വിദേശ നാണ്യശേഖരം വർധിപ്പിച്ചതോടൊപ്പം വൻതോതിൽ സ്വർണശേഖരം വർധിപ്പിച്ച് ആർബിഐ. 2021 കലണ്ടർ വർഷത്തെ ആദ്യപകുതിയിൽ 29 ടൺ സ്വർണ്ണമാണ് ആർബിഐ നിക്ഷേപത്തോടൊപ്പം ചേർത്തത്. ഇതോടെ റിസർവ് ബാങ്കിന്റെ സ്വർണശേഖരം 700 ടണ്ണിലധികമായി. ജൂലൈ 30ലെ കണക്കുകൾ പ്രകാരം 705.6 ടൺ സ്വർണ്ണമാണ് കേന്ദ്രബാങ്കിന്റെ കൈവശമുള്ളത്. 2018ന്റെ തുടക്കത്തിൽ ഇത് 558.1 ടണ്ണായിരുന്നു.
വേൾഡ് ഗോൾഡ് കൗൺസിന്റെ കണക്കുപ്രകാരം 2021 ജൂണിൽ രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകൾ 32 ടൺ സ്വർണമാണ് വാങ്ങിയത്. ഇതിൽ 30 ശതമാനവും ഇന്ത്യയുടെ വിഹിതമാണ്. 2009 നവംബറിനുശേഷം ഏറെക്കാലം കഴിഞ്ഞ് 2018 മാർച്ചിലാണ് ആർബിഐ സ്വർണംവാങ്ങിയത്.രാജ്യത്തെ കരുതൽ ആസ്തിശേഖരത്തിലെ വൈവിധ്യവത്കരണത്തിന്റെ ഭാഗമായാണ് സ്വർണത്തിൽ നിക്ഷേപംകൂട്ടിയത്.