എയർ ഇന്ത്യ ഇനി ടാറ്റയ്ക്ക് സ്വന്തം. പതിനെട്ടായിരം കോടി രൂപയ്ക്കാണ് ഇതുവരെ ഇന്ത്യയുടെ ഔദ്യോഗിക വിമാനക്കമ്പനിയായിരുന്ന എയര്‍ ഇന്ത്യ ടാറ്റ സണ്‍സ് സ്വന്തമാക്കിയത്. ടാലാസ് എന്ന ഉപകമ്പനിയുടെ പേരിലാണ് ടാറ്റ സൺസ് എയർ ഇന്ത്യ സ്വന്തമാക്കിയത്. സ്പേസ് ജെറ്റായിരുന്നു ലേലത്തിൽ ടാറ്റയുടെ പ്രധാന എതിരാളി.
15100 കോടി രൂപയായിരുന്നു സ്പൈസ് ജെറ്റ് ക്വോട്ട് ചെയ്ത തുക. എയര്‍ ഇന്ത്യയ്ക്ക് പുറമെ ചെലവ് കുറഞ്ഞ സര്‍വീസായ എയര്‍ ഇന്ത്യ എക്‌സ്പ്രസും ഗ്രൗണ്ട് ഹാന്‍ഡലിങ് വിഭാഗമായ എയര്‍ ഇന്ത്യ സാറ്റ്‌സിന്റെ അമ്പത് ശതമാനം ഓഹരികളും ഇനി ടാറ്റ സണ്‍സിന് സ്വന്തമായിരിക്കും.
2020 ഡിസംബറിലാണ് നഷ്ടത്തിലോടുന്ന എയർ ഇന്ത്യയുടെ ഓഹരികൾ വിറ്റഴിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചത്. ബിഡിങ്ങിന്റെ അവസാനഘട്ടത്തിൽ ടാറ്റ സണ്‍സും സ്‌പൈസ് ജെറ്റും മാത്രമാണ് ബാക്കിയായത്.
ജെആർഡി ടാറ്റ തുടക്കമിട്ട ടാറ്റ എയർലൈൻസ് 1953ലാണ് കേന്ദ്രസർക്കാർ ഏറ്റെടുത്ത് പൊതുമേഖലാ സ്ഥാപനമാക്കിയത്. 2007 ല്‍ എയര്‍ ഇന്ത്യയും ഇന്ത്യന്‍ എയര്‍ലൈന്‍സും ലയിപ്പിച്ചു.എന്നാൽ എഴുപതിനായിരം കോടിയുടെ നഷ്ടം വന്നതോടെ ഓഹരികൾ വിറ്റഴിക്കാൻ കേന്ദ്രം തീരുമാനിക്കുകയായിരുന്നു.