പാരീസ് ഒളിമ്പിക്‌സില്‍ ശക്തമായി തിരിച്ചുവരവ് നടത്തി അമേരിക്കയുടെ ഇതിഹാസ ജിമ്‌നാസ്റ്റിക്‌സ് താരം സിമോണ്‍ ബെയ്ല്‍സ്. വനിതകളുടെ ആര്‍ട്ടിസ്റ്റിക്‌സ് ജിമ്‌നാസ്റ്റിക്‌സ് ഓള്‍ റൗണ്ട് വിഭാഗത്തിലാണ് താരത്തിന്റെ സ്വര്‍ണനേട്ടം. ബ്രസീല്‍ താരം റെബേക്ക അന്‍ഡ്രെയ്ഡിനെ പിന്തള്ളിയാണ് ബൈല്‍സിന്റെ നേട്ടം. 8 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് 27കാരിയായ ബൈല്‍സ് വീണ്ടും ഒളിമ്പിക്‌സില്‍ മത്സരരംഗത്ത് തിരിച്ചെത്തിയത്.
പാരീസ് ഒളിമ്പിക്‌സില്‍ താരത്തിന്റെ രണ്ടാമത്തെ ജിമ്‌നാസ്റ്റിക് സ്വര്‍ണമാണിറ്റ് നേരത്തെ ഇതേ ഇനത്തില്‍ ടീം പോരാട്ടത്തിലും സിമോണ്‍ ബൈല്‍സ് സ്വര്‍ണം സ്വന്തമാക്കിയിരുന്നു. ഇതോടെ ആകെ ഒളിമ്പിക്‌സ് മെഡലുകളുടെ എണ്ണം 9 ആക്കാന്‍ താരത്തിനായി. 6 സ്വര്‍ണം ഒരു വെള്ളി, രണ്ട് വെങ്കലമെഡലുകളാണ് ഒളിമ്പിക്‌സില്‍ താരത്തിനുള്ളത്. 8 വര്‍ഷം മുന്‍പ് റിയോ ഒളിമ്പിക്‌സിലാണ് താരം ആദ്യമായി സ്വര്‍ണം നേടിയത്. കഴിഞ്ഞ തവണ മാനസിക സമ്മര്‍ദ്ദം തന്നെ തളര്‍ത്തുന്നതായി പറഞ്ഞ ബൈല്‍സ് ടോക്യോ ഒളിമ്പിക്‌സില്‍ നിന്നും പിന്മാറിയത് കായികലോകത്തെ ഞെട്ടിച്ചിരുന്നു. നീണ്ട 8 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒളിമ്പിക്‌സില്‍ താരത്തിന്റെ തിരിച്ചുവരവ്.
ജിമ്‌നാസ്റ്റിക്‌സില്‍ ഏറ്റവും കൂടുതല്‍ മെഡലുകള്‍ എന്ന നേട്ടം നിലവില്‍ ബൈല്‍സിന്റെ പേരിലാണ്. ഒളിമ്പിക്‌സ്, ലോക ചാമ്പ്യന്‍ഷിപ്പ് പോരാട്ടങ്ങളിലായി 23 സ്വര്‍ണം ഉള്‍പ്പടെ 39 മെഡലുകള്‍ താരത്തിന്റെ പേരിലുണ്ട്.