കാറപകടത്തില്‍ മരിച്ച ബാലഭാസ്കറിന്റെ ബാങ്ക് അക്കൗണ്ടുകൾ ക്രൈംബ്രാഞ്ച് പരിശോധിക്കും. ബാലഭാസ്കറിന്റെ സുഹൃത്തുക്കൾ പണം തിരിമറി നടത്തിയെന്ന ആരോപണത്തെ തുടർന്നാണ് നീക്കം.
അപകടസമയത്ത് ബാലഭാസ്‌കറിന്റെ കൈയിലുണ്ടായിരുന്ന മൊബൈൽ ഫോണ്‍ സ്വർണക്കടത്തുകേസിൽ റിമാൻഡിലുള്ള പ്രകാശൻ തമ്പിയുടെ കൈവശമാണെന്നാണ് അന്വേഷണസംഘം സംശയിക്കുന്നത്. ഇയാളെ ചോദ്യംചെയ്യാൻ എറണാകുളത്തെ പ്രത്യേക സാമ്പത്തികകോടതിയിൽ ക്രൈംബ്രാഞ്ച് അപേക്ഷ നൽകി.
പ്രകാശൻ തമ്പിയുള്‍പ്പെടെയുള്ളവര്‍ പ്രതികളായ സാഹചര്യത്തില്‍ ഡിആര്‍ഐ സംഘം ബാലഭാസ്കറിന്റെ പിതാവ് കെസി ഉണ്ണിയുടെ മൊഴിയെടുക്കും. കഴിഞ്ഞ ദിവസം ഉണ്ണിയുടെ മൊഴി ക്രൈംബ്രാഞ്ചും രേഖപ്പെടുത്തിയിരുന്നു.
ക്രൈംബ്രാഞ്ച് സംഘം ബാലുവിന്റെ ഭാര്യ ലക്ഷ്മിയില്‍ നിന്നും മൊഴിയെടുത്തിരുന്നു. അപകടം നടക്കുമ്പോള്‍ കാര്‍ ഓടിച്ചത് ഡ്രൈവര്‍ അര്‍ജ്ജുനാണ്. ബാലു പിറകിലെ സീറ്റില്‍ കിടന്നുറങ്ങുകയായിരുന്നു. അപകടം നടന്നപ്പോള്‍ തന്നെ ബോധം നഷ്‌ടമായിരുന്നെന്നും ലക്ഷ്മി പറഞ്ഞു.
ബാലഭാസ്‌കറിന് ആരുമായും വ്യക്തി വൈരാഗ്യമോ പകയോ ഉണ്ടായിരുന്നതായി അറിയില്ല. സ്വര്‍ണ്ണക്കടത്ത് കേസില്‍ അറസ്‌റ്റിലായ പ്രകാശ് തമ്പി ബാലഭാസ്‌കറിന്റെ സ്‌റ്റാഫല്ല. പ്രോഗ്രാമുകള്‍ സംഘടിപ്പിച്ച് നല്‍കുക മാത്രമാണ് അദ്ദേഹം ചെയ്‌തിരുന്നത്. അതിന് പ്രതിഫലം നല്‍കുകയും ചെയ്‌തിരുന്നു എന്നും അവര്‍ പറഞ്ഞു.