നിപ്പ: നിയന്ത്രണത്തിലേക്കെന്ന് സൂചന, മെയ് 17 ന് ശേഷം ആർക്കും രോഗബാധ ഉണ്ടായിട്ടില്ല
നിപ്പ: നിയന്ത്രണത്തിലേക്കെന്ന് സൂചന
നിപ്പയുടെ രണ്ടാം ഘട്ടത്തിൽ ആശ്വാസം പകർന്ന് നാലാം ദിവസവും. അതുകൊണ്ടുതന്നെ നിപ്പ നിയന്ത്രണത്തിലേക്കെന്നുള്ള സൂചനയാണിത് നൽകുന്നത്. പുതിയതായി ആരിലും വൈറസ് ബാധ കണ്ടെത്തിയില്ല. ഭയം അകന്നുതുടങ്ങിയതോടെ ജില്ലയിൽ ജനജീവിതം പഴയതുപോലെ ആകാൻ തുടങ്ങി.
തിങ്കളാഴ്‌ച ലഭിച്ച 18 പരിശോധനാ ഫലങ്ങളിലും വൈറസ് ബാധ കണ്ടെത്തിയില്ലെന്ന് ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. ആർ എൽ സരിത അറിയിച്ചു. രോഗലക്ഷണങ്ങൾ ഉണ്ടെന്ന് സംശയിക്കുന്ന ഏഴുപേരെ ഞായറാഴ്‌ച മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇതോടെ രോഗബാധിതരുമായി സമ്പർക്കം പുലർത്തിയവരുടെ എണ്ണം 2079 ആയി.
ഇതുവരെ, 18 പേരിൽ രോഗം സ്ഥിരീകരിക്കുകയും അതിൽ 16 പേർ മരിക്കുകയും ചെയ്‌തു. ഇതുവരെ ലഭിച്ച 223 പേരുടെ പരിശോധനാ ഫലത്തിൽ 205 പേരിലും വൈറസ് ബാധയില്ലെന്ന് കണ്ടെത്തി. നഴ്‌സിംഗ് വിദ്യാർത്ഥി ഉൾപ്പെടെയുള്ള രണ്ടുപേർ വൈറസ് മുക്തരായി വരികയാണ്.
മെയ് 17 ന് ശേഷം ആർക്കും രോഗബാധ ഉണ്ടായിട്ടില്ലെന്ന് കഴിഞ്ഞ ദിവസം ആരോഗ്യ വകുപ്പ് വ്യക്തമാക്കിയിരുന്നു. രോഗം നിയന്ത്രണവിധേയമാണെന്ന് ഈ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.