'അന്ന് ഞാൻ കുട്ടിയായിരുന്നു, ആക്രമിക്കപ്പെട്ടെന്ന് തിരിച്ചറിയാൻ എനിക്ക് 17 വർഷം വേണ്ടിവന്നു'- പാർവതി
'അന്ന് ഞാൻ കുട്ടിയായിരുന്നു, ആക്രമിക്കപ്പെട്ടെന്ന് തിരിച്ചറിയാൻ എനിക്ക് 17 വർഷം വേണ്ടിവന്നു'- പാർവതി
കുട്ടിയായിരിക്കുമ്പോൾ താൻ ആക്രമിക്കപ്പെട്ടിട്ടുണ്ടെന്നും അത് തിരിച്ചറിയാൻ തനിക്ക് വർഷങ്ങൾ വേണ്ടിവന്നെന്നും നടി പാർവതി. താൻ ആക്രമത്തെ അതിജീവിച്ച ഒരാളാണെന്നത് ഇന്നും ദൈനംദിന ജീവിതത്തിന്റെ ഭാഗമാണെന്നും നടി വ്യക്തമാക്കി. മുംബൈ ചലച്ചിത്രമേളയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു പാർവതി.
'അന്നത്തെ ആക്രമണം ഞാൻ വളരെ ചെറിയ കുട്ടിയായിരിക്കുമ്പോഴായിരുന്നു, എനിക്കന്ന് മൂന്നോ നാലോ വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. അത് ആക്രമണമായിരുന്നെന്ന് മനസ്സിലാക്കൻ തന്നെ എനിക്ക് പതിനേഴ് വർഷം ആവശ്യമായി വന്നു. ഞാന്‍ ചോദിച്ചു വാങ്ങിയതല്ല അത്. പക്ഷെ ഞാന്‍ ആക്രമിക്കപ്പെട്ടു. പിന്നീട് അതേക്കുറിച്ച് തുറന്ന് സംസാരിക്കാന്‍ വീണ്ടുമൊരു 12 വര്‍ഷത്തെ സമയം കൂടിയെടുത്തു.
പക്ഷെ അതിജീവനം എന്നത് എങ്ങനെയാണെന്നുവെച്ചാൽ, സംഭവിച്ച കാര്യം തിരിച്ചറിയുകയും അത് സംഭവിച്ചുവെന്ന് അംഗീകരിക്കുകയും അതിനെ മറികടക്കുകയും ചെയ്യുമ്പോഴാണ്. ദൈനംദിന ജീവിതത്തില്‍ അനുഭവിക്കുന്ന ഒരു പോരാട്ടം തന്നെയാണ് അത്. എന്റെ സുഹൃത്തുക്കളോട് അതേക്കുറിച്ച് സംസാരിക്കുക, എന്റെ രക്ഷിതാക്കളോട് പറഞ്ഞുമനസിലാക്കിക്കുക എന്നതെല്ലാം ദിവസവും വല്ലാതെ ബുദ്ധിമുട്ടുണ്ടാക്കുന്ന ഒന്നാണെ'ന്നും പാർവതി പറഞ്ഞു.
'വ്യക്തിപരമായി പറഞ്ഞാല്‍ ഞാന്‍ ആക്രമണത്തെ അതിജീവിച്ച ഒരാളാണെന്ന് എന്നെത്തന്നെ വിശ്വസിപ്പിക്കുക എന്നത് നിത്യേന വേണ്ടിവരുന്ന ഒരു സ്ട്രഗിള്‍ ആണ്. അതിജീവനം എന്നത് ശാരീരികമായി മാത്രമുള്ളതല്ല. അത് മാനസികമായ ഒന്നുകൂടിയാണ്,' പാര്‍വ്വതി പറഞ്ഞു.