സെപ്‌റ്റംബറിൽ അവസാന പാദത്തിൽ മികച്ച പ്രവർത്തന ഫലം പുറത്തുവിട്ടതിനെ തുടർന്ന് വ്യാഴാഴ്‌ച ഇൻഫോസിസിന്റെ ഓഹരി വില കുതിച്ചു. ഇതോടെ വിപണിമൂല്യം അഞ്ചുലക്ഷമെന്ന നാഴികകല്ലും കമ്പനി മറികടന്നു.
രാജ്യത്തെ തന്നെ രണ്ടാമത്തെ വലിയ ഐടി കമ്പനിയായ ഇൻഫോസിസ് 20.5 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്. ഇതോടെ ഓഹരി വില 4.31ശതമാനം ഉയര്‍ന്ന് 1,185 രൂപ നിലവാരത്തിലെത്തി. കഴിഞ്ഞദിവസം 1,136 രൂപയിലാണ് ബിഎസ്ഇയില്‍ ക്ലോസ് ചെയ്തത്. ടിസിഎസ് കഴിഞ്ഞാൽ അഞ്ചുലക്ഷം കോടി രൂപ വിപണിമൂല്യം കൈവരിക്കുന്ന രണ്ടാമത്തെ ഐടി കമ്പനിയാണ് ഇൻഫോസിസ്. ഈവര്‍ഷം തുടക്കംമുതലുള്ള കണക്കെടുത്താല്‍ ഓഹരിവിലയില്‍ 53.88ശതമാനമാണ് നേട്ടം. ഒരുമാസത്തിനിടെ ഇൻഫോസിസിന്റെ ഓഹരി വില 14.68ശതമാണ് ഉയർന്നത്.