തിരുപ്പതി ക്ഷേത്രത്തിലെ പ്രധാന നിവേദ്യവും പ്രസാദവുമായ ലഡുവിൽ ഇനി മുതൽ കൊല്ലത്ത് നിന്നുള്ള കശുവണ്ടിപ്പരിപ്പും ഉപയോഗിക്കും. സംസ്ഥാന കശുവണ്ടി വികസന കോർപറേഷൻ, കാപ്പെക്സ് എന്നിവയിൽ നിന്നും കശുവണ്ടി വാങ്ങിക്കുന്ന കാര്യത്തിൽ കേരളം-ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങൾ തമ്മിൽ കരാറായി.
നിലവിൽ തിരുമല തിരുപ്പതി ദേവസ്ഥാനം പരിപ്പ് സ്വകാര്യ കരാറുകാരിൽ നിന്നാണ് വാങ്ങുന്നത്. ദിവസേന 4 ലക്ഷത്തിലധികം ലഡുവാണ് തിരുപ്പതിയിൽ വിതരം ചെയ്യുന്നത്. കണക്കനുസരിച്ച് പ്രതിമാസം 90 ടണ്ണിലേറെ കശുവണ്ടി പരിപ്പ് ഇതിനായി ഉപയോഗിക്കേണ്ടതായി വരും.
കോർപറേഷനിൽ നിന്നും കാപ്പെക്സിൽ നിന്നും തിരുപ്പതി ക്ഷേത്രത്തിലേക്കു പരിപ്പ് വാങ്ങുന്നതോടെ രണ്ട് സംസ്ഥാനങ്ങളുടെയും വരുമാനത്തിൽ വ്യക്തമായ മാറ്റം ഉണ്ടാകുമെന്ന് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. കാഷ്യൂ ബോർഡ് മുൻകൈ എടുത്ത ഈ നടപടിയിൽ ഏകദേശം 70 കോടി രൂപയുടെ ബിസിനസാകും രണ്ട് സംസ്ഥാനങ്ങൾക്കും ലഭിക്കുക.