മമ്മൂട്ടി നായകനായ കസബ എന്ന ചിത്രത്തെ തുടർന്ന് മലയാള സിനിമയിലുണ്ടായ വിവാദങ്ങളും ചേരിതിരിവും കെട്ടടങ്ങിയത് അടുത്തിടെയാണ്. കസബയിലെ സ്ത്രീവിരുദ്ധതയെ ചൂണ്ടിക്കാട്ടി നടി പാർവതി രംഗത്തെത്തിയതോടെയാണ് മെഗാതാരങ്ങൾ അഭിനയിച്ച സിനിമകളിലെ സ്ത്രീവിരുദ്ധ രംഗങ്ങൾ പലരും കുത്തിപ്പൊക്കിയത്.
സിനിമയിൽ സ്ത്രീവിരുദ്ധത ഗ്ലോറിഫൈ ചെയ്യുന്നതിലൂടെ അവരുടെ ആരാധകരും യഥാർത്ഥ ജീവിതത്തിൽ ആ കഥാപാത്രത്തെ അനുകരിക്കുമെന്നായിരുന്നു പരക്കെയുള്ള ചർച്ച. ഈ വിഷയത്തിൽ വ്യത്യസ്ത അഭിപ്രായവുമായി നടി ലക്ഷ്മി പ്രിയ.
സിനിമകളും സീരീയലുകളും സ്ത്രീ വിരുദ്ധമാണ് തോന്നിയിട്ടില്ലെന്നും സിനിമ കണ്ടതു കൊണ്ട് സമൂഹം വഴിതെറ്റി പോകുമെന്ന് കരുതുന്നില്ലെന്നും ലക്ഷ്മി പ്രിയ പറയുന്നു. നെഗറ്റീവ് കാര്യങ്ങൾ മാത്രം എങ്ങനെയാണ് സമൂഹം അനുകരിക്കുന്നത്. നല്ല കാര്യങ്ങളും നല്ല മെസേജും നൽകുന്ന സിനിമകളുണ്ടല്ലോ? അതൊന്നും സമൂഹം അംഗീകരിക്കാതെ മോശം കാര്യങ്ങൾ അനുകരിച്ചുവെന്ന് പറയുന്നതിലെ യുക്തി മനസിലാകുന്നില്ലെന്നാണ് ലക്ഷ്മി പ്രിയ പറയുന്നത്.
‘സിനിമയും സീരിയലും ശരിക്കും സ്ത്രീവിരുദ്ധമാണെന്ന് തോന്നിയിട്ടില്ല. സിനിമ കണ്ടതു കൊണ്ടു മാത്രം വഴി തെറ്റുന്ന ഒരു സമൂഹമുണ്ട് എന്നും തോന്നുന്നില്ല. അങ്ങനെയെങ്കില്‍ നല്ല കഥാസാരം ഉള്ള എത്രയോ ചിത്രങ്ങള്‍ വന്നിട്ടുണ്ട്? എന്നിട്ട് ആ സിനിമകള്‍ കണ്ട എത്ര പേര്‍ നന്നായി? വാല്‍സല്യത്തിലെ മമ്മൂട്ടിയെ അനുകരിച്ച് എത്ര പേര്‍ കൃഷിക്കാരായി? അപ്പോള്‍പ്പിന്നെ സിനിമ കണ്ടതു കൊണ്ട് സമൂഹം സ്ത്രീവിരുദ്ധമായി എന്ന് എങ്ങനെ പറയാന്‍ ആകും? നെഗറ്റീവ് മാത്രമല്ലല്ലോ. പോസിറ്റീവും അനുകരിക്കേണ്ടതല്ലേ.’
‘മാറേണ്ടത് ഇവിടുത്തെ നിയമവും നീതിയുമാണ്. പെണ്ണിനെ തൊട്ടാല്‍ കൈ വെട്ടുന്ന, തല വെട്ടുന്ന നിയമം വന്നാല്‍ അന്ന് അവസാനിക്കുന്നതേ ഉള്ളൂ ഈ സ്ത്രീവിരുദ്ധത.‘ മനോരമയുമായുള്ള അഭിമുഖത്തില്‍ ലക്ഷ്മി പ്രിയ പറഞ്ഞു.