കാന്‍പൂര്‍ ടെസ്റ്റില്‍ ഓണ്‍-ഫീല്‍ഡ് അംപയര്‍ നിതിന്‍ മേനോനുമായി ഇന്ത്യയുടെ രവിചന്ദ്രന്‍ അശ്വിന്‍ നടത്തിയ സംസാരം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ന്യൂസിലന്‍ഡ് ബാറ്റ് ചെയ്യുന്നതിനിടെയാണ് സംഭവം. 73-ാം ഓവര്‍ എറിയാനെത്തിയത് അശ്വിന്‍ ആണ്. ഇതിനിടെ അശ്വിന്റെ റണ്‍-അപ്പ് അംപയര്‍ നിതിന്‍ മേനോന് കാഴ്ച തടസമുണ്ടാക്കി. തനിക്ക് കൃത്യമായി കാര്യങ്ങള്‍ കാണുന്നില്ലെന്ന് നിതിന്‍ മേനോന്‍ പറഞ്ഞു. ഇരുവരും തമ്മില്‍ നടന്ന രസകരമായ സംസാരം സ്റ്റംപ് മൈക്കിലൂടെ കേള്‍ക്കാമായിരുന്നു.
'നിങ്ങള്‍ എന്റെ കാഴ്ചയ്ക്ക് തടസമുണ്ടാക്കുന്നു,' നിതിന്‍ മേനോന്‍ അശ്വിനോട് പറഞ്ഞു.
ഉടനെ ഇന്ത്യന്‍ നായകന്‍ അജിങ്ക്യ രഹാനെ ഇടപെട്ടു.
'അശ്വിന്‍ റണ്‍-അപ്പ് എടുക്കുന്നത് തെറ്റായ രീതിയില്‍ അല്ലല്ലോ? അദ്ദേഹം ഓഫ് ദ പിച്ച് അല്ല,' രഹാനെ പറഞ്ഞു.
'എനിക്ക് എല്‍ബിഡബ്‌ള്യു അപ്പീലുകള്‍ കൃത്യമായി കാണാന്‍ കഴിയുന്നില്ല,' നിതിന്‍ മേനോന്‍ പറഞ്ഞു.
'എന്തായാലും നിങ്ങള്‍ ഒന്നും ചെയ്യാന്‍ പോകുന്നില്ല,' അശ്വിന്‍ തമാശരൂപേണ പറഞ്ഞു.
'നിങ്ങള്‍ക്ക് കൃത്യമായി വിധിക്കാന്‍ കഴിയുന്നില്ലെങ്കില്‍ ഞാന്‍ ഡിആര്‍എസ് സംവിധാനം ഉപയോഗപ്പെടുത്താം. അതില്‍ കുഴപ്പമില്ല. കാരണം, ഈ ദിശയില്‍ നിന്ന് എറിയുമ്പോള്‍ എനിക്ക് കുറേ കൂടി നന്നായി ബൗള്‍ ചെയ്യാന്‍ സാധിക്കുന്നുണ്ട്. കാണാന്‍ സാധിക്കുന്നില്ലെങ്കില്‍ അത് ചിലപ്പോള്‍ നിങ്ങളുടെ പ്രശ്‌നമാകും. എന്റെ കുറ്റമല്ല,' അശ്വിന്‍ കൂട്ടിച്ചേര്‍ത്തു.