അതിജീവനത്തിന് വേണ്ടി തൊഴിൽ ചെയ്ത് ജീവിക്കുന്ന ഹനാനെ മലയാളികൾക്കെല്ലാം ഇപ്പോൾ പരിചിതമാണ്. ഹനാന്റെ വാർത്ത കള്ളമാണെന്ന് കരുതിയവർ പെൺകുട്ടിക്കെതിരെ സൈബർ ആക്രമണം നടത്തിയിരുന്നു. സംഭവത്തിൽ നിരവധി പേരെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.
ഇപ്പോഴിതാ, തനിക്കെല്ലാ പിന്തുണയും നൽകി കൂടെ നിന്ന സർക്കാരിനും മുഖ്യമന്ത്രിക്കും നന്ദി പറയാൻ നേരിട്ടെത്തിയിരിക്കുകയാണ് ഹനാൻ. മന്ത്രിസഭാ യോഗത്തിന് ശേഷമായിരുന്നു ഹനാനുമായുള്ള മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ച.
പിണറായി വിജയന്റെ ഫേസ്ബുക്ക് പോസ്റ്റ്:
ഹനാൻ വന്നു കണ്ടിരുന്നു. മന്ത്രിസഭായോഗം കഴിഞ്ഞെത്തിയപ്പോൾ ആയിരുന്നു ഹനാൻ വന്നത്. ആ കുട്ടിയുടെ മുഖത്തെ ചിരി കണ്ടപ്പോൾ സന്തോഷം തോന്നി. പഠിക്കാനും ജീവിക്കാനുമായി തൊഴിലെടുക്കുന്ന വാർത്ത വന്നതിന്റെ പേരിൽ കടുത്ത സൈബർ ആക്രമണം നേരിട്ട കുട്ടിയാണ് ഹനാൻ. അന്ന് സർക്കാർ ഹനാന് എല്ലാ സംരക്ഷണവും ഉറപ്പാക്കിയിരുന്നു. കുറ്റക്കാരെ അറസ്റ്റു ചെയ്യുകയും ചെയ്തു. അതിനു നന്ദി അറിയിക്കാനായിരുന്നു ഹനാൻ എത്തിയത്.
സർക്കാരിന്റെ എല്ലാ സംരക്ഷണവും ഉണ്ടാകുമെന്ന് കുട്ടിക്ക് ഉറപ്പു നൽകി. ഉദ്യോഗസ്ഥർക്ക് ഇതു സംബന്ധിച്ച നിർദ്ദേശം നൽകിയിട്ടുണ്ട്. നല്ല ധൈര്യത്തോടെ തന്നെ മുന്നോട്ടു പോകാൻ ഹനാനോട് പറഞ്ഞു.