ടെലികോം സേവന രംഗത്തേക്ക് ജിയോയുടെ കടന്നുവരവോടെ വലിയ മാറ്റങ്ങളാണ് ഉണ്ടായത്. ആ മാറ്റങ്ങാൾ ഇപ്പോഴും തുടരുകയാണ്. രാജ്യത്തെ ഏറ്റവും വലിയ ടെലികോം കമ്പനിയായ വോഡഫോൺ ഐഡിയക്ക് വെറും 28 ദിവസത്തിനുള്ളിൽ നഷ്ടമായത് 58 ലക്ഷം ഉപയോക്താക്കളെയാണ്. ട്രായിയുടെ ഫെബ്രുവരി മാസത്തെ കണക്കുകൾ പ്രകാരമാണിത്.
ജിയോയും ബി എസ് എൻ എല്ലും ഒഴികെ രാജ്യത്തെ ഒട്ടുമിക്ക ടെലികോം കമ്പനികളിൽനിന്നും വലിയ കൊഴിഞ്ഞുപോക്കാണ് റിപ്പോർട്ട് ചെയ്യുന്നത്. എയർടെൽ, ടാടാ ടെലി എന്നീ കമ്പനികളിനിന്നും ഉൾപ്പടെ ഉപയോക്താക്കൾ അകന്നപ്പോൾ ഫെബ്രുവരി മാസത്തിൽ മാത്രം ജിയോയ്ക്ക് ലഭിച്ചത് 77 ലക്ഷം അധിക ഉപയോക്താക്കളെയാണ്.
9.6ലക്ഷം പുതിയ ഉപയോകാക്കളെയാണ് ബി എസ് എൻ എല്ലിന് ഫെബ്രുവരിയിൽ ലഭിച്ചത്. 118.32 കോടി ടെലികോം ഉപയോക്താക്കളാണ് രാജ്യത്താകെയുള്ളത്. ഇതിൽ ഏറ്റവും അധികം ഉപയോക്താക്കൾ വോഡഫോൺ ഐഡിയക്കാണ് ഉള്ളത് എങ്കിലും കടുത്ത പ്രതിസന്ധിയാണ് കമ്പനി നേരിടുന്നത്.
ജിയോയ്ക്ക് കടുത്ത മത്സരം സൃഷ്ടിക്കുന്നതിനായാണ് വോഡഫോണും ഐഡിയയും ലയിച്ചുചേർന്ന് വോഡഫോൺ ഐഡിയ എന്ന പേരിൽ രാജ്യത്തെ ഏറ്റവും വലിയ ടെലികോം കമ്പനിയായി മാറിയത്. എന്നാൽ ജിയോയുടെ മുന്നേറ്റം തുടരുകയാണ് കുറഞ്ഞ കാലം കൊണ്ട് 30കോടി ഉപയോക്താക്കൾ എന്ന ചരിത്ര നേട്ടം അടുത്തിടെയാണ് ജിയോ സ്വന്തമാക്കിയത്.