ഫിഡെ ലോക ചെസ് ചാമ്പ്യന്‍ഷിപ്പില്‍ ലോക ചാമ്പ്യന്‍ ചൈനയുടെ ഡിങ് ലിറനും ഇന്ത്യയുടെ ഡി ഗുകേഷും തമ്മിലുള്ള എട്ടാം പോരാട്ടവും സമനിലയില്‍ പിരിഞ്ഞു. കറുത്ത കരുക്കളുമായാണ് ഗുകേഷ് പോരാടിയത്. 51 നീക്കങ്ങള്‍ക്കൊടുവിലാണ് സമനില.
എട്ട് റൗണ്ട് പോരാട്ടം അവസാനിച്ചപ്പോള്‍ ഇരുതാരങ്ങള്‍ക്കും 4 പോയന്റ് വീതമാണുള്ളത്. ഇനി 6 ക്ലാസിക് പോരാട്ടങ്ങളാണ് ബാക്കിയുള്ളത്. ടൂര്‍ണമെന്റിലെ ആകെയുള്ള 14 മത്സരങ്ങളില്‍ ആദ്യം 7.5 പോയന്റ് നേടുന്ന ആളാകും പുതിയ ലോക ചാമ്പ്യനാവുക. ഓരോ റൗണ്ട് വിജയങ്ങള്‍ വീതം സ്വന്തമാക്കിയിട്ടുള്ള ഡിങ് ലിറനും ഡി ഗുകേഷിനും ഇതിനായി ഇനി 3.5 പോയന്റുകളാണ് ആവശ്യമായുള്ളത്.