Select Your Language

Notifications

webdunia
webdunia
webdunia
webdunia

ശബരിമല കേസിന്റെ നാൾവഴികൾ

ശബരിമല കേസിന്റെ നാൾവഴികൾ
, വെള്ളി, 28 സെപ്‌റ്റംബര്‍ 2018 (12:57 IST)
ശബരിമല ക്ഷേത്രത്തില്‍ 10 മുതല്‍ 50 വരെ  പ്രായമുള്ള സ്ത്രീകളെ പ്രവേശിപ്പിക്കുതിന് ആചാരപരമായ വിലക്കുണ്ടായിരുന്നു. ആചാരാനുഷ്ഠാനങ്ങളെ എല്ലാം കാറ്റിൽ പറത്തിയാണ് സുപ്രീം‌കോടതി ചരിത്രവിധി പ്രഖ്യാപിച്ചത്. പ്രായഭേദമന്യേ ഇനി സ്ത്രീകൾക്ക് ശബരിമലയിൽ പ്രവേശിക്കാം. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് ചരിത്രപരമായ വിധി പ്രഖ്യാപിച്ചത്. 
 
1990ല്‍ ദേവസ്വം കമ്മീഷണറായിരുന്ന എസ്. ചന്ദ്രികയുടെ കൊച്ചുമകളുടെ ചോറൂണ് സന്നിധാനത്ത് നടത്തിയതിന്റെ ചിത്രം പത്രങ്ങളില്‍ വന്നതോടെയാണ് ശബരിമല സ്ത്രീ പ്രവേശനം കേസിന് തുടക്കം കുറിച്ചത്. 1990സെപ്തംബര്‍ 24ന് ചങ്ങനാശ്ശേരി സ്വദേശിയായ എസ് മഹേന്ദ്രന്‍ ഈ ചിത്രവുമായി ആദ്യ കേസ് കേരള ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. 1991 ഏപ്രിൽ 5ന് ശബരിമലയിലെ സ്ത്രീപ്രവേശനം നിരോധിച്ചുകൊണ്ട് ഹൈക്കോടതി വിധി പറഞ്ഞു.
 
10 മുതല്‍ 50 വരെ പ്രായമുള്ള സ്ത്രീകളെയാണ് ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതില്‍ നിന്ന് വിലക്കിയത്. വിധി നടപ്പാക്കുന്നത് ഉറപ്പുവരുത്താന്‍ പൊലീസിനെ ഉപയോഗിക്കാന്‍ സര്‍ക്കാരിന് നിര്‍ദ്ദേശവും നല്‍കി. പിന്നീട് 15 വർഷങ്ങൾക്ക് ശേഷം കൃത്യമായി പറയുകയാണെങ്കിൽ 2006ന് ശേഷം യങ് ലോയേഴ്സ് അസോസിയേഷന്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കുകയായിരുന്നു. കേസിന്റെ നാള്‍ വഴി ഇങ്ങനെ:
 
ജൂലൈ 18- 2015
 
പൊതുക്ഷേത്രങ്ങളില്‍ സ്ത്രീവിവേചനം പാടില്ലെന്ന് ചീഫ് ജസ്റ്റിസ്. ശബരിമല പൊതുക്ഷേത്രമാണെങ്കില്‍ എല്ലാവര്‍ക്കും ഒരുപോലെ ആരാധന നടത്താന്‍ കഴിയണം. അതല്ലാത്ത പക്ഷം അത് ഭരണഘടനാവിരുദ്ധമാണെന്നും ഭരണഘടനാ ബഞ്ച് നിരീക്ഷിച്ചു.
 
ഫെബ്രുവരി 12- 2016
 
ശബരിമല സ്ത്രീപ്രവേശനത്തെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സുപ്രീം കോടതി അമിക്കസ് ക്യൂറിയെ നിയമിച്ചു. ഭഗവാന് സ്ത്രീ പുരുഷ ഭേദമില്ലെന്ന് സുപ്രീം കോടതി പരാമര്‍ശിച്ചു.
 
ജൂണ്‍ 4- 2016
 
ശബരിമല വിഷയത്തില്‍ അഭിപ്രായ വോട്ടെടുപ്പ് നടത്താന്‍ സര്‍ക്കാര്‍ തയാറെന്ന്  ദേവസ്വം മന്ത്രി അറിയിച്ചു. 
 
ജൂണ്‍ 6- 2016
 
സര്‍ക്കാരിനെ വെല്ലുവിളിച്ച് കുമ്മനം രാജശേഖരന്‍ രംഗത്ത് എത്തി. വിഷയത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ഇടപെടേണ്ട. വിശ്വാസ സമൂഹവും തന്ത്രിമാരും ചേര്‍ന്ന് ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും വിഷയത്തിൽ സർക്കാരിനെ വെല്ലുവിളിക്കുകയും ചെയ്തു കുമ്മനം.
 
ജൂലൈ 7 - 2016
 
ശബരിമല കേസ് പരിഗണിക്കുന്ന ബഞ്ച് സുപ്രീം കോടതി പുന:സംഘടിപ്പിച്ചു. നിലവിലുള്ള ബഞ്ചില്‍ നിന്ന് രണ്ട് ജഡ്ജിമാരെ മാറ്റി.
 
2017 ഫെബ്രുവരി 20
 
ശബരിമലയിലെ സ്ത്രീ പ്രവേശനം സംബന്ധിച്ച വിഷയം മൂന്നംഗ ഭരണഘടനാ ബെഞ്ചിന് കൈമാറി.
 
ഏപ്രില്‍ 16- 2017
 
ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിച്ച ചിത്രങ്ങള്‍ പുറത്തു വന്നു. എന്നാല്‍ വ്യാജമായി നിര്‍മ്മിച്ച ചിത്രങ്ങളെന്ന് ദേവസ്വം ബോര്‍ഡ് വിശദീകരണം.
 
ഒക്ടോബര്‍ 13- 2017 
 
സ്ത്രീ പ്രവേശനം ഭരണഘടനാ ബഞ്ചിന് വിട്ടു. സ്ത്രീകളുടെ മൗലികാവകാശം ലംഘിക്കപ്പെടുന്നുണ്ടോ സ്ത്രീകള്‍ വിവേചനം നേരിടുന്നുണ്ടോ എന്നും ബഞ്ച് പരിശോധിക്കും. ജസ്റ്റിസ് ദീപത് മിശ്ര, ജസ്റ്റിസ് ആര്‍ ഭാനുമതി, ജസ്റ്റിസ് അശോക് ഭൂഷണ്‍ എന്നിവരടങ്ങിയ ബെഞ്ചാണ് കേസില്‍ ഭരണഘടനാ ബഞ്ച് വിധി പറയാന്‍ ഉത്തരവിട്ടത്.
 
ജൂലൈ 19-2018
 
സ്ത്രീകള്‍ക്ക് 41 ദിവസത്തെ വ്രതമെടുക്കാനാവില്ല. പ്രവേശനത്തെ എതിര്‍ത്ത് ദേവസ്വം ബോര്‍ഡ് രംഗത്ത് വന്നു. ആര്‍ത്തവകാലത്ത് 41 ദിവസത്തെ വ്രതമെടുക്കാന്‍ ഋതുമതികളായ സ്ത്രീകള്‍ക്ക് കഴിയില്ലെന്ന് ദേവസ്വം ബോര്‍ഡിന് വേണ്ടി ഹാജരായ മനു അഭിഷേക് സിങ്വി. എല്ലാ പ്രായത്തിലുള്ള സ്ത്രീകളെയും ശബരിമലയില്‍ പ്രവേശിപ്പിക്കണമെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍.
 
ശബരിമലയിൽ സ്ത്രീകളെ മാറ്റി നിർത്തുന്നത് എന്തിനെന്ന് സുപ്രീംകോടതി. എല്ലാ പ്രായത്തിലുമുളള സ്ത്രീകൾക്കും ആരാധനാലയം തുറന്നു കൊടുക്കാൻ സർക്കാരിന് അധികാരം ഉണ്ടെന്ന് ഭരണഘടനയുടെ 25(2) (ബി) വ്യവസ്ഥ ചെയ്യുന്നുണ്ടെന്നും കോടതി പറഞ്ഞു. ഭരണഘടനയനുസരിച്ച് മതവിശ്വാസത്തിനും ആചാരങ്ങൾക്കുമുളള തുല്യാവകാശം സ്ത്രീകൾക്കുണ്ടെന്നും കോടതി.  
 
ജൂലൈ 26-2018
 
കേസില്‍ അയ്യപ്പ സേവാ സംഘം കക്ഷി ചേരുന്നു. ദേവസ്വം ബോര്‍ഡും എന്‍എസ്എസുമാണ് ഹര്‍ജി നല്‍കിയിരുന്നത്.
 
ജൂലൈ 30-2018
 
ഈ വിഷയത്തില്‍ കോടതിയല്ല തീരുമാനം എടുക്കേണ്ടത് എന്ന് വിശ്വ ഹിന്ദു പരിഷത്ത്. ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് നിലനിന്നിരുന്ന  ഹൈന്ദവ സംസ്‌ക്കാരവും ആചാരങ്ങളും പരിഷ്‌ക്കരിക്കപ്പെടണമെങ്കില്‍ ഹൈന്ദവ വിശ്വാസികളെ പരിഗണിക്കേണ്ടതെന്ന വാദവുമായി വിശ്വഹിന്ദു പരിഷത്ത്.
 
സ്ത്രീപ്രവേശനം വിലക്കണമെന്നാവശ്യപ്പെട്ട് അയ്യപ്പധര്‍മ്മസേന, വിശാല വിശ്വകര്‍മ്മ ഐക്യവേദി, ശ്രീരാമ സേന, ഹനുമാന്‍സേന എന്നീ സംഘടനകളുടെ ഹര്‍ത്താല്‍.
 
ഓഗസ്റ്റ് 1 – 2018
 
ശബരിമലയില്‍ ദര്‍ശനം നടത്തുവരെ സമുദായമായി പരിഗണിക്കാനാവില്ലെന്ന് സുപ്രീം കോടതി. ഹര്‍ജി നല്‍കിയ അഭിഭാഷക ഉഷ നന്ദിനിക്കു വേണ്ടി ഹാജരായ ഗോപാല്‍ ശങ്കരനാരായണനാണ് ശബരിമലയിലെ ഭക്തരെ ഒരു സമുദായമാക്കി കണക്കാക്കണമെന്ന വാദമുന്നയിച്ചത്.
 
ഓഗസ്റ്റ് 2-2018
 
8 ദിവസം നീണ്ട വാദം പൂര്‍ത്തിയായി. അയ്യപ്പന്റെ നൈഷ്ഠിക ബ്രഹ്മചര്യ സ്വഭാവം ചൂണ്ടിക്കാട്ടി പ്രവേശനം വിലക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു.
 
ഓഗസ്റ്റ് 6-2018
 
ശബരിമല സ്ത്രീ പ്രവേശനത്തില്‍ ആര്‍എസ്എസ് കേരളഘടകം നിലപാട് വ്യക്തമാക്കിയില്ല.
 
ഓഗസ്റ്റ് 6-2018
 
എട്ടു ദിവസത്തെ തുടര്‍ച്ചയായ വാദത്തിന് ശേഷം വിധി പറയാൻ മാറ്റി വെച്ചു
 
സെപ്തംബർ 28- 2018
 
ശബരിമലയില്‍ പ്രായഭേദമില്ലാതെ എല്ലാ സ്ത്രീകള്‍ക്കും പ്രവേശിക്കാമെന്ന് സുപ്രീംകോടതി

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'സുപ്രീംകോടതി വിധി അയ്യപ്പ ക്ഷേത്രത്തിലെ ആത്മാവിനെ അസ്ഥിരപ്പെടുത്തും': പുനപരിശോധനാ ഹര്‍ജി നല്‍കുമെന്ന് രാഹുൽ ഈശ്വർ