വാഷിങ്ടൺ: ഇന്ത്യൻ വംശജയായ ഭവ്യ ലാലിനെ നാസയുടെ ആക്ടിങ് ചീഫ് ഓഫ് സ്റ്റാഫായി നിയമിച്ചു. അഞ്ച് വർഷത്തോളം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിഫൻസ് അനാലിസിസ് സയൻസ് ആൻഡ് ടെക്നോളജി പോളിസി ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷണ അംഗമായി പ്രവർത്തിച്ചിരുന്ന ഭവ്യ യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ പ്രസിഡൻഷ്യൽ ഏജൻസി അവലോകന ടീമിലെ അംഗമായിരുന്നു. ശാസ്ത്ര സാങ്കേതിക പോളിസി ഗവേഷണ കണ്‍സള്‍ട്ടിങ് സ്ഥാപനമായ സി-എസ്‌ടിപിഎസ് എൽഎൽസി പ്രസിന്റ്, ആഗോള പോളിസി ഗവേഷണ കണ്‍സള്‍ട്ടണ്‍സി സ്ഥാപനമായ എബിടി പോളിസി അസോസിയേറ്റിലെ സയന്‍സ് ആന്‍ഡ് ടെക്നോളജി പോളിസി പഠന കേന്ദ്രത്തിന്റെ ഡയറക്ടർ, എന്നി ചുമതലകൾ വഹിച്ചിട്ടുണ്ട്.
മാസച്യുസെറ്റ്‌സ് ടെക്‌നോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ന്യൂക്ലിയാര്‍ എന്‍ജിനിയറിങ്ങില്‍ ബിരുദവും ബിരുദാനന്ത ബിരുദവും ടെക്‌നോളജി ആന്‍ഡ് പോളിസിയില്‍ ബിരുദാനന്തര ബിരുദവും നേടിയിട്ടുള്ള ഭവ്യ ജോർജ്ജ് വാഷിങ്ടണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് പബ്ലിക് പോളിസിയിലും പബ്ലിക് അഡ്മിനിസ്‌ട്രേഷനിലും ഡോക്ടറേറ്റും നേടിയിട്ടുണ്ട്. എഞ്ചിനിയറിങ്, ബഹിരാകാശ സാങ്കേതികവിദ്യ എന്നിവയിൽ ഭവ്യ ലാലിന് മികച്ച അനുഭവ പരിചയം ഉണ്ടെന്ന് നാസ പ്രസ്താവനയിൽ അറിയിച്ചു.