കസബ വിവാദത്തിൽ ഏറെ സൈബർ ആക്രമണങ്ങൾക്ക് ഇരയായ നടിയാണ് പാർവതി തിരുവോത്ത്. സിനിമ മേഖലയിൽ ഉള്ളവർ തന്നെ പാർവതിക്കെതിരെ രംഗത്ത് വന്നിരുന്നു. അക്കൂട്ടത്തിൽ സംവിധായകൻ ജൂഡ് ആന്റണി ജോസഫും ഉണ്ടായിരുന്നു. അന്ന് പാർവതിയെ കുരങ്ങിനോട് ഉപമിച്ചായിരുന്നു ജൂഡ് പോസ്റ്റിട്ടത്. എന്നാൽ, ഇന്നിപ്പോൾ പാർവതിയുടെ അഭിനയത്തെ പുകഴ്ത്തുകയാണ് ജൂഡ്.
വൈറസ് സിനിമയിലെ പ്രകടനത്തിനാണ് ജൂഡ് പാർവതിയെ പുകഴ്ത്തിയിരിക്കുന്നത്. മസാലക്കൂട്ടുകളില്ലാത്ത ഏച്ചു കെട്ടലുകളില്ലാത്ത പച്ചയായ ജീവിതത്തിന്റെ നേർക്കാഴ്ച അതേപടി തുറന്നു കാണിച്ച വൈറസ് എന്ന സിനിമയെ വാനോളം പുകഴ്ത്തുകയും അഭിനയിച്ച താരങ്ങളെ അഭിനന്ദിക്കുകയും ചെയ്യുകയാണ് ജൂഡ്. ഇത്രയും താരങ്ങളെ കിട്ടിയിട്ടും അവരെ താരങ്ങളായി കാണാതെ അഭിനേതാക്കളായി ഉഗ്രമായി ഉപയോഗിച്ച ആഷിഖ് അബു തന്നെയാണ് താരമെന്ന് ജൂഡ് ഫേസ്ബുക്കിൽ കുറിച്ചു.
അഭിനേതാക്കളുടെ മത്സരമായിരുന്നുവെന്ന് കുറിച്ച ജൂഡ് പാർവതിയേയും കുറിപ്പിൽ പരാമർശിച്ചിട്ടുണ്ട്. ടോവിനോ ,ആസിഫ് ,Joju, ഇന്ദ്രേട്ടൻ ,ദിലീഷേട്ടൻ , പാർവതി ,റിമ,പൂർണിമ ചേച്ചി, സൗബിൻ മച്ചാൻ , ഷറഫ് മച്ചാൻ ,ചാക്കോച്ചൻ ,രേവതി മാം , ഭാസി ,ഇന്ദ്രൻസ് ചേട്ടൻ എന്നിങ്ങനെ അതി ഗംഭീര പ്രകടനങ്ങൾ ആണെന്നാണ് ജൂഡ് പറയുന്നത്.
മുൻപ് കസബ വിവാദം പൊട്ടിപ്പുറപ്പെട്ടപ്പോഴാണ് ജൂഡ് പാർവതിയെ പരോക്ഷമായി വിമർശിച്ച് രംഗത്തെത്തിയത്. മുതലാളിമാര്‍ പറയുന്നതിനനുസരിച്ച് ഓടുകയും ചാടുകയും ചെയ്ത് അഭ്യാസിയായി മാറിയ സര്‍ക്കസ് കൂടാരത്തിലെ ഒരു കുരങ്ങ് പ്രശസ്തിയാര്‍ജിച്ചപ്പോള്‍ തന്റെ മുതലാളിമാരെ തെറി പറയുന്നുവെന്നാണ് പാര്‍വതിയെ ഉന്നം വെച്ചുകൊണ്ട് ജൂഡ് അന്ന് പറഞ്ഞത്. ഈ കുരങ്ങിന് ആദ്യമേ സര്‍ക്കസ് കൂടാരം വേണ്ടെന്നുവെച്ചു പോകാമായിരുന്നു എന്നും അങ്ങനെ ചെയ്താല്‍ ആരറിയാന്‍ അല്ലേ എന്നും ജൂഡ് ചോദിച്ചു. പോസ്റ്റില്‍ പാര്‍വതിയുടെ പേരെടുത്ത് പറഞ്ഞിരുന്നില്ലെങ്കിലും പോസ്റ്റില്‍ വന്ന ചില കമന്റുകളിലെ പ്രതികരണം പാര്‍വതിയെ ലക്ഷ്യം വച്ചതോടെയാണ് ചർച്ച ആ വഴിക്ക് തിരിഞ്ഞത്.
എന്നാൽ, പിന്നാലെ തന്നെ സര്‍ക്കസ് കൂടാരത്തിലെ കുരങ്ങെന്ന് വിളിച്ച് അധിക്ഷേപിച്ച ജൂഡ് ആന്തണി ജോസഫിനോട് OMKV പറഞ്ഞ് പാര്‍വതി രംഗത്തെത്തിയതും ഏറെ വിവാദമായിരുന്നു. OMKV എന്നെഴുതി കൈ ചൂണ്ടികാട്ടുന്നത് ഒരു തുണിയില്‍ ആലേഖനം ചെയ്ത ചിത്രമാണ് പാര്‍വതി ടീറ്റ് ചെയ്തത്. 'എല്ലാ സര്‍ക്കസ് മുതലാളിമാരോടും' എന്നും പാര്‍വതി ചിത്രത്തിനൊപ്പം കുറിച്ചുവച്ചിരുന്നു.