Webdunia - Bharat's app for daily news and videos

Install App

അമ്മയെ ഞെട്ടിച്ച് വീണ്ടും ഡബ്ല്യുസിസി; യോഗം വിളിക്കണമെന്ന് പാർവതിയും പത്മപ്രിയയും, ഉറച്ച നിലപാടോടെ അവൾക്കൊപ്പമെന്ന് നടിമാർ

ഞങ്ങളുടെ സൌകര്യം കൂടി നോക്കിയിട്ട് യോഗം വിളിക്കണം: പാർവതിയും പത്മപ്രിയയും അമ്മയോട്

Webdunia
വ്യാഴം, 28 ജൂണ്‍ 2018 (13:41 IST)
കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് പുറത്താക്കപ്പെട്ട നടൻ ദിലീപിനെ താരസംഘടനയായ അമ്മയിലേക്ക് തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട വിവാദങ്ങൾ അവസാനിക്കുന്നില്ല. വിഷയം ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് നടിമാരായ പത്മപ്രിയയും പാർവതിയും അമ്മയ്ക്ക് കത്തയച്ചു.
 
കത്തിന്റെ പൂർണരൂപം:
 
ഇന്നലെ ധീരമായി നിലപാടെടുത്ത ഞങ്ങളുടെ സഹപ്രവര്‍ത്തകര്‍ക്കൊപ്പം. എന്നും #അവൾക്കൊപ്പം .
 
മാറ്റങ്ങളുണ്ടാവാന്‍ ക്രിയാത്മകസംവാദങ്ങള്‍ക്കൊപ്പം നടപടികളും വേണമെന്ന് വിശ്വസിക്കുന്നവരാണ് WCC അംഗങ്ങള്‍. AMMAയുടെ കഴിഞ്ഞ യോഗമെടുത്ത തീരുമാനം ഞങ്ങളോരോരുത്തരേയും ഞെട്ടിക്കുന്നതായിരുന്നു . AMMA യുടെ അംഗങ്ങളെന്ന നിലയില്‍ സംഘടനയുടെ പുതിയ നിര്‍വാഹക സമിതിയുമായി ഒരു കൂടിക്കാഴ്ച ഞങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അക്രമത്തെ അതിജീവിച്ച നടിക്ക് AMMA യിലെ എല്ലാ അംഗങ്ങളും പരിപൂര്‍ണ്ണ പിന്തുണ വാഗ്ദാനം ചെയ്തിരുന്നു. അതിക്രമത്തെ AMMA യിലെ എല്ലാ അംഗങ്ങളും ശക്തമായി അപലപിച്ചിരുന്നു. എന്നാല്‍ ഇതിനെല്ലാം കടകവിരുദ്ധമായ തീരുമാനമാണ് കഴിഞ്ഞ ജനറല്‍ബോഡി യോഗത്തിലുണ്ടായത്. ഈ സാഹചര്യത്തില്‍ AMMAയുടെ യഥാര്‍ത്ഥ നിലപാടെന്താണെന്ന് ഞങ്ങള്‍ക്കറിയേണ്ടതണ്ട്. അതിനു വേണ്ടിയാണ് ഈ കൂടിക്കാഴ്ച ആവശ്യപ്പെടുന്നത്.
 
ശ്രീ .(ഇടവേള)ബാബു
 
ജനറല്‍ സെക്രട്ടറി
 
Association of Malayalam Movie Artists
 
പ്രിയ സര്‍,
 
കഴിഞ്ഞ ഇരുപത്തിനാലാം തീയ്യതി നടന്ന AMMAയുടെ ജനറല്‍ ബോഡി യോഗത്തിലെടുത്ത ഒരു തീരുമാനത്തെക്കുറിച്ച് സംഘടനയിലെ വനിതാ അംഗങ്ങളെന്ന നിലയില്‍ ഞങ്ങള്‍ക്കുള്ള ആശങ്കയറിയിക്കാനാണ് ഈ കത്തെഴുതുന്നത്. അമ്മയുടെ അംഗമായ സ്ത്രീയെ ആക്രമിച്ച കേസില്‍ ആരോപണവിധേയനായതിനെ തുടര്‍ന്ന സംഘടനയില്‍ നിന്നും പുറത്താക്കിയ ഒരു അംഗത്തെ തിരിച്ചെടുക്കാനുള്ള നിര്‍ണ്ണായക തീരുമാനം അന്ന് കൈക്കൊണ്ടിരുന്നുവല്ലൊ. അതീവ ഗൗരവമുള്ളതും കോടതിയുടെ പരിഗണനയിലിരിക്കുന്നതുമായ ഇത്തരമൊരു വിഷയത്തില്‍ യോഗത്തിന്റെ അജന്‍ഡയിലുള്‍പ്പെടുത്താതെയും അംഗങ്ങളുമായി വേണ്ടത്ര കൂടിയാലോചിക്കാതെയുമാണ് സംഘടന തീരുമാനമെടുത്തതെന്ന വസ്തുത ഞെട്ടിപ്പിക്കുന്നതാണ്. കേസില്‍ കുറ്റാരോപിതനായ വ്യക്തിയെ സംഘടനില്‍ തിരിച്ചെടുക്കാനുള്ള തീരുമാനം ആക്രമണത്തെ അതിജീവിച്ച അംഗത്തിന് പരിപൂര്‍ണ്ണ പിന്തുണ നല്‍കുമെന്ന AMMA യുടെ മുന്‍ നിലപാടിന് വിരുദ്ധമാണ്. ആക്രമണത്തെ അതിജീവിച്ച നടിയും അവളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച മറ്റ് മൂന്നംഗങ്ങളും AMMA യില്‍ നിന്ന് രാജിവച്ചിരിക്കുകയാണ്. അതിനുള്ള കാരണങ്ങള്‍ അവര്‍ വ്യക്തമാക്കിയിട്ടുമുണ്ട്. വനിതാ അംഗങ്ങളടെ ക്ഷേമത്തിനായി സംഘടന നടത്തിക്കൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ഇതൊട്ടും ഗുണകരമാവില്ല.
 
ആക്രമണത്തെ അതിജീവിച്ചിരുന്ന നടിക്ക് പിന്തുണനല്‍കുമെന്ന AMMA യുടെ വാഗ്ദാനം പാലിക്കണമെന്നും അതില്‍ നിന്ന് പുറകോട്ട് പോകരുതെന്നും AMMA യിലെ വനിതാ അംഗങ്ങള്‍ അന്ന നിലക്ക് ഞങ്ങള്‍ ആവശ്യപ്പെടുന്നു, കോടതിയുടെ പരിഗണനയിലുള്ളതും മാധ്യമശ്രദ്ധയിലുള്ളതുമായ ഈ വിഷയത്തില്‍ ജനവികാരം കൂടി ഉയരുന്നുണ്ടെന്ന സാഹചര്യത്തില്‍ പ്രത്യേകിച്ചും.
 
സ്ഥലത്തില്ലാതിരുന്നതിനാലാണ് അന്നത്തെ യോഗത്തില്‍ ഞങ്ങള്‍ക്ക് പങ്കെടുക്കാന്‍ കഴിയാതിരുന്നത്. ഈ വിഷയം ചര്‍ച്ചക്കെടുക്കുന്ന വിവരം നേരത്തെ അറിഞ്ഞിരുന്നുവെങ്കില്‍ ഞങ്ങളുടെ ആശങ്കകള്‍ തീരുമാനമെടുക്കും മുമ്പ് തന്നെ പ്രകടിപ്പിക്കുമായിരുന്നു. അടിയന്തിര സാഹചര്യങ്ങളില്‍ പ്ര്‌ത്യേകയോഗം ചേരാന്‍ സംഘടനയുടെ നിയമാവലി അനുവദിക്കുന്നുണ്ടെന്നാണ് ഭാരവാഹികളില്‍ നിന്നും അറിയാന്‍ കഴിഞ്ഞത്. ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ അത്തരമൊരു പ്രത്യേകയോഗം വിളിച്ചു ചേര്‍ക്കണമെന്നും താഴെ പറയുന്ന വിഷങ്ങള്‍ പുനപ്പരിശോധിക്കണമെന്നും ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു.
 
1. പുറത്താക്കപ്പെട്ട അംഗത്തെ തിരിച്ചെടുക്കാനുള്ള AMMA യുടെ തീരുമാനവും അതിന്റെ പ്രത്യാഘാതങ്ങളും
 
2. അക്രമത്തെ അതിജീവിച്ച അംഗത്തെ പിന്തുണക്കാനായി AMMA സ്വീകരിച്ച നടപടികള്‍
 
3. അംഗങ്ങളുടെയെല്ലാം ക്ഷേമം ഉറപ്പുവരുത്തുംവിധം AMMAയുടെ നിയമാവലി രൂപപ്പെടുത്തുന്നതിനെ കുറിച്ച്
 
4. സ്ത്രീകള്‍ക്ക് കൂടുതല്‍ സുരക്ഷയും പരിഗണനയും ഉറപ്പാക്കാനായി സംഘടനക്ക് ചെയ്യാവുന്ന കാര്യങ്ങള്‍
 
കേരളത്തിനു പുറത്തുള്ള ഞങ്ങളുടെ കൂടി സൗകര്യം കണക്കിലെടുത്ത് ജൂലായ് 13 നോ 14 നോ യോഗം വിളിക്കണമെന്നും അഭ്യര്‍ത്ഥിക്കുന്നു.
 
ഇത്തരമൊരു നിര്‍ണ്ണായക സന്ദര്‍ഭത്തില്‍ അംഗങ്ങളുടെയെല്ലാം ഉത്തമ താല്‍പര്യത്തെ മുന്‍നിര്‍ത്തി സംഘടന ഉയര്‍ന്നു പ്രവര്‍ത്തിക്കുമെന്ന വിശ്വാസത്തോടെ
 
A M M A അംഗങ്ങളായ,
 
രേവതി ആശാ കേളുണ്ണി
 
പത്മപ്രിയ ജാനകിരാമന്‍
 
പാര്‍വതി തിരുവോത്ത്

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

അടുത്ത ലേഖനം
Show comments