മകരമാസത്തിലെ പൂയം നാളാണ് തൈപ്പൂയമായി ഹിന്ദുക്കള്‍ ആഘോഷിക്കുന്നത്. താരകാസുരന്‍റെ ചെയ്തികളില്‍ നിന്നും സുബ്രഹ്മണ്യന്‍ ലോകത്തെ രക്ഷിച്ച നാളാണിത്.
സുബ്രഹ്മണ്യന്‍ ജനിച്ച ദിവസമാണ് ഇതെന്നും വിശ്വാസമുണ്ട്. ഏന്നാല്‍ സുബ്രഹ്മണ്യന്‍റെ നാള്‍ വിശാഖമാണ് എന്നാണ് കരുതുന്നത്. കാര്യമെന്തായാലും കേരളത്തിലേയും തമിഴ്‌നാട്ടിലേയും ഭക്തജനങ്ങള്‍ക്ക് ഇത് പുണ്യദിനമാണ്.
സാക്ഷാല്‍ പരമശിവന്‍റെ പുത്രനായ സുബ്രഹ്മണ്യന്‍റെ ജനന ദിവസം മുരുക ക്ഷേത്രങ്ങള്‍ക്ക് ഏറെ വിശേഷപ്പെട്ടതാണ്. കാവടിയാട്ടവും മറ്റ് പ്രത്യേക പൂജകളും ഈ ദിവസം മുരുക ക്ഷേത്രങ്ങളില്‍ നടക്കുന്നു.
പരമശിവന്‍റെ രണ്ടാമത്തെ പുത്രനായാണ് സുബ്രഹ്മണ്യനെ ഹിന്ദുപുരാണങ്ങള്‍ വിശേഷിപ്പിക്കുന്നത്. ബ്രാഹ്മണ്യം എന്നത് ശിവനെ കുറിക്കുന്നു. അതിനോട് ശ്രേയസിനെ കുറിക്കുന്ന സു എന്ന ഉപസര്‍ഗ്ഗം ചേര്‍ത്ത് സുബ്രഹ്മണ്യം എന്ന പേരുണ്ടായെന്ന് സ്‌കന്ദപുരാണം പറയുന്നു.