Webdunia - Bharat's app for daily news and videos

Install App

'ശബരിമലേല് പെണ്ണുങ്ങളെ കേറ്റാതിരിക്കാൻ അയ്യപ്പനുണ്ടാക്കിയ പ്രളയമാ, അതോണ്ടല്ലേ പത്തനംതിട്ട മൊത്തം മുങ്ങീത്‘

കാവി മുണ്ടിൽ നിന്നും കള്ളി മുണ്ടിലേക്ക്, പർദ്ദയിൽ നിന്ന് നൈറ്റിയിലേക്ക് വെറും രണ്ട് ദിവസം!

Webdunia
ശനി, 1 സെപ്‌റ്റംബര്‍ 2018 (09:01 IST)
പ്രളയകാലത്ത് ദുരിതാശ്വാസ കാമ്പിലുണ്ടായ അനുഭവങ്ങള്‍ പങ്കുവെച്ച് അധ്യാപിക ദീപാ നിശാന്ത്. ക്യാംപിലേക്ക് പോയപ്പോഴാണ്, ചില ദുരിതങ്ങൾ നേരിട്ടു കണ്ടതെന്നും അതുവരെയുണ്ടായിരുന്ന നമ്മുടെ ആശങ്കകൾ അപ്പോൾ ഒന്നുമല്ലെന്ന് തോന്നിയെന്നും ദീപ പറയുന്നു. ആത്മബലികൊണ്ട് ശുദ്ധീകരിച്ച് സംസ്കരിക്കപ്പെട്ട കുറേ നല്ല മനുഷ്യരെ കാണാനും പരിചയപ്പെടാനും കഴിഞ്ഞെന്നും അവര്‍ തന്‍റെ ഫേസ്ബുക്കില്‍ കുറിച്ചു. പോസ്റ്റ് വായിക്കാം:
 
സ്ഥിരമായി വീട്ടിലുള്ളത് മൂന്ന് പേരാണ്. ഞാനും മോനും മോളും. ഭർത്താവ് നാട്ടിലില്ല. ഞങ്ങളുടെ അമ്മമാർ,ചേച്ചി, മക്കൾ, അനിയന്മാരുടെ കുടുംബം എന്നിവർ വല്ലപ്പോഴും വരാറുണ്ട്.. ആയിരം സ്ക്വയർ ഫീറ്റ് സ്ഥലത്ത് സുന്ദരമായി താമസിക്കാം. വെച്ചത് 2500 ലധികം സ്ക്വയർ ഫീറ്റുള്ള വീടാണ്. ആ അനാവശ്യ ആർഭാടമാണ് ലോണെടുപ്പിച്ചത്. സ്ഥലം വാങ്ങി ടൗണിലുള്ള വീടുപണിയും അപ്രതീക്ഷിതമായി ബിസിനസ്സിൽ വന്ന തിരിച്ചടിയും ഒക്കെ സാമ്പത്തികമായി പരുങ്ങലിലാക്കിയിട്ടുണ്ട്. എന്നാലും അത് ഗൗനിക്കാറില്ല. ജോലിയുള്ളതു കൊണ്ട് ജീവിതത്തിൽ വലിയ ആശങ്കകളുമില്ല. പ്രാരാബ്ദക്കണക്ക് ഈ വലിയ വീട്ടിലിരുന്ന് പറയുമ്പോഴുള്ള അശ്ലീലത്തെപ്പറ്റി ഉത്തമബോധ്യവുമുണ്ട്.. എന്നാലും വെള്ളമുയരാൻ തുടങ്ങിയപ്പോൾ ആശങ്ക തോന്നി.. ഒരു വർഷം മാത്രം പഴക്കമുള്ള ഈ വീട്ടിലെങ്ങാനും വെള്ളം കേറിയാൽ... വീടങ്ങു തകർന്നാൽ... സാധനങ്ങളൊക്കെ നശിച്ചാൽ.. എന്തു ചെയ്യും? ഞാനിടയ്ക്കിടെ മുറ്റത്തു ചെന്നു നോക്കും. വെള്ളം അകത്തേക്കു വരുന്നുണ്ടോ? ജലനിരപ്പ് ഉയരുന്നുണ്ടോ? പിന്നെ സ്വയമാശ്വസിക്കും.. " ഇല്ല... ഇവിടെ ഒരിക്കലും വെള്ളം കേറില്ല.. "
 
മനുഷ്യർ അങ്ങനെയൊക്കെത്തന്നെയാണ്. എല്ലാ ദുരന്തങ്ങളും തൊട്ടപ്പുറം വരെയെത്തി മടങ്ങിപ്പോകുമെന്ന പ്രതീക്ഷയിലാണ് അവർ മുന്നോട്ടു നീങ്ങുക. നമ്മൾ നമ്മളെ എപ്പോഴും സേഫ് സോണിൽ നിർത്തും..
 
ക്യാംപിലേക്ക് പോയപ്പോഴാണ്, ചില ദുരിതങ്ങൾ നേരിട്ടു കണ്ടത്.. അപ്പോഴാണ് നമ്മുടെ ആശങ്കകൾക്കൊന്നും ഒരു സ്ഥാനവുമില്ലെന്ന് മനസ്സിലായത്.വീട് പൂർണ്ണമായി നഷ്ടപ്പെട്ടവർ... ഭാഗികമായി തകർന്നവർ, സമ്പാദിച്ചതെല്ലാം പൊയ്പ്പോയവർ... അവരെല്ലാവരും ആദ്യദിവസം കടുത്ത നിരാശയിലായിരുന്നു. പിറ്റേന്ന് ചെന്നപ്പോഴേക്കും അവർ ചിരിക്കാൻ തുടങ്ങി.. സംസാരിക്കാൻ തുടങ്ങി. കുട്ടികൾ ഓടിക്കളിക്കാൻ തുടങ്ങി. തവണ വ്യവസ്ഥയിൽ വാങ്ങിയ കുഞ്ഞു ഫ്രിഡ്ജ് മുറ്റത്ത് വെള്ളത്തിൽ ഒഴുകി നടക്കുന്ന കാര്യം ഒരു ചേച്ചി പറഞ്ഞത് ചിരിയോടെയാണ്."ഫ്രിഡ്ജില്ലെങ്കിലും ജീവിക്കായിരുന്നു മോളേ.എൻ്റഹങ്കാരത്തിന് ദൈവം തന്ന ശിക്ഷയാ. വാങ്ങിയപ്പോ പലരും പറഞ്ഞതാ.. " എന്ന് അവർ പറഞ്ഞത് എത്ര നിസ്സാരമായാണ്." അല്ലേലും ഫ്രിഡ്ജൊരനാവശ്യാണ്.കണ്ണീക്കണ്ടത് മുഴുവൻ അതിൽ കുത്തിനെറച്ച് വെക്കും..പഴേ സാധനങ്ങള് പിന്നേം ചൂടാക്കി എടുത്തു തിന്നും. ഒക്കെ വയറ്റിന് കേടാ.. പോയത് നന്നായേള്ളൂ. ജീവനാ അതിനേക്കാട്ടിലും വലുത് " എന്ന് പറഞ്ഞപ്പോൾ ആ ശുഭാപ്തിവിശ്വാസത്തെ നമിക്കാൻ തോന്നി. ഒന്നുമില്ലാത്തവരാണ് പലപ്പോഴും അത്തരം കരളുറപ്പ് കാട്ടിയത്... ഏറ്റവുമധികം ഡിപ്രഷനിലായത് എല്ലാമുള്ളവരായിരുന്നു. വരിയായി പാത്രം പിടിച്ച് നിന്ന് ചോറിനായി നീട്ടുമ്പോൾ, പുതപ്പിനും വസ്ത്രത്തിനും സോപ്പിനും പേസ്റ്റിനുമൊക്കെയായി കൈ നീട്ടുമ്പോൾ അവരുടെ മുഖമാണ് അപമാനഭാരം കൊണ്ട് കുനിഞ്ഞത്." ഞങ്ങൾ ഇങ്ങനെ കഴിയേണ്ടവരല്ലാ" എന്ന് കൂടെക്കൂടെ നമ്മെ ഓർമ്മിപ്പിച്ചത് അവരായിരുന്നു. ബസ്സ് കിട്ടാത്തതു കൊണ്ട് മാത്രമാണിവിടെയിങ്ങനെ.... എന്ന് അർദ്ധോക്തിയിൽ നിർത്തിയത് അവർ മാത്രമായിരുന്നു.കാവിമുണ്ടു മാത്രേ ഞാനുടുക്കൂ എന്ന് പറഞ്ഞ് ബലം പിടിച്ച താടിക്കാരൻ രണ്ടു ദിവസം കഴിഞ്ഞ് കാണുമ്പോൾ കള്ളിമുണ്ടിലേക്ക് ചേക്കേറിയിരുന്നു. പർദ്ദ വേണമെന്ന വാശി തണുത്തുറഞ്ഞ് മാക്സിയിലേക്ക് ഊർന്നിറങ്ങിയിരുന്നു.
 
"ശബരിമലേല് പെണ്ണുങ്ങളെ കേറ്റാതിരിക്കാൻ അയ്യപ്പനുണ്ടാക്കിയ പ്രളയാ. അതോണ്ടല്ലേ പത്തനംതിട്ട മൊത്തം മുങ്ങീത്" എന്നു പറഞ്ഞ് ആശ്വസിച്ച ആൾ ഒരു കടുത്ത വിശ്വാസിയായിരുന്നു. എന്നിട്ടും അയാളുടെ വീട് എന്തിനാണ് അയ്യപ്പൻ മുക്കിക്കളഞ്ഞതെന്ന് എനിക്ക് ചോദിക്കണമെന്നുണ്ടായിരുന്നു. ചോദിച്ചില്ല. " ശരിയാവും" എന്നു പറഞ്ഞ് ഞാനും തലയാട്ടി.ആ വിശ്വാസം അയാളുടെ സ്വാസ്ഥ്യമാണ്. അതാണ് അയാളെ പിടിച്ചു നിർത്തുന്നത്. ആത്മബലിയുടെ ആൾരൂപമായ വെളിച്ചപ്പാടിനെപ്പോലെ അയാൾ മറ്റു മനുഷ്യരുടെ ദുർവൃത്തിയുടെ പാപം സ്വയം ഏറ്റുവാങ്ങിയിരിക്കുന്നതായി ആശ്വസിക്കുകയാണ്.
 
ഓഷോ പറയും പോലെ, ചിലപ്പോഴൊക്കെ മുതിർന്നവരുടെ പാവക്കരടിയാണ് ദൈവം. കൊച്ചു കുട്ടികൾ ടെഡ്ഡി ബെയറിനെ കൂടെ കൊണ്ടു നടക്കുമ്പോൾ കരുതുന്നത് എല്ലാ ആപത്തിൽ നിന്നും ഏകാന്തതയിൽ നിന്നും ഭയത്തിൽ നിന്നും അത് നമ്മെ രക്ഷിക്കും എന്നാണ്.മുതിർന്നവർ അതിനു പകരം ഒരു സങ്കൽപ്പത്തെ മുറുകെപ്പിടിക്കുന്നു... ആ സങ്കൽപ്പം മനോഹരമാണ്.. നല്ലൊരു നാളെയെപ്പറ്റിയുള്ള പ്രതീക്ഷയുണ്ടതിൽ.. നിങ്ങളുടെ തെറ്റുകളെ നിരീക്ഷിക്കുന്ന ഒരാൾ മുകളിലുണ്ട് എന്ന വിശ്വാസമാണ് ദൈവമെങ്കിൽ അത് സുന്ദരസങ്കൽപ്പം തന്നെയാണ്...
 
ആത്മബലികൊണ്ട് ശുദ്ധീകരിച്ച് സംസ്കരിക്കപ്പെട്ട കുറേ മനുഷ്യരെ ഈ പ്രളയകാലത്ത് പരിചയപ്പെട്ടു... വഴിയേ എഴുതാം..... [രക്ഷപ്പെടേണ്ടവർക്ക് രക്ഷപ്പെടാം!]
 
വേറെന്തോ എഴുതാനിരുന്നതാണ്... ഇതായിപ്പോയി!

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സംസ്ഥാനത്ത് രാത്രി ഈ ജില്ലകളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത

വോട്ടെടുപ്പ് ദിവസം എല്ലാ സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്കും വേതനത്തോടുകൂടിയ അവധി; അവധി ഉറപ്പാക്കണമെന്ന് ലേബര്‍ കമ്മിഷണര്‍

ലോക്‌സഭാ തിരഞ്ഞെടുപ്പ്: വോട്ടെടുപ്പ് കഴിയും വരെ സംസ്ഥാനത്ത് സമ്പൂര്‍ണ മദ്യനിരോധനം

കൈക്കൂലി കേസിൽ വില്ലേജ് ഓഫീസർക്കും ഫീൽഡ് അസിസ്റ്റൻറിനും കഠിന തടവ്

പീഡനക്കേസ് പ്രതിക്ക് 13 വർഷം കഠിനത്തടവ്

അടുത്ത ലേഖനം
Show comments