ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രി എൻ ഡി തിവാരിയുടെ മകൻ രോഹിത് ശേഖറിനെ കൊലപ്പെടുത്തിയത് ബന്ധുവായ യുവതിയുമായി ഒരുമിച്ച് മദ്യം കഴിച്ചതിനെ തുടർന്നുണ്ടായ വഴക്കിനിടയിലെന്ന് ഭാര്യ അപൂർവ തിവാരി. ഇവരുടെ വീട്ടിലെ കിടപ്പറയിലാണ് രോഹിതിന്റെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഹൃദയാഘാതമാണെന്നായിരുന്നു ആദ്യ റിപ്പോർട്ടുകൾ. എന്നാൽ, പിന്നീട് നടത്തിയ വിശദമായ അന്വേഷണത്തിനൊടുവിലാണ് അപൂർവയെ പൊലീസ് അറസ്റ്റ് ചെയ്തത്. തലയിണ ഉപയോഗിച്ച് ശ്വാസംമുട്ടിച്ചാണ് അപൂർവ രോഹിതിനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു.
അപൂർവയും രോഹിതും തമ്മിലുള്ള ദാമ്പത്യബന്ധം സുഖകരമായിരുന്നില്ല. ഇരുവരും തമ്മിൽ എപ്പോഴും കലഹം പതിവായിരുന്നു. ഏപ്രിൽ 12ന് ഉത്തരാഖണ്ഡിൽ വോട്ട് ചെയ്യാൻ പോയ രോഹിത് ബന്ധുവായ മറ്റൊരു യുവതിക്കൊപ്പം മദ്യം കഴിച്ചതാണ് കുരക്രത്യം ചെയ്യാൻ അപൂർവയെ പ്രേരിപ്പിച്ചത്.
രോഹിതിനെ വീഡിയോ കോൾ ചെയ്തപ്പോൾ മറ്റേ യുവതിയും ഇയാൾക്കൊപ്പമുണ്ടായിരുന്നു. ഇത് കണ്ട അപൂർവ ഇതിനേച്ചൊല്ലി ഭർത്താവുമായി വഴക്കിട്ടു. ഏപ്രിൽ 15നു തിരിച്ച് വീട്ടിലെത്തിയ രോഹിത് മദ്യപിച്ച് ബോധരഹിതനായിരുന്നു. വഴക്ക് മുർച്ഛിച്ചപ്പോൾ അപൂർവ തലയിണ ഉപയോഗിച്ച് രോഹിതിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.
കൊലപാതകം മുൻകൂട്ടി പ്ലാൻ ചെയ്തതായിരുന്നില്ല. വഴക്കിനെ തുടർന്നുണ്ടായ ദേഷ്യത്തിലാണ് അപൂർവ രോഹിതിനെ കൊലപ്പെടുത്തിയത്. കൊലപാതകമാണെന്ന് തെളിയാതിരിക്കാനുള്ള വഴികളെല്ലാം യുവതി ചെയ്തിരുന്നു. തെളിവുകളെല്ലാം നശിപ്പിച്ചത് ഒരു മണിക്കൂറ് കൊണ്ടാണെന്ന് പൊലീസ് പറയുന്നു.