പിതാവിനെ കൊന്നവരോട് ക്ഷമിച്ചതിനും മോചനത്തെ എതിർക്കാതിരുന്നതിനും രാഹുൽ ഗാന്ധിയോട് നന്ദി അറിയിച്ച് രാജീവ് ഗാന്ധി വധക്കേസിൽ ജയിൽ ശിക്ഷയനുഭവിക്കുന്ന നളിനി ശ്രീഹരൻ. സി എന്‍ എന്‍ ന്യൂസ് 18, നളിനിയുമായി കത്തിലൂടെ നടത്തിയ അഭിമുഖത്തിലാണ് അവര്‍ ഇക്കാര്യം പറഞ്ഞത്.
കേസിലെ പ്രതികളെ വിട്ടയക്കാനുള്ള തമിഴ്നാട് സർക്കാരിന്റെ തീരുമാനത്തെ ശരി വെച്ചുകൊണ്ട് സുപ്രീംകോടതി ഉത്തരവിട്ടതിനോട് പ്രതികരിക്കുകയായിരുന്നു നളിനി. രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളെ വിട്ടയ്ക്കാമെന്ന് സുപ്രീംകോടതി കഴിഞ്ഞ ആഴ്ച അറിയിച്ചിരുന്നു.
ഇതോടെ കഴിഞ്ഞ 27 വര്‍ഷമായി ജയിലില്‍ കഴിയുകയായിരുന്ന മുരുകന്‍, പേരറിവാളന്‍, ശാന്തന്‍, നളിനി, റോബര്‍ട്ട് പയസ്, ജയകുമാര്‍, രവിചന്ദ്രന്‍ എന്നീ പ്രതികള്‍ ജയില്‍ മോചിതരാകും. ഇതിൽ മുരുകനും നളിനിയും ഭാര്യാഭർത്താക്കന്മാരാണ്.
താനും ഭര്‍ത്താവും ഉടന്‍ പുറത്തെത്തുമെന്ന കാര്യം മകളെ അറിയിക്കാന്‍ താത്പര്യമുണ്ടെന്നും നളിനി പറഞ്ഞു. ഇതുവരെയുണ്ടായിരുന്ന വേദനകളെ എല്ലാം മറന്ന് ഇനി മകൾക്കൊപ്പം ജീവിക്കാനാണ് ആഗ്രഹമെന്നും നളിനി പറഞ്ഞു.
കേസിൽ പ്രതികളുടെ വധശിക്ഷ നേരത്തെ സുപ്രീംകോടതി ജീവപര്യന്തമാക്കി കുറച്ചിരുന്നു. തുടര്‍ന്ന് 2016-ല്‍ ജയലളിത സര്‍ക്കാര്‍ എല്ലാ പ്രതികളേയും വിട്ടയക്കാൻ തീരുമാനിച്ചു. സംസ്ഥാനങ്ങള്‍ക്കുള്ള അധികാരം ഉപയോഗിച്ചാണ് എല്ലാ പ്രതികളേയും വിട്ടയക്കാനുള്ള തീരുമാനമെടുത്തത്.
ഇത് ചോദ്യം ചെയ്ത്‌കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. കേന്ദ്ര ഏജൻസികൾ അന്വേഷിച്ച ഒരു കേസിൽ എങ്ങനെയാണ് സംസ്ഥാന സർക്കാരിന് തീരുമാനമെടുക്കാൻ കഴിയുക എന്നതായിരുന്നു ഇവരുടെ ചോദ്യം. അതേസമയം, സുപ്രീം കോടതിയുടെ വിധിയിൽ സന്തോഷമുണ്ടെന്ന് പേരറിവാളന്റെ അമ്മ പ്രതികരിച്ചു.