‘തിരിച്ചുവന്ന നോട്ടുകളെല്ലാം മാറ്റിക്കൊടുത്തു എന്നാണോ ഈ മരയൂളകള്‍ വിചാരിക്കുന്നത്’ ?- കേന്ദ്രത്തെ ന്യായീകരിച്ച് കെ സുരേന്ദ്രൻ വീണ്ടും
അസാധ്യ തൊലിക്കട്ടി തന്നെ സുരേന്ദ്രാ...
നോട്ട് നിരോധന സമയത്ത് കേന്ദ്ര സർക്കാരിനെ ന്യായീകരിച്ച തന്റെ തന്നെ പ്രസ്താവനകളിൽ ഉറച്ച് ബിജെപി നേതാവ് കെ സുരേന്ദ്രൻ. കള്ളപ്പണവുമായി ബന്ധപ്പെട്ട ആർ ബി ഐയുടെ റിപ്പോർട്ടിൽ കേന്ദ്രസർക്കാരിനെ ന്യായീകരിച്ചാണ് സുരേന്ദ്രൻ വീണ്ടും രംഗത്തെത്തിയിരിക്കുന്നത്.
കള്ളപ്പണം തിരിച്ചുപിടിക്കാനെന്ന് പറഞ്ഞ് അസാധുവാക്കിയ നോട്ടുകളില്‍ 99.3 ശതമാനവും തിരിച്ചെത്തിയെന്നാണ് ആര്‍ബിഐയുടെ ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ആര്‍ബിഐ റിപ്പോര്‍ട്ട് ഇന്ന പുറത്തു വന്നതോടെ ബിജെപി സുരേന്ദ്രന്റെ പഴയ ചാനല്‍ ചര്‍ച്ച പൊടിതട്ടിയെടുത്തായിരുന്നു സോഷ്യല്‍ മീഡിയ പരിഹസിച്ചിരുന്നത്.
എന്നാല്‍, ഇതിന് മറുപടിയും കൂടിയാണ് സുരേന്ദ്രന്‍ തന്റെ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. നോട്ട് നിരോധനം പരാജയമാണെന്ന് പറയുന്ന ജിഹാദികളോടും സൈബര്‍ സഖാക്കളോടും തര്‍ക്കിച്ചിട്ടു കാര്യമില്ലെന്ന് തുടങ്ങുന്ന പോസ്റ്റില്‍ പ്രധാനമന്ത്രിയുടെ പദ്ധതി പാളിയില്ലെന്ന് സുരേന്ദ്രൻ ന്യായീകരിക്കുന്നു.
സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്:
2017 നവംബറില്‍ റിസര്‍വ്വ് ബാങ്ക് പുറത്തുവിട്ട തിരിച്ചുവന്ന നോട്ടുകളുടെ കണക്ക് ഇന്ന് വീണ്ടും ചില മലയാളം ചാനലുകള്‍ പുതിയ വാര്‍ത്തയായി പുറത്തുവിടുകയും അതിനെത്തുടര്‍ന്ന് ജിഹാദികളും സൈബര്‍ സഖാക്കളും നോട്ട് നിരോധനം പരാജയമാണെന്ന നിലയില്‍ വലിയതോതില്‍ പ്രചാരണം തുടങ്ങിയിട്ടുണ്ട്. അവരോട് തര്‍ക്കിച്ചിട്ട് കാര്യമില്ലെന്നറിയാം. തിരിച്ചുവന്ന നോട്ടുകളെല്ലാം മാറ്റിക്കൊടുത്തു എന്നാണോ ഈ മരയൂളകള്‍ വിചാരിക്കുന്നത്?
ബാങ്കില്‍ തിരിച്ചെത്തിയ നോട്ടുകളില്‍ കണക്കില്‍പ്പെടാത്ത ഒരു നോട്ടും മാറ്റിക്കൊടുത്തിട്ടില്ല. കണക്കില്‍പ്പെടാത്ത ഓരോ നോട്ടിനും മോദി സര്‍ക്കാര്‍ കണക്കു പറയിച്ചിട്ടുണ്ട്. പെനാള്‍ട്ടി അടപ്പിച്ചിട്ടുണ്ട്. ഇപ്പോഴും അതു സംബന്ധിച്ച വ്യവഹാരങ്ങള്‍ തുടരുന്നു. മൂന്നു ലക്ഷം കോടി രൂപ കള്ളപ്പണമാണെന്ന് സര്‍ക്കാര്‍ കണക്കുകൂട്ടിയിരുന്നു. അതു ശരിയായിരുന്നു എന്നാണ് പിന്നീട് വന്ന നികുതിദായകരുടെ കണക്കുകള്‍ വ്യക്തമാക്കുന്നത്.
മാത്രമല്ല കള്ളപ്പണം കടലിലൊഴുക്കുകയോ കത്തിച്ചുകളയുകയോ വേണ്ടെന്നും എല്ലാ പണവും ജനങ്ങള്‍ക്ക് ബാങ്കിലടക്കാനുള്ള അവസരവും സര്‍ക്കാര്‍ നല്‍കിയിരുന്നു. പ്രധാന്‍ മന്ത്രി ജന്‍ കല്യാണ്‍യോജന അതിനുള്ളതായിരുന്നു. കണക്കില്‍പ്പെടാത്ത പണത്തിന്റെ പകുതി നികുതിയായി അടക്കണം. ബാക്കി പകുതിയില്‍ അമ്പതു ശതമാനം ജന്‍കല്യാണ്‍ യോജനയില്‍ ഡെപ്പോസിറ്റ് ചെയ്യണം.
നാലു വര്‍ഷം കഴിയുമ്പോള്‍ പലിശയില്ലാതെ പണം തിരിച്ചു കിട്ടും. ഇതായിരുന്നു വ്യവസ്ഥ. 2016 നവംബര്‍ എട്ടിന് ഉറക്കം നഷ്ടപ്പെട്ട കുറേയാളുകള്‍ ഇന്ത്യയിലുണ്ട്. അവര്‍ക്ക് ഇന്നും ഉറക്കം തിരിച്ചുകിട്ടിയിട്ടില്ല. അവരില്‍ രാഷ്ട്രീയപാര്‍ട്ടി നേതാക്കളുണ്ട്. മതസാമുദായിക നേതാക്കളുണ്ട്. മതതീവ്രവാദികളുണ്ട്. മാധ്യമമുതലാളിമാരുമുണ്ട്. അതിന്റെ ഏനക്കേടാണ് ഈ കാണുന്നതെല്ലാം.