'നമ്മുടെ ജോലി കാട്ടിലിരിക്കുന്ന അയ്യപ്പന്‍റെ നൈഷ്ഠിക ബ്രഹ്മചര്യം കാത്തുസൂക്ഷിക്കലല്ല'
'നമ്മുടെ ജോലി കാട്ടിലിരിക്കുന്ന അയ്യപ്പന്‍റെ നൈഷ്ഠിക ബ്രഹ്മചര്യം കാത്തുസൂക്ഷിക്കലല്ല'
ശബരിമല സ്‌ത്രീപ്രവേശന വിഷയവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് പ്രതിഷേധങ്ങൾ ആളിക്കത്തുകയാണ്. ഹൈന്ദവ സംഘടനകളുടെ തേതൃത്വത്തിൽ വിശ്വാസികളെ മുൻനിർത്തിക്കൊണ്ടാണ് പ്രതിഷേധം നടത്തുന്നത്. എന്നാൽ ഇത്തരം പ്രതിഷേധ പ്രകടനങ്ങളുമായി ആദിവാസി വിഭാഗക്കാർ ആരും തന്നെ വെളിയിലിറങ്ങരുതെന്ന് പറയുകയാണ് ദലിത് ആക്‌റ്റിവിസ്‌റ്റ് മൃദുല ദേവി. ഫേസ്‌ബുക്കിലൂടെയാണ് മൃദുല ഇക്കാര്യം വ്യക്തമാക്കിയത്.
ഫേസ്‌ബുക്ക് പോസ്‌റ്റിന്റെ പൂർണ്ണരൂപം:-
ഒരു ദലിത് ആദിവാസി വിഭാഗക്കാരും അയ്യപ്പനെ രക്ഷിക്കാന്‍ വെളിയിലിറങ്ങരുത്. സനാതന ധര്‍മ്മം രക്ഷിക്കലല്ല നമ്മുടെ തൊഴില്‍ .ജനിച്ച മണ്ണില്‍ കാലുറപ്പിക്കാന്‍ ആകെയുണ്ടായിരുന്ന SC/ST Act വയലേറ്റ് ചെയ്യപ്പെട്ടപ്പോള്‍ വ്യാപാരി വ്യവസായി സമൂഹവും ഹോട്ടല്‍ വ്യവസായികളും ഒന്നിച്ചപ്പോള്‍ എവിടെയായിരുന്നു രാഹുല്‍ ഈശ്വറിന്‍റെ പട.?
ആദിവാസി യുവാവ് ദനാമഞ്ചി ഭാര്യയുടെ മൃതദേഹം തോളിലേറ്റി ശവമടക്കാന്‍ കാശില്ലാതെ പന്ത്രണ്ട് കിലോമീറ്റര്‍ നടന്നപ്പോള്‍ എവിടെയായിരുന്നു കുലസ്ത്രീകള്‍!!!! കെവിന്‍ എന്ന ദലിത് ക്രൈസ്തവന്‍റെ കണ്ണ് ചൂഴ്ന്നെടുത്ത് കൊന്നപ്പോള്‍ ഈ പൗരബോധം എന്താ ഉണരാഞ്ഞത്? ജിഷയുടെ ജനനേന്ദ്രിയം വെട്ടിക്കീറിമുറിച്ചപ്പോഴും അഭിമന്യവിനെ കുത്തിക്കീറിയപ്പോഴും എല്ലാം എവിടെപ്പോയൊളിച്ചു നാമെല്ലാം ഒന്നാണെന്ന വാദം.
ആദിവാസി യുവാവ് മധുവിനെ തല്ലിക്കൊന്നപ്പോള്‍ ഒരു കവലപ്രസംഗം പോലും ( മറ്റുള്ളവരെ ബോധിപ്പിക്കാനെങ്കിലും) നടത്താന്‍ മെനക്കടാതിരുന്ന ഇവര്‍ക്ക് വേണ്ടി അയ്യപ്പനെ രക്ഷിക്കാന്‍ ഒരൊറ്റയാളും സ്വന്തം ഊര്‍ജ്ജം പാഴാക്കരുത്.Damnsure ഒരൊറ്റ പൂണൂല്‍ ധാരിയും,അറസ്ററ് ചെയ്യപ്പെടില്ല.പകരം അറസ്റ്റിലാവുക നമ്മളാവും.നമ്മുടെ ജോലി കാട്ടിലിരിക്കുന്ന അയ്യപ്പന്‍റെ നൈഷ്ഠിക ബ്രഹ്മചര്യം കാത്തുസൂക്ഷിക്കലല്ല..
അറസ്ററ് ചെയ്യപ്പെട്ട സ്വന്തം മക്കളെ ഒരു പി എസ് സി പരീക്ഷ എഴുതാന്‍ പോലും പറ്റാത്ത വിധം കുറ്റവാളികളാക്കാന്‍ വിട്ടുകൊടുക്കരുത്.ഒരു വിദേശയാത്രയ്ക്കും പോകാന്‍ പറ്റാത്ത തരത്തില്‍ ,ഒരു പാസ്പോര്‍ട്ടു പോലും എടുക്കാന്‍ പറ്റാത്ത തരത്തില്‍ നിയമക്കുരുക്കിട്ട് ആഹ്വാനം തന്നു കൂടെക്കൂട്ടുന്നവര്‍ നമ്മെ നശിപ്പിക്കും നമ്മുടെ യൗവ്വനങ്ങളെ തകര്‍ച്ചയ്ക്ക് വിട്ടുകൊടുക്കരുത്. Educate .Agitate Organise എന്നു മഹാനായ അംബേഡ്കര്‍ പഠിപ്പിച്ചത് സവര്‍ണതയുടെ അധികാരക്കോട്ടകളിളക്കാനാണ്.
അല്ലാതെ തെരുവില്‍ പൂണൂല്‍ രാഷ്ട്രീയത്തിന് വേണ്ടി വെട്ടിക്കീറി മരിക്കാനല്ല. ഒഴുകി വന്ന ആര്‍ത്തവരക്തത്തെ കാട്ടില പറിച്ച് പ്രതിരോധിച്ച് കല്ലുരുട്ടി പണിയെടുക്കേണ്ടി വന്ന നമ്മുടെ അമ്മമാര് അന്നോര്‍ത്തു കാണും എന്‍റെ തലമുറയെങ്കിലും രക്ഷപ്പെട്ടേക്കുമെന്ന്. . ആര്‍ത്തവത്തെ ഭയക്കാത്ത അന്നത്തെ അടിമപ്പെണ്ണുങ്ങളെ നെഞ്ചിലേറ്റിക്കൊണ്ട് കരുത്തോടെ മുന്നേറേണ്ടത് നമ്മുടെ ആവശ്യമാണ്.അത് സനാധനധര്‍മ്മസംസ്ഥാപനത്തിന് വേണ്ടി തെരുവില്‍ മരിക്കാനുള്ളതല്ല.
കാട്ടുവള്ളിക്ക് പൊക്കിള്‍ക്കൊടി മുറിച്ച് പ്രസവിച്ച് ശേഷം കുഞ്ഞിനെ മാറ്റിക്കിടത്തി തമ്പ്രാന് വേണ്ടി ചിറയുറപ്പിക്കാന്‍ പണിയെടുക്കേണ്ടി വന്ന അടിമപ്പെണ്ണിന്‍റെ ചോരയാണ് നമ്മളിലോടുന്നത്.ആ സ്ഥൈര്യം വേണ്ടവിധം വിനിയോഗിക്കുക.നമുക്ക് വേറെ ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ട്.രോഹിത് വെമൂലമാര്‍ സൃഷ്ടിക്കപ്പെടാതിരിക്കാന്‍,Binesh Balanമാര്‍ കൂടുതലായി ഉണ്ടാവാന്‍ ,Leela Santhoshമാര്‍ ഉണ്ടാവാന്‍ കാരവാന്‍(ഇനിയും നിരവധിപേര്‍ )മുന്നോട്ട് ചലിപ്പിക്കുക.നമ്മുടെ ജീവിതം സവര്‍ണതയ്ക്ക് വേണ്ടി ജയിലിലും ,കോടതിയിലും തള്ളിനീക്കാനുള്ളതല്ല.ഈ പോസ്റ്റിന് കീഴെ തെറി വിളിക്കാനും,ഗീതോപദേശത്തിനും വരുന്ന കുല പുരുഷന്‍മാര്‍ക്കും,സ്ത്രീകള്‍ക്കും പൂ...ഹോയ്....