കുമ്മനത്തെ നെഞ്ചിലേറ്റി മിസോറം- ആരും ഒന്നുമറിഞ്ഞില്ല, കളികളെല്ലാം അങ്ങ് കേന്ദ്രത്തിൽ!
കേട്ടവർ കേട്ടവർ ഞെട്ടി, എന്തിനധികം പറയുന്നു ബിജെപി നേതാക്കൾ വരെ ഞെട്ടി!
ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരനെ മിസോറം ഗവർണറായി നിയമിച്ചെന്ന വാർത്ത കേട്ട് ഞെട്ടിയിരിക്കുകയാണ് കേരളജനത. ഞെട്ടിയവരിൽ ബിജെപി കേരള നേതൃത്വവുമുൾപ്പെടും. വാർത്ത സത്യമാണോയെന്ന് അവർ പലതവണ പരിശോധിച്ചു. ഇതിനുശേഷമാണ് കുമ്മനത്തെ പ്രശംസകൊണ്ടും ആശംസകൊണ്ടും മൂടിയത്.
കുമ്മനം രാജശേഖരനെ ഗവർണറായി നിയമിച്ചതിലൂടെ കേരളത്തിലെ സംഘടനാ സംവിധാനങ്ങളിൽ വൻ അഴിച്ചുപണിക്ക് കേന്ദ്ര നേതൃത്വം ലക്ഷ്യമിടുന്നുവെന്നാണ് സൂചന. ബിജെപി കേരള ഘടകം ഇനി കേന്ദ്രം നിയന്ത്രിക്കാനാണ് സാധ്യത.
ഇതിന്റെ ഭാഗമായാണ് സംസ്ഥാന ഘടകവുമായി ചർച്ച ചെയ്യാതെ കേന്ദ്ര നേതൃത്വം തീരുമാനമെടുത്തത്. വെള്ളിയാഴ്ച രാത്രി രാഷ്ട്രപതിയുടെ പത്രക്കുറിപ്പ് ഇറങ്ങിയപ്പോഴാണ് കേരളത്തിലുള്ള ബിജെപി നേതാക്കളും കുമ്മനത്തിന്റെ ഗവർണർ നിയമനമറിഞ്ഞത്.
ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിന് പിന്നാലെ സംസ്ഥാന നേതൃത്വത്തിൽ മാറ്റങ്ങൾക്ക് സാദ്ധ്യതയുണ്ടെന്ന് സൂചനയുണ്ടായിരുന്നെങ്കിലും ഇത്തരത്തിലുള്ള അപ്രതീക്ഷിത നീക്കമുണ്ടാകുമെന്ന് ആരും വിചാരിച്ചിരുന്നില്ല. നീക്കം അപ്രതീക്ഷിതം തന്നെയായിരുന്നു.