Select Your Language

Notifications

webdunia
webdunia
webdunia
webdunia

വര്‍ക്കഹോളിക് ആകൂ, എവിടെയും ഒന്നാമതെത്താം !

വര്‍ക്കഹോളിക് ആകൂ, എവിടെയും ഒന്നാമതെത്താം !
, വ്യാഴം, 25 ജൂലൈ 2019 (20:41 IST)
ഭാര്യയോടല്ല, കുടുംബത്തോടല്ല, സുഹൃത്തുക്കളോടല്ല - സ്നേഹം ജോലിയോടുമാത്രം. 24 മണിക്കൂറില്‍ 20 മണിക്കൂറും ജോലി ചെയ്യുന്നവര്‍. സിനിമകള്‍ കാണാറില്ല, ഔട്ടിംഗില്ല, കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാറില്ല, ഭാര്യയോട് സ്നേഹത്തോടൊന്ന് മിണ്ടാന്‍ പോലും സമയമില്ല. ബാത്‌റൂമില്‍ പോകുമ്പോള്‍ പോലും ലാപ്‌ടോപ്പുമായാണ് ഭര്‍ത്താവ് പോകുന്നതെന്ന് ഭാര്യ പരാതി പറയുന്നു. ‘വര്‍ക്കഹോളിക്’ എന്ന മനോഹരമായ വിശേഷണത്തില്‍ അറിയപ്പെടുന്ന ഇത്തരക്കാര്‍ പ്രോത്സാഹനത്തേക്കാള്‍ കൂടുതല്‍ കുറ്റപ്പെടുത്തല്‍ ഏറ്റുവാങ്ങുന്നവരാണ്.
 
കുടുംബത്തിനും ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊക്കെ ബുദ്ധിമുട്ടാണെങ്കിലും വര്‍ക്കഹോളിക് ആയവര്‍ യഥാര്‍ത്ഥത്തില്‍ ജീവിതത്തില്‍ അവരുടേതായ മേഖലയില്‍ വലിയ വിജയം കൈവരിക്കുന്നവരാണെന്നതാണ് സത്യം. മറ്റുള്ളവര്‍ വൈകുന്നേരങ്ങളില്‍ പാര്‍ട്ടികളില്‍ പങ്കെടുക്കുമ്പോഴും ആഘോഷിക്കുമ്പോഴും അവര്‍ ജോലി ചെയ്യുന്നു. മറ്റുള്ളവര്‍ ഉറങ്ങുമ്പോള്‍ അവര്‍ ജോലി ചെയ്യുന്നു. മറ്റുള്ളവര്‍ ഗോസിപ് പ്രചരിപ്പിക്കാനായി സമയം കണ്ടെത്തുമ്പോള്‍ അവര്‍ ജോലി ചെയ്യുന്നു. ഇത് ഒരു തെറ്റായി കാണാതെ പോസിറ്റീവായി കണ്ടാല്‍, ഏറെ മികച്ച ഒരു ഗുണമാണ് ജോലിയോടുള്ള ആത്മാര്‍ത്ഥത എന്ന് ബോധ്യപ്പെടും.
 
മനുഷ്യസമൂഹത്തെ ആഴത്തില്‍ സ്വാധീനിച്ച ഒട്ടേറെ കണ്ടുപിടുത്തങ്ങളുടെ ആചാര്യനായ തോമസ് എഡിസണ്‍ വര്‍ക്കഹോളിക്കായ ഒരാളായിരുന്നു. മരിക്കുമ്പോള്‍ 1093 യു‌എസ് പേറ്റന്‍റുകള്‍ അദ്ദേഹത്തിന്‍റെ പേരിലുണ്ടായിരുന്നു. ലോകമെമ്പാടുമുള്ള മറ്റ് രാജ്യങ്ങളില്‍ എഡിസന്‍റെ പേരില്‍ എത്ര പേറ്റന്‍റുകള്‍ ഉണ്ട് എന്നതും പരിശോധിക്കേണ്ടതാണ്. അനവധി മണിക്കൂറുകള്‍ തുടര്‍ച്ചയായി ജോലി ചെയ്യാന്‍ എഡിസന് ഒരു മടിയുമില്ലായിരുന്നു. ജോലിയായിരുന്നു എന്നും അദ്ദേഹത്തിന്‍റെ ലഹരിയും ആവേശവും. സ്മാര്‍ട്ട് വര്‍ക്ക് മാത്രമല്ല, ഹാര്‍ഡ് വര്‍ക്ക് കൂടിയാണ് വലിയ വിജയങ്ങള്‍ കൊണ്ടുവരുന്നതെന്ന് അദ്ദേഹം വിശ്വസിച്ചു.
 
ഓപ്ര വിന്‍‌ഫ്രിയാണ് കഠിനാദ്ധ്വാനത്തിന്‍റെ കാര്യത്തില്‍ എഡിസനെയും വെല്ലുന്ന മറ്റൊരു വ്യക്തി. ഒട്ടേറെ എമ്മി അവാര്‍ഡുകള്‍ നേടിയിട്ടുള്ള, മികച്ച ഗ്രന്ഥകാരിയായ, മാധ്യമരംഗത്തെ അതികായയായ ഓപ്ര ജോലിയെ ജോലിയായി കാണാതെ എന്‍റര്‍ടെയ്ന്‍‌മെന്‍റായി കാണുന്നയാളാണ്.
 
ജോലിയെ നിങ്ങള്‍ സ്നേഹിച്ചാല്‍ ബാക്കിയെല്ലാം പിന്നാലെയെത്തുമെന്നാണ് ഓപ്രയ്ക്ക് പറയാനുള്ളത്. മാഗസിനുകള്‍ക്ക് വേണ്ടിയായാലും ടി വി ഷോകള്‍ക്ക് വേണ്ടിയായാലും മണിക്കൂറുകള്‍ വിശ്രമമില്ലാതെ ജോലിയെടുക്കാന്‍ ഓപ്ര തയ്യാറാകുന്നു. സ്വാഭാവികമായും വിജയം അവരെ അനുഗ്രഹിക്കുകയും ചെയ്യുന്നു.
 
ജോലി ചെയ്യുക എന്നതുതന്നെ ജീവിതവ്രതമാക്കിയ ബില്‍ ഗേറ്റ്‌സാണ് വര്‍ക്കഹോളിക്കായ മറ്റൊരാള്‍. വീടുകളില്‍ കളിപ്പാട്ടം പോലെ കം‌പ്യൂട്ടറുകളെ സര്‍വസാധാരണമാക്കുന്നതില്‍ ബില്‍ ഗേറ്റ്‌സ് വഹിച്ച പങ്ക് ചെറുതല്ല. ആശയങ്ങളെ പ്രാവര്‍ത്തികമാക്കുന്നതില്‍ ബില്‍ ഗേറ്റ്സിന് അസാധാരണ വൈഭവമുണ്ട്. പ്രതിഭാധനരായ ടീം അംഗങ്ങളുടെ സഹായത്തോടെ അദ്ദേഹം അത് സാധ്യമാക്കിപ്പോരുന്നു. മൈക്രോസോഫ്റ്റിന്‍റെ വിജയത്തിന് കാരണം സഹപ്രവര്‍ത്തകരുടെയും ജീവനക്കാരുടെയും കഠിനദ്ധ്വാനം തന്നെയാണെന്ന് ബില്‍ ഗേറ്റ്സ് പറയുന്നു.
 
വര്‍ക്കഹോളിക്കായവര്‍ തങ്ങളുടെ കര്‍മ്മപഥങ്ങളില്‍ വിജയം കണ്ടെത്തുമെന്നത് സുനിശ്ചിതം. അതോടൊപ്പം കുടുംബബന്ധവും സൌഹൃദങ്ങളുമെല്ലാം ഒരുമിപ്പിച്ചുകൊണ്ടുപോകാനായാലോ? അവരായിരിക്കും ലോകത്തിന്‍റെ നെറുകയിലെത്തുന്ന വിജയികള്‍. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മധുരമൂറുന്ന ചെറുപയർ പായസം ഉണ്ടാക്കുന്നതെങ്ങനെ?