Webdunia - Bharat's app for daily news and videos

Install App

എല്ലാവരുടെയും നെടുമുടി വേണു, മോഹന്‍ലാലിന്‍റെ ശശിയേട്ടന്‍ !

Webdunia
തിങ്കള്‍, 13 ഓഗസ്റ്റ് 2018 (14:53 IST)
മലയാള സിനിമയില്‍ കടുന്തുടിയുടെ ചടുലതാളവും നാടന്‍പാട്ടിന്റെ ഈണവും നിറച്ച അഭിനയപ്രതിഭയാണ്‌ നെടുമുടിവേണു. 30 വര്‍ഷത്തിലേറെയായി ഭാവവൈവിധ്യങ്ങളുടെ നിറച്ചാര്‍ത്തുമായി മലയാളിയുടെ മനസില്‍ വേണു ഉണ്ട്‌. എല്ലാ ഓണക്കാലത്തും ഒപ്പം വേണമെന്ന്‌ മലയാളി ആഗ്രഹിക്കുന്ന നടന്‍. സിനിമാ ജാഡയുടെ കെട്ടുകാഴ്ചകളോടൊപ്പം പ്രേക്ഷകന്‍ വേണുവിനെ അകറ്റി നിര്‍ത്തുന്നില്ല. ഒരു കളിക്കൂട്ടുകാരനെയെന്നപോലെ, ഏറ്റവും വേണ്ടപ്പെട്ട ഒരാളെപ്പോലെ ഹൃദയത്തോടു ചേര്‍ത്തു നിര്‍ത്തുന്നു. 
 
ആര്‍ത്തലച്ചു പെയ്യുന്ന മഴപോലെ വേണുവിന്റെ ഉള്ളില്‍ ഓണത്തെപ്പറ്റിയുള്ള ഓര്‍മ്മകള്‍ വന്നു നിറയുന്നു. പ്രിയകൂട്ടുകാരനും സംവിധായകനുമായ ഭരതനോടൊപ്പം ആഘോഷിച്ച ഒരോണക്കാലത്തെപ്പറ്റി വേണു മലയാളം വെബ്‌ദുനിയയോട് പറഞ്ഞു:
 
ഭരതനോടൊപ്പം ആഘോഷിച്ച ഒരോണക്കാലത്തിന്റെ ഓര്‍മ്മ എന്റെ മനസില്‍ നിന്ന്‌ ഇനിയും മാഞ്ഞിട്ടില്ല. മിന്നാമിനിങ്ങിന്റെ നുറുങ്ങുവെട്ടം എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ്‌ കഴിഞ്ഞ സമയം. പടത്തിന്റെ പ്രിവ്യു കണ്ടപ്പോള്‍, നമ്മള്‍ വിചാരിച്ചതിനെക്കാള്‍ നന്നായിരിക്കുന്നുവെന്ന്‌ ഓരോരുത്തര്‍ക്കും തോന്നി. അടുത്തദിവസം ഓണമാണ്‌. 
 
ഇത്തവണത്തെ ഓണം വടക്കാഞ്ചേരിയിലായാലോ എന്ന്‌ ഭരതന്‍ എന്നോടു ചോദിച്ചു. വടക്കാഞ്ചേരി ഭരതന്റെ നാടാണ്‌. ഞാന്‍ സമ്മതിച്ചു. ഞാനും എന്റെ കുടുംബവും, പിന്നെ ജോണ്‍പോളിന്റെ മകളും, ഭരതന്റെ കുടുംബവും ഒരുമിച്ച്‌ വടക്കാഞ്ചേരിയില്‍ അത്തവണത്തെ ഓണം ആഘോഷിച്ചു. 
 
ഭരതന്റെ മക്കള്‍ - സിദ്ധാര്‍ത്ഥനും ശ്രീക്കുട്ടിയും, എന്റെ മക്കള്‍, ജോണ്‍പോളിന്റെ മകള്‍ ‍- അവരെല്ലാം ഒരു സംഘമായി ഓടിക്കളിച്ചു. ഞങ്ങള്‍ മുതിര്‍ന്നവര്‍ ഞങ്ങളുടെ ചില കലാപരിപാടികള്‍, പാട്ടും താളവുമൊക്കെയായി കൂടി. കുളവും വള്ളിക്കുടിലും വിശ്രമസങ്കേതവും ഒക്കെയുള്ള മനോഹരമായ ഒരു സ്ഥലത്താണ്‌ ഭരതന്റെ വാസം. ഞാന്‍ അന്ന്‌ അവിടത്തെ കുളത്തില്‍ മുങ്ങിക്കുളിച്ചു. ഒരുപാടു സിനിമാക്കാര്‍ മുങ്ങിക്കുളിച്ച കുളമാണിതെന്ന്‌ ഭരതന്‍ അപ്പോള്‍ പറഞ്ഞു. 
 
പത്മരാജന്‍, അരവിന്ദന്‍ എന്നിവരെപ്പറ്റി ഓണക്കാലവുമായി ബന്ധപ്പെട്ട്‌ അധികം ഓര്‍മ്മകളൊന്നും എനിക്കില്ല. ഞാനൊരു നടനാണെന്ന്‌ ഭരതന്‌ പരിചയപ്പെടുത്തിക്കൊടുത്തത്‌ പത്മരാജനാണ്‌. സിനിമയെന്ന മാധ്യമത്തിന്റെ ശക്തിയും സൗന്ദര്യവും വഴങ്ങിവരുന്നതേ ഉണ്ടായിരുന്നുള്ളു പപ്പന്‌. അപ്പോഴേയ്ക്കും പോയില്ലേ. 
 
ഒരു കാര്യം അറിയുമോ? എനിക്ക്‌ ശശി, വേണുഗോപാല്‍ എന്നൊക്കെ പേരുകളുണ്ട്‌. തിരുവരങ്ങ്‌ നാടകസംഘത്തില്‍വച്ച്‌ കാവാലം നാരായണപ്പണിക്കരാണ്‌ എനിക്ക്‌ നെടുമുടി വേണു എന്ന പേര്‌ സമ്മാനിച്ചത്‌. സിനിമയില്‍ വന്ന്‌ പ്രശസ്തിയൊക്കെ കിട്ടിയ ശേഷം നെടുമുടിയില്‍ നടന്ന ഒരു ചടങ്ങില്‍ ഞാന്‍ നാട്ടുകാരോട്‌ പറഞ്ഞു - ഞാനൊരു കലാകാരനായതുകൊണ്ടാണ്‌ നെടുമുടിക്കാരാണെന്ന്‌ നിങ്ങള്‍ അഭിമാനത്തോട്‌ പറയുന്നത്‌. ഞാന്‍ കുപ്രസിദ്ധനായ ഒരു മനുഷ്യനായിരുന്നെങ്കില്‍ നിങ്ങള്‍ നെടുമുടിയെന്ന പേര്‌ പറയാന്‍ മടിച്ചേനെ. അപ്പോള്‍ നാടിന്‌ ചെറിയ രീതിയിലായാലും നല്ല യശസ്സ് നേടിക്കൊടുക്കാന്‍ കഴിഞ്ഞതിലാണ്‌ എനിക്ക്‌ ചാരിതാര്‍ത്ഥ്യം.
 
ഇപ്പോഴും ഏറെ അടുപ്പമുള്ളവര്‍ എന്നെ ശശിയേട്ടാ എന്ന്‌ വിളിക്കാറുണ്ട്‌. അതുകേള്‍ക്കുമ്പോള്‍ ഞാന്‍ ആ പഴയ ഓര്‍മ്മകളിലേയ്ക്ക്‌ യാത്ര ചെയ്യും. അതൊരു വലിയ അനുഭവതലമാണ്‌. ഞാന്‍ വല്ലാതെ ദേഷ്യപ്പെടുന്ന അവസരങ്ങളില്‍ മോഹന്‍ലാലൊക്കെ എന്നെ ‘ശശിയേട്ടാ’ എന്നു വിളിക്കും. എന്റെ ദേഷ്യമൊക്ക അപ്പൊഴേ പൊയ്പ്പോകും - വേണു പറഞ്ഞു നിര്‍ത്തി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുഷ് ബാക്ക് സീറ്റുകള്‍, ഫ്രീ വൈഫൈ, മ്യൂസിക് സിസ്റ്റം; കെ.എസ്.ആര്‍.ടി.സിയുടെ സൂപ്പര്‍ഫാസ്റ്റ് പ്രീമിയം എസി ബസുകള്‍ സര്‍വീസ് ആരംഭിച്ചു

അയാള്‍ക്കു വേറൊരു കുടുംബമുണ്ടെന്ന് ഞാന്‍ അറിഞ്ഞത് വിവാഹ ശേഷമാണ്; രവിചന്ദ്രനുമായുള്ള ബന്ധത്തെ കുറിച്ച് ഷീലയുടെ വാക്കുകള്‍

നീൽ ഡികോസ്റ്റ മുതൽ ജോഷ്വ വരെ: പൃഥ്വിരാജിൻ്റെ 5 അണ്ടർറേറ്റഡ് സിനിമകൾ

കമന്റേറ്റര്‍മാരുടെ നെഗറ്റീവ് കമന്റുകള്‍ കേള്‍ക്കുമ്പോള്‍ സങ്കടം തോന്നാറുണ്ടെന്ന് സഞ്ജു സാംസണ്‍

ദഹനപ്രശ്‌നങ്ങള്‍ക്ക് മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം

എല്ലാം കാണുക

ഏറ്റവും പുതിയത്

ലൗലോലിക്ക നിങ്ങൾ വിചാരിക്കുന്നത് പോലെയല്ല!

നേരത്തേ വയസാകുന്നതിന് കാരണം ഈ ശീലങ്ങളായിരിക്കും!

കുളി കഴിഞ്ഞ് ആദ്യം തുടയ്‌ക്കേണ്ടത് പുറം? ഇല്ലെങ്കിൽ പുറംവേദന വരും?!

സോപ്പ് കൊണ്ട് മുഖം കഴുകുന്നത് നിര്‍ത്തുക !

സൈനസിറ്റിസ് അസ്വസ്ഥതകള്‍; ചികിത്സ വേണ്ട അസുഖം

അടുത്ത ലേഖനം
Show comments