എന്തുകൊണ്ടാണ് സ്വര്‍ണവില ഇപ്പോള്‍ കുറയുന്നത്; പ്രധാന കാരണം ഇതാണ്
ബ്ലൂംബെര്‍ഗിന്റെ കണക്കനുസരിച്ച് ഒക്ടോബര്‍ 24 വെള്ളിയാഴ്ച സ്വര്‍ണ്ണം ഔണ്‍സിന് ഏകദേശം 4,112 ഡോളറായി കുറഞ്ഞു.
തുടര്‍ച്ചയായ ഒമ്പത് ആഴ്ചകളിലെ വില വര്‍ധനവിന് ശേഷം സ്വര്‍ണ്ണത്തിന് വില കുറയുകയാണ്. ബ്ലൂംബെര്‍ഗിന്റെ കണക്കനുസരിച്ച് ഒക്ടോബര്‍ 24 വെള്ളിയാഴ്ച സ്വര്‍ണ്ണം ഔണ്‍സിന് ഏകദേശം 4,112 ഡോളറായി കുറഞ്ഞു. അതായത് ആഴ്ചയില്‍ സ്വര്‍ണത്തിന്റെ മൂല്യത്തില്‍ ഏകദേശം 3 ശതമാനം ഇടിവുണ്ടാകാന്‍ സാധ്യതയുണ്ട്. മെയ് മാസത്തിനു ശേഷമുള്ള ഏറ്റവും വലിയ സ്വര്‍ണ്ണ വില ഇടിവായിരിക്കും ഇതെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു.
സ്വര്‍ണ്ണ വിലയെ സ്വാധീനിക്കുന്ന ഘടകങ്ങളില്‍ അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര സംഘര്‍ഷത്തില്‍ ഒരു വഴിത്തിരിവ് ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ഈ വ്യാപാര യുദ്ധം മൂലമുണ്ടായ ചാഞ്ചാട്ടം സുരക്ഷിത ആസ്തിയായി സ്വര്‍ണത്തെ കണക്കാക്കാന്‍ കാരണമായി. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ചൈനീസ് പ്രധാനമന്ത്രി ഷി ജിന്‍പിങ്ങും തമ്മിലുള്ള കൂടിക്കാഴ്ചയും ഒരു വ്യാപാര കരാര്‍ പ്രതീക്ഷിക്കുന്നതും മൂലം സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് കുറയുകയും വിലകള്‍ കുറയുകയും ചെയ്തു.
ഓഗസ്റ്റിലാണ് സ്വര്‍ണ്ണ വിലയിലെ വര്‍ധനവ് ആരംഭിച്ചത്. ഈ മാസം ഒരു ഘട്ടത്തില്‍, വിലകള്‍ ഔണ്‍സിന് 4,381.52 ഡോളറെന്ന എക്കാലത്തെയും ഉയര്‍ന്ന നിരക്കിലെത്തിയിരുന്നു. എന്നാല്‍ ഒക്ടോബര്‍ 21 ന് കുത്തനെ ഇടിവ് അനുഭവപ്പെട്ടു. സ്വര്‍ണ്ണ പിന്തുണയുള്ള എക്‌സ്‌ചേഞ്ച്-ട്രേഡഡ് ഫണ്ടുകളില്‍ നിന്നുള്ള വലിയ തോതിലുള്ള ഒഴുക്കാണ് കുത്തനെ ഇടിയാന്‍ കാരണമെന്ന് ഡാറ്റ സൂചിപ്പിക്കുന്നു.
സ്വര്‍ണ്ണ വിലയില്‍ കുത്തനെ ഇടിവുണ്ടാകാനുള്ള കാരണങ്ങള്‍
ചൈനയും യുഎസും തമ്മിലുള്ള വ്യാപാര യുദ്ധത്തിന് പരിഹാരമാകുമെന്ന് പ്രതീക്ഷിക്കുന്നതിനു പുറമേ, ഫെഡറല്‍ റിസര്‍വില്‍ നിന്ന് നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷയും നിക്ഷേപകര്‍ക്കുണ്ട്. റോയിട്ടേഴ്സിന്റെ റിപ്പോര്‍ട്ട് പ്രകാരം ഇത് ഒരു കാരണമായി. സെപ്റ്റംബറില്‍ ഉപഭോക്തൃ വില സൂചിക 3.1 ശതമാനമായിരുന്നെങ്കില്‍, പലിശ നിരക്കില്‍ 25 ബേസിസ് പോയിന്റ് കുറവ് വരുത്തുന്നത് വളരെ പ്രതീക്ഷ നല്‍കുന്നതാണ്.