Select Your Language

Notifications

webdunia
webdunia
webdunia
webdunia

‘അവൾക്കൊപ്പം ഞങ്ങളും രാജി വെയ്ക്കുകയാണ്’ - ഭാവനയ്ക്ക് പിന്നാലെ മൂന്ന് നടിമാർ കൂടി അമ്മയിൽ നിന്നും രാജി വെച്ചു

ഗീതുവും റിമയും രമ്യയും ഭാവനയ്ക്കൊപ്പം!

‘അവൾക്കൊപ്പം ഞങ്ങളും രാജി വെയ്ക്കുകയാണ്’ - ഭാവനയ്ക്ക് പിന്നാലെ മൂന്ന് നടിമാർ കൂടി അമ്മയിൽ നിന്നും രാജി വെച്ചു
, ബുധന്‍, 27 ജൂണ്‍ 2018 (11:19 IST)
അമ്മയില്‍നിന്ന് രാജി വെയ്ക്കുകയാണെന്ന് നടിമാരായ ഗീതു മോഹൻ‌ദാസ്, റിമ കല്ലിങ്കൽ, രമ്യ നമ്പീശൻ. അമ്മയിൽ നിന്നും രാജിവെയ്ക്കുകയാണെന്ന നടി ഭാവനയുടെ പ്രഖ്യാപനയ്ക്കൊപ്പമാണ് മറ്റ് നടിമാരും തങ്ങളുടെ രാജി സന്നദ്ധത അറിയിച്ചത്. 
 
ഡബ്ല്യുസിസിയുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ഭാവനയടക്കമുള്ള നടിമാർ തങ്ങളുടെ രാജി പ്രഖ്യാപനം അറിയിച്ചത്. 
 
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
 
അവള്‍ക്കൊപ്പം ഞങ്ങളും രാജി വെക്കുന്നു.
 
മലയാള സിനിമയിലെ നടീനടന്മാരുടെ സംഘടനയായ ‘അമ്മ’ യില്‍ നിന്ന് ഞങ്ങളില്‍ ചിലര്‍ രാജി വെക്കുന്നു.
 
1995 മുതല്‍ മലയാള സിനിമാരംഗത്ത് പ്രവര്‍ത്തിക്കുന്ന സംഘടനയാണ് അമ്മ.
ദേശീയ തലത്തിലും അന്തര്‍ദേശീയ തലത്തിലും അംഗീകാരങ്ങള്‍ നേടി തരുന്ന മലയാള സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്നതില്‍ ഞങ്ങള്‍ ഏറെ അഭിമാനിക്കുന്നു
 
പക്ഷേ,സ്ത്രീ സൗഹാര്‍ദ്ദപരമായ തൊഴിലിടമായി മലയാള സിനിമാ വ്യവസായത്തെ മാറ്റാനുള്ള ഒരു ശ്രമവും നടത്തിയിട്ടില്ല ഈ സംഘടന എന്നു ഞങ്ങള്‍ ഓര്‍മ്മിപ്പിക്കുന്നു.
 
ഒട്ടേറേ സ്ത്രീകള്‍ അംഗങ്ങളായുള്ള സംഘടനയാണിതെന്ന് ഓര്‍ക്കണം. മാത്രമല്ല വിമന്‍ ഇന്‍ സിനിമാ കളക്ടീവ് അതിനായി നടത്തിയ ശ്രമങ്ങളെ , ഫാന്‍സ് അസോസിയേഷനുകളുടെ മസില്‍ പവറിലൂടേയും തരം താണ ആക്ഷേപഹാസ്യത്തിലൂടെയും പരിഹസിക്കുകയാണ് ചെയ്തിട്ടുള്ളത്.
 
അമ്മയുടെ അംഗമായ ഞങ്ങളുടെ സഹപ്രവര്‍ത്തകക്ക് നേരെ ഉണ്ടായ അതിക്രമത്തില്‍ അമ്മ അംഗവും കുറ്റാരോപിതനുമായ നടനെ പിന്തുണക്കുന്ന നിലപാടാണ് ‘അമ്മ’ സ്വീകരിച്ചത്. കുറ്റാരോപിതനായ നടനെ തിരിച്ചെടുക്കാന്‍ തീരുമാനിക്കുക വഴി, തങ്ങള്‍ ആരുടെ പക്ഷത്താണെന്ന് അസന്നിഗ്ദ്ധമായി പ്രഖ്യാപിച്ചിരിക്കുകയാണ്.

അമ്മയുടെ ജനറല്‍ ബോഡിയില്‍ അജണ്ടയില്‍ ഇല്ലാതിരുന്ന ഈ വിഷയം ചര്‍ച്ചക്കെടുത്ത് നാടകീയമായി തിരിച്ചെടുക്കാന്‍ തീരുമാനിച്ചത് ഞെട്ടലോടെയാണ് മാധ്യമങ്ങളില്‍ നിന്ന് അറിഞ്ഞത്. ഞങ്ങള്‍ക്ക് ഈ മീറ്റിങ്ങില്‍ പങ്കെടുക്കാന്‍ സാധിച്ചില്ല എന്നത് ഈ പ്രവൃത്തിയെ സാധൂകരിക്കുന്നില്ല. ഈ തീരുമാനമെടുക്കുമ്പോള്‍, ആക്രമണത്തെ അതിജീവിച്ച അംഗത്തെ നിങ്ങള്‍ ഓര്‍ത്തില്ല!
 
അമ്മയുടെ ഈ തീരുമാനത്തിനൊപ്പം നില്‍ക്കാന്‍ ഞങ്ങള്‍ക്കാവില്ല. ഞങ്ങള്‍ അവളുടെ പോരാട്ടത്തിന് കൂടുതല്‍ ശക്തമായി ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു. ”അമ്മ’യില്‍ നിന്നും രാജി വെക്കാനുള്ള അവളുടെ തീരുമാനത്തോട് ഐക്യപ്പെട്ടു കൊണ്ട് ഞങ്ങളില്‍ കുറച്ചു പേര്‍ രാജി വെക്കുകയാണ്. ഇത് അമ്മയുടെ ഇപ്പോഴെടുത്ത തീരുമാനം തിരുത്തുന്നതിന് കാരണമാകട്ടെ എന്ന് ആശിക്കുന്നു .
,_____________
 
”അമ്മ’ യില്‍ നിന്നും രാജി വെക്കുകയാണ് . ഇപ്പോഴത്തെ സാഹചര്യങ്ങളോടുള്ള അങ്ങേയറ്റം നിരുത്തരവാദപരമായ നിലപാടില്‍ പ്രതിഷേധിച്ചാണ് എന്റെ രാജി . ഹീനമായ ആക്രമണം നേരിട്ട ,ഞങ്ങളുടെ സഹപ്രവര്‍ത്തകയോട് തികച്ചും വഞ്ചനാപരവും മനുഷ്യത്വഹീനവുമായ നിലപാടാണ് സംഘടന സ്വീകരിച്ചത് . ഞാന്‍ പ്രാഥമികമായി മനുഷ്യനായിരിക്കുന്നതില്‍ വിശ്വസിക്കുന്നു . നീതി പുലരട്ടെ .
രമ്യാ നമ്പീശന്‍
 
”അമ്മ’യില്‍ നിന്ന് ഞാന്‍ രാജി വെക്കുകയാണ് . വളരെ നേരത്തെ എടുക്കേണ്ട തീരുമാനമായിരുന്നു ഇത്. അമ്മയക്കകത്തു നിന്നു കൊണ്ട് അവരുടെ തീരുമാനങ്ങളെ ചോദ്യം ചെയ്യുന്നത് ഏറെ പ്രയാസമാണ് എന്ന് മുന്‍ നിര്‍വ്വാഹക സമിതി അംഗം എന്ന നിലയില്‍ ഞാന്‍ മനസ്സിലാക്കിയിട്ടുള്ളതാണ്. നേതൃത്വത്തിന്റെ അഭിപ്രായങ്ങളെ ചോദ്യം ചെയ്യാതെ അനുസരിക്കുന്ന അംഗങ്ങളെയാണ് ഈ സംഘടനക്ക് വേണ്ടത് . ഞങ്ങളുടെയെല്ലാം ശബ്ദം അവിടെ മുങ്ങിപ്പോകുകയാണ് . ഇനിയും അതനുവദിക്കാന്‍ കഴിയില്ല . എന്റെ കൂട്ടുകാരിക്കൊപ്പം നിന്നുകൊണ്ട് അമ്മ എന്ന സംഘടനയുടെ തീര്‍ത്തും ഉത്തരവാദിത്വമില്ലാത്ത ഇത്തരം നിലപാടുകള്‍ക്കെതിരെ ഞാന്‍ പുറത്തു നിന്നു പോരാടും.
ഗീതു മോഹന്‍ ദാസ്
 
ഇപ്പോള്‍ സംഭവിച്ചത് ഒരാളിലോ ഒരു സംഘടനയിലോ ഒതുങ്ങുന്ന ഒരു പ്രശ്‌നമാണെന്ന് ഞാന്‍ കരുതുന്നില്ല. ഈ ഒരൊറ്റ പ്രശ്‌നത്തിന്റെ പേരിലല്ല ഞാന്‍ ‘അമ്മ’ വിടുന്നത്.
അടുത്ത തലമുറയ്ക്ക് സ്വന്തം തൊഴിലിടത്തില്‍ ഒത്തുതീര്‍പ്പുകളില്ലാതെ , ആത്മാഭിനത്തോടെ തുടരാനുള്ള കരുത്തുണ്ടാവണമെന്ന ആഗ്രഹം കൊണ്ട് കൂടിയാണ്.
റീമ കല്ലിങ്കല്‍

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ഭയത്തിന്റെ അടിമകളായി ജീവിക്കുന്ന എല്ലാ വയറ്റു പിഴപ്പു നടന്മാരെയും നടികളെയും ഓർത്ത് സഹതാപം മാത്രം'