ആനക്കൊമ്പ് കൈവശം വച്ച കേസിൽ നടൻ മോഹൻലാലിനെതിരെ കേസ് നിലനിൽക്കുമെന്ന് നിർണായക വിധി. കേസില്‍ നടന്‍ മോഹന്‍ലാല്‍, മുന്‍മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എന്നിവര്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്കെതിരെയാണ് ത്വരിതാന്വേഷണത്തിന് ഉത്തരവ്. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയുടേതാണ് ഉത്തരവ്.
തിരുവനന്തപുരം വിജിലന്‍സ് ഡയറക്ടര്‍ കേസ് അന്വേഷിക്കണമെന്നും ഉത്തരവില്‍ പറയുന്നു. കേസിൽ മോഹൻലാലിനെതിരെ പ്രഥമദൃഷ്‌ട്യാ കുറ്റം നിലനിൽക്കുമെന്ന് കോടതി കണ്ടെത്തി. ആനക്കൊമ്പ് കൈവശം വച്ച നടപടി വനം-വന്യജീവി നിയമത്തിലെ സെക്ഷൻ 31 ന്റെ ലംഘനമാണന്നും കോടതി വ്യക്തമാക്കി.
അനധികൃതമായി ആനക്കൊമ്പ് കൈവശം വെയ്ക്കുന്നത് 3 വർഷത്തിൽ കുറയാത്ത ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. കേസിലെ ഒന്നാം പ്രതി മുന്‍ വനം വകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ്. ഏഴാം പ്രതിയാണ് നടന്‍ മോഹന്‍ലാല്‍. വനംവകുപ്പിലെ ഉദ്യോഗസ്ഥരാണ് കേസിലെ മറ്റുള്ളവര്‍.
ആദായ നികുതി വകുപ്പ് നടത്തിയ പരിശോധനയിലാണ് മോഹന്‍ലാലിന്റെ വീട്ടില്‍ നിന്ന് ആനക്കൊമ്പ് കണ്ടെടുത്തത്. തുടര്‍ന്ന് വനംവകുപ്പ് അന്വേഷണം നടത്തുകയും മോഹന്‍ലാലിനെ ഒഴിവാക്കുകയും ചെയ്തിരുന്നു.
മോഹൻലാലിന് ആനക്കൊമ്പ് കൈവശം വയ്ക്കാൻ അനുമതി നൽകിയതിനെതിരെ ആലുവ സ്വദേശി എ.എ.പൗലോസ് സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജി പരിഗണിക്കവേയാണ് കോടതിയുടെ പരാമർശം. ആനക്കൊമ്പ് കൈവശം വയ്ക്കാനുള്ള അനുമതി റദ്ദാക്കണമെന്നാണ് ഹർജിയിൽ ആവശ്യപ്പെടുന്നത്.