"എന്റെ ജീവിതത്തിൽ ഒരിക്കലും നടക്കില്ലെന്നു കരുതിയിരുന്ന കാര്യം ഇന്ന് ദൈവം എനിക്ക് സാധിച്ചു തരാൻ പോവുകയാണ്.... നിങ്ങളുടെ എല്ലാവരുടേയും പ്രാർത്ഥനയും അനുഗ്രഹവും ഉണ്ടാവില്ലേ...?" - പ്രണവ് എന്ന ടുട്ടുമോൻ, ഷഹനയുടെ കഴുത്തിൽ മിന്നുകെട്ടും മുമ്പ് ഫേസ് ബുക്കിൽ കുറിച്ച വരികളാണിത്.
ആറു വർഷം മുമ്പു നടന്ന ഒരു ബൈക്ക് അപകടത്തിൽ പരിക്കേറ്റ് നെഞ്ചിന് താഴേക്ക് തളർന്നു പോയ പ്രണവിന്റെ ജീവിതത്തിലേക്ക് അവന് കൂട്ടായി ഇനി ഷഹനയുണ്ട്. ഇരിങ്ങാലക്കുട സ്വദേശി മണപ്പറമ്പിൽ സുരേഷ് ബാബുവിന്റേയും സുനിതയുടെയും മകൻ പ്രണവിന്റെ ജീവിതകഥ അറിയുന്ന ആരിലും ഒരു നൊമ്പരം ഉണ്ടാകും.
അപകടത്തിനു ശേഷം വീൽചെയറിലായ പ്രണവ് പക്ഷേ തളർന്നില്ല. അവനെ സുഹൃത്തുക്കൾ എപ്പോഴും കൂടെ ചേർത്തുനിർത്തി. കൈവിടാതെ പ്രണവിനെ കൊണ്ടുനടന്ന് നാട്ടിലെ ഉത്സവങ്ങളും പെരുന്നാളുകളും കാണിച്ചു. ഉത്സവം കാണാനെത്തിയ പ്രണവിനെ ചെണ്ടമേളക്കാരുടെ നടുവിലിരുത്തി ചെണ്ടമേളം കേൾക്കുന്നതിന്റെ വീഡിയോ നിരവധിയാളുകൾ കണ്ടിരുന്നു.
ആ ഉത്സവത്തിന്റെ വീഡിയോ ആണ് ആദ്യം തിരുവനന്തപുരം സ്വദേശി ഷഹനയും കണ്ടു. ജീവിതത്തെ ഇത്ര കണ്ട് പോസിറ്റീവ് ആയി കാണുന്ന ചെറുപ്പക്കാരനോട് ഷഹനയ്ക്ക് സ്നേഹമായി, പ്രണയമായി. ഫേസ്ബുക്ക് വഴി തേടിപ്പിടിച്ച് റിക്വസ്റ്റ് അയച്ചു. പ്രണവിന്റെ സുഹൃത്തുക്കളുമായും ഷഹന സംസാരിച്ചു. പ്രണയമറിയിച്ച ഷഹനയെ തന്റെ അവസ്ഥ പറഞ്ഞ് പല തരത്തിലും നിരുത്സാഹപ്പെടുത്താൻ പ്രണവും, പ്രണവിന്റെ സുഹൃത്തുക്കളും ശ്രമിച്ചു.
പക്ഷേ ഷഹന വഴങ്ങിയില്ല. കമ്പ്യൂട്ടർ സയൻസ് ബി ടെക് രണ്ടാം സെമസ്റ്റർ വിദ്യാർത്ഥിനിയായ ഷഹന പ്രണയ സാഫല്യത്തിനായി വീടു വീട്ടിറങ്ങുകയായിരുന്നു. ആദ്യമായി നേരിൽ കണ്ടപ്പോഴും പ്രണവ് തന്റെ അവസ്ഥ പറഞ്ഞ് ഷഹനയെ പിന്തിരിപ്പിക്കാൻ ശ്രമിച്ചു. എന്നാൽ, ഷഹനയുടെ നിശ്ചയദാർഡ്യത്തിനു മുന്നിൽ അവൻ തോറ്റു. ഒടുവിൽ അവർക്ക് മാഗല്യം.