പാരീസില്‍ നിന്നും തിരിച്ചെത്തുന്ന ഗുസ്തി താരം വിനേഷ് ഫോഗോട്ടിന് ഒളിമ്പിക്‌സ് ജേതാവിന് നല്‍കുന്ന സ്വീകരണം ഒരുക്കുമെന്ന് ഹരിയാന മുഖ്യമന്ത്രി നായബ് സിങ് സൈനി. ഒളിമ്പിക്‌സില്‍ വെള്ളിമെഡല്‍ ജേതാവിന് നല്‍കുന്ന എല്ലാ പരിഗണനയും ബഹുമതിയും നല്‍കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഭാരപരിശോധനയില്‍ 100 ഗ്രാം തൂക്കം അധികമായതിനെ തുടര്‍ന്ന് വിനേഷിനെ ഒളിമ്പിക്‌സ് അസോസിയേഷന്‍ അയോഗ്യയാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഹരിയാന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.
വിനേഷ് ഫോഗാട്ട് തങ്ങള്‍ക്ക് ഒരു ചാമ്പ്യന്‍ തന്നെയാണെന്നും ഇന്ത്യ മുഴുവനും വിനേഷിന്റെ പ്രകടനത്തില്‍ അഭിമാനിക്കുന്നതായും സൈനി പ്രസ്താവനയില്‍ പറഞ്ഞു. അയോഗ്യയാക്കപ്പെട്ടതിന് പിന്നാലെ ഹരിയാന ഉള്‍പ്പടെ രാജ്യം മുഴുവനും നിങ്ങളോടൊപ്പം നില്‍ക്കുന്നതായി മുഖ്യമന്ത്രി അഭിപ്രായപ്പെട്ടിരുന്നു. അതേസമയം പാരീസ് ഒളിമ്പിക്‌സില്‍ അയോഗ്യയാക്കപ്പെട്ടതോറ്റെ വിനേഷ് ഫോഗാട്ട് ഗുസ്തിയില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചു. സ്വപ്നങ്ങള്‍ അവസാനിച്ചെന്നും ഇനി മത്സരിക്കാനുള്ള കരുത്തില്ലെന്നും ഫോഗാട്ട് എക്‌സില്‍ കുറിച്ചു.