രാജ്യത്തെ വിപണിയില്‍ ആദ്യമായി ഒരു കമ്പനിയുടെ ഓഹരിവില ഒരു ലക്ഷം രൂപ കടന്നു. ടയര്‍ നിര്‍മാതാക്കളായ എംആര്‍എഫാണ് നാഴികകല്ല് പിന്നിട്ടത്. ചൊവ്വാഴ്ച വ്യാപാരത്തിനിടെയാണ് എംആര്‍എഫ് ഓഹരിവില 1.37 ശതമാനം ഉയര്‍ന്ന് 1,00,300 രൂപയിലെത്തി.
ഇതോടെ ഇന്ത്യയിലെ ഓഹരിയൊന്നിന് ഏറ്റവും മൂല്യമുള്ള കമ്പനിയായി എംആര്‍എഫ് മാറി. 41,152 നിലവാരത്തില്‍ വ്യാപാരം നടക്കുന്ന ഹണിവെല്‍ ഓട്ടോമേഷനാണ് പട്ടികയില്‍ രണ്ടാമത്. പേജ് ഇന്‍ഡസ്ട്രീസ്, ശ്രീ സിമെന്‍സ്. 3 എം ഇന്ത്യ,അബോട്ട് ഇന്ത്യ, നെസ്ലെ,ബോഷ് എന്നിവയാണ് ഉയര്‍ന്ന ഓഹരി വിലയുള്ള മറ്റ് കമ്പനികള്‍. വിപണിയില്‍ ലിസ്റ്റ് ചെയ്തതിന് ശേഷം സ്‌റ്റോക്ക് വിഭജനം നടക്കാത്തതിനാലാണ് എംആര്‍എഫ് ഓഹരിവില ഒരു ലക്ഷം രൂപ കടന്നത്.