുത്തടുത്തിരുന്ന രോഹിത്തും ആ സ്ത്രീയും മദ്യപിക്കുകയും ഒരു ബോട്ടില്‍ മദ്യം തീര്‍ക്കുകയും ചെയ്തുവത്രേ.
ഇടയ്ക്ക് രാത്രിഭക്ഷണത്തേക്കുറിച്ച് ചോദിക്കുന്നതിനായി അപൂര്‍വ വീഡിയോ കോള്‍ ചെയ്തപ്പോള്‍ രോഹിത്തിന്‍റെ സമീപം ആ സ്ത്രീ ഉണ്ടെന്ന് മനസിലായി. ഒപ്പമുള്ള സ്ത്രീയെ അപൂര്‍വ കാണാതിരിക്കാന്‍ രോഹിത് ശ്രമിച്ചെങ്കിലും അവര്‍ കൂടെയുള്ളതായി അപൂര്‍വയ്ക്ക് ബോധ്യമായി.
രാത്രിയില്‍ മദ്യലഹരിയിലാണ് രോഹിത് മടങ്ങിയെത്തിയത്. രോഹിത്തിന് രാത്രി പത്തുമണിയോടെ ഭക്ഷണം നല്‍കിയതിന് ശേഷം അപൂര്‍വ മറ്റൊരു മുറിയില്‍ പോയി ടി വി കണ്ടിരുന്നു. രാത്രി 12.45ന് വീണ്ടും രോഹിത്തിന്‍റെ മുറിയിലെത്തുകയും ആ സ്ത്രീയുടെ കാര്യം പറഞ്ഞ് വഴക്കിടുകയുമായിരുന്നു.
അവര്‍ കൂടെയുണ്ടായിരുന്നെന്നും തങ്ങള്‍ ഒരേ ഗ്ലാസിലാണ് മദ്യപിച്ചതെന്നും രോഹിത് തുറന്നുപറഞ്ഞത് അപൂര്‍വയെ പ്രകോപിപ്പിച്ചു. ഉടന്‍ തന്നെ തലയിണയെടുത്ത് രോഹിത്തിന്‍റെ മുഖത്ത് അമര്‍ത്തിപ്പിടിച്ച് അപൂര്‍വ കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. മദ്യത്തിന്‍റെ ലഹരിയിലായതിനാല്‍ രോഹിത്തിന് പ്രതിരോധിക്കാന്‍ കഴിഞ്ഞില്ല.