ടോക്യോ ഒളിമ്പിക്‌സിലെ സ്വർണനേട്ടത്തിന് പിന്നാലെ പരസ്യചിത്രങ്ങളിലെ വരുമാനതുക വർധിപ്പിച്ച് ഇന്ത്യയുടെ ഗോൾഡൻ ബോയ് നീരജ് ചോപ്ര. ഏകദേശം 1000 ശതമാനത്തിന്റെ വർധനവാണ് നീരജ് തന്റെ പ്രതിഫലതുകയിൽ വരുത്തിയത്. ഒളിമ്പിക്‌സിന് മുൻപ് 15-20 ലക്ഷം വാങ്ങിയിരുന്ന നീരജ് ഇപ്പോൾ പ്രതിഫലമായി വാങ്ങുന്നത് ഒരു കോടിക്കും അഞ്ച് കോടിക്കും ഇടയ്ക്കുള്ള തുകയാണ്.
നിലവിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കോലി മാത്രമാണ് ഇത്രയും പ്രതിഫലം വാങ്ങുന്നത്. കോലിക്ക് തൊട്ട് പിന്നിലാണ് നീരജ് ചോപ്രയിപ്പോൾ. 50 ലക്ഷത്തിനും ഒരു കോടിയ്ക്കും ഇടയിൽ പ്രതിഫലം വാങ്ങുന്ന രോഹിത് ശർമ,കെഎൽ രാഹുൽ എന്നിവരെയാണ് ചോപ്ര മറികടന്നത്.
അതേസമയം മദ്യം,പുകയില ഉത്‌പന്നങ്ങൾ എന്നിവയുടെ പരസ്യത്തിൽ നീരജ് ചോപ്ര അഭിനയിക്കില്ല എന്നാണ് റിപ്പോർട്ട്. ജെഎസ്‌ഡബ്യു സ്പോർട്‌സാണ് നീരജിന്റെ എൻഡോഴ്‌സ്‌മെന്റ് ഡീലുകൾ കൈകാര്യം ചെയ്യുന്നത്. അടുത്ത പാരീസ് ഒളിമ്പിക്‌സ് വരെയുള്ള ഡീലുകളാണ് നീരജിന് മുൻപിലുള്ളത്.