Select Your Language

Notifications

webdunia
webdunia
webdunia
webdunia

‘സംഘപരിവാർ ഭക്തിയും മോദി ആരാധനയും കൂടിച്ചേർന്ന മോഹൻലാൽ ആയിരുന്നു അത്’- നോട്ട് നിരോധനം മൂലം നഷ്ടമായ സൌഹൃദത്തെ കുറിച്ച് ഷാജഹാൻ മാടമ്പാട്ട് പറയുന്നു

‘സംഘപരിവാർ ഭക്തിയും മോദി ആരാധനയും കൂടിച്ചേർന്ന മോഹൻലാൽ ആയിരുന്നു അത്’- നോട്ട് നിരോധനം മൂലം നഷ്ടമായ സൌഹൃദത്തെ കുറിച്ച് ഷാജഹാൻ മാടമ്പാട്ട് പറയുന്നു

എസ് ഹർഷ

, ചൊവ്വ, 8 ഒക്‌ടോബര്‍ 2019 (18:10 IST)
പ്രധാനമന്ത്രിക്ക് കത്തെഴുതിയതിന്റെ പേരിൽ അടൂർ ഗോപാലകൃഷ്ണനടക്കമുള്ള പ്രമുഖ വ്യക്തികൾക്കെതിരെ കേസെടുത്തതിൽ സിനിമാക്കാരാരും പ്രതികരിക്കുന്നില്ലെന്ന് വിമർശിച്ച് മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ ഷാജഹാൻ മാടമ്പാട്ട്. എന്തുകൊണ്ടാണ് ഇവരാരും വിഷയത്തിൽ പ്രതികരിക്കാത്തതെന്ന് അദ്ദേഹം പറയുന്നതിനോടൊപ്പം സ്വന്തം അനുഭവവും ചൂണ്ടിക്കാണിക്കുന്നു. നടൻ മോഹൻലാലുമായി തനിക്ക് ഉണ്ടായ ആശയപരമായ അലോസരത്തെ പറ്റിയും സൗഹൃദത്തിൽ ഉണ്ടായ വിള്ളലിനെ പറ്റിയും ഫെയ്സ്ബുക്ക് കുറിപ്പിൽ എഴുതി.
 
ഷാജഹാൻ മാടമ്പാട്ടിന്റെ ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
 
ശ്രീ അടൂർ ഗോപാലകൃഷ്ണനടക്കമുള്ള പ്രമുഖ വ്യക്തികൾക്കെതിരെ പ്രധാനമന്ത്രിക്ക് കത്തെഴുതിയതിന്റെ പേരിൽ കേസെടുത്തതിൽ സിനിമാക്കാരാരും പ്രതികരിക്കുന്നില്ലെന്ന് പലരും പരിതപിച്ചു കണ്ടു. പരസ്യമായി പറയേണ്ടെന്നു ഞാൻ കരുതിയിരുന്ന ഒരു സംഭവം ഇനിയെങ്കിലും പറയണമെന്ന് ഇപ്പോൾ തോന്നുന്നു. അത് നോട്ടുനിരോധനം മൂലം ഒരു സൗഹൃദം നഷ്ടപ്പെട്ടതിന്റെ കഥയാണ്. നോട്ടുനിരോധനം വന്നു ഏതാനും ദിവസങ്ങൾക്കുള്ളിൽ നടൻ മോഹൻലാൽ ഒരു ബ്ലോഗ് എഴുതി. മേജർ രവിയുടെ സെറ്റിൽനിന്നാണ് എഴുത്തു. വികാരഭരിതനായി കടുത്ത ദേശഭക്തിയോടെ എഴുതിയ ബ്ലോഗ് വായിച്ചപ്പോൾ പ്രതികരിക്കണമെന്നെനിക്കു തോന്നി. ഞാനെന്റെ പ്രതികരണം എഫ്ബിയിൽ എഴുതി. അതിനു മുമ്പ് ജെഎൻ യുവിനെക്കുറിച്ചും ദേശഭക്തിസാന്ദ്രമായ ഒരു ബ്ലോഗ് അദ്ദേഹം എഴുതിയിരുന്നു. രണ്ടിലും പൊതുവായുള്ള ഘടകം അദ്ദേഹത്തിന് കാര്യമായ ഒരു ധാരണയും ഇരുവിഷയങ്ങളിലുമില്ല എന്നതായിരുന്നു. അതെ സമയം സംഘപരിവാറിനെ അന്ധമായി പിന്തുണയ്ക്കാനും മോദിയെ പ്രകീർത്തിക്കാനുമുള്ള ഒരനുരാഗാത്മകഭ്രമം അദ്ദേഹത്തിന്റെ ഭാഷയിൽ വ്യക്തമായി പ്രതിഫലിച്ചിരുന്നു.
 
വളരെയേറെ ശങ്കിച്ചാണ് ഞാനെന്റെ പ്രതികരണം പോസ്റ്റ് ചെയ്തത്. ഒന്നാമതായി എനിക്കേറെ ഇഷ്ടപ്പെട്ട നടനാണ് മോഹൻലാൽ. രണ്ടാമതായി 15 കൊല്ലത്തെയെങ്കിലും സൗഹൃദം എനിക്ക് മോഹൻലാലുമായി ഉണ്ട്. പക്ഷെ എല്ലാ വൈയക്തികപരിഗണകളെയും മാറ്റി വച്ച് നൈതികബോധ്യം മാത്രം കണക്കിലെടുക്കേണ്ട ഒരു ചരിത്രസന്ധിയിൽ മൗനം പാലിക്കുക ക്ഷന്തവ്യമല്ലല്ലോ.
 
എഫ്ബിയിൽ പോസ്റ്റിട്ടു നാല് ദിവസം കഴിഞ്ഞപ്പോൾ ലാലേട്ടൻ എന്നെ വിളിച്ചു. രാത്രി ഒമ്പതു മണിയോടെയാണ് ഫോൺ വന്നത്. “ഷാജഹാന്റെ പോസ്റ്റ് കണ്ടു; നന്ദി പറയാൻ വിളിച്ചതാണ്” എന്ന് പറഞ്ഞാണ് സംസാരം തുടങ്ങിയത്. അരമണിക്കൂറോളം ഞങ്ങൾ സംസാരിച്ചു. തികഞ്ഞ സൗഹൃദത്തോടെ തന്നെ. പക്ഷെ ഞാൻ പറയുന്നത് കേൾക്കാനോ മനസ്സിലാക്കാനോ ഒരു തരം ആന്തരിക വിമുഖത സംഭാഷണത്തിലുടനീളം നിഴലിച്ചിരുന്നു. അദ്ദേഹത്തിന് ശരിയെന്നു തോന്നുന്നത് പറയാനുള്ള അദ്ദേഹത്തിന്റെ അവകാശത്തെക്കുറിച്ചു മാത്രം വീണ്ടും വീണ്ടും ആവർത്തിച്ചു കൊണ്ടിരുന്നു. പൂർണമായും മസ്തിഷ്കപ്രക്ഷാളനത്തിനു വിധേയനായ, എന്നാൽ തന്റെ സ്വതസിദ്ധമായ സുജനമര്യാദ ഒട്ടും കൈവിടാത്ത ഒരാളായാണ് എനിക്കന്നു അനുഭവപ്പെട്ടത്. നോട്ടുനോരോധനസമയത് ഞങ്ങളുടെ പൊതുസൗഹൃദവൃത്തങ്ങളിലുള്ള മറ്റു ചിലരും മോദിഭക്തരാവുന്നതും ഞാൻ ശ്രദ്ധിച്ചിരുന്നു. അവരുമായുള്ള ബന്ധങ്ങളിലും അകൽച്ച വന്നു.
 
എന്തായാലും മോഹന്ലാലുമായുള്ള എന്റെ അവസാനസംഭാഷണം ആ ഫോൺ കാളായിരുന്നു. വ്യക്തിപരമായി എന്നെ വേദനിപ്പിച്ച ഒരനുഭവം. പക്ഷെ ആസുരകാലത്തു വ്യക്തിപരം അപ്രസക്തമാണ്. Personal is political and political is personal. അടൂർ എന്നല്ല ആർക്കു വേണ്ടിയും ഇവരാരും ശബ്ദിക്കില്ല. അതിന്റെ കാരണം ഭീരുത്വമാണോ ഹിന്ദുത്വമാണോ എന്നതിൽ വേണമെങ്കിൽ തർക്കിക്കാം പക്ഷെ അത് കൊണ്ടെന്തു പ്രയോജനം?
 
ദൈവമേ നീ തന്ന എല്ലാ സൗഭാഗ്യങ്ങളും തിരിച്ചെടുത്താലും നട്ടെല്ല് മാത്രം തിരിച്ചെടുക്കല്ലേ എന്ന് എല്ലാവരും പ്രാര്ഥിക്കേണ്ട കാലം!

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബഹിരാകാശത്തുനിന്നുമുള്ള ദുബായിയുടെ ചിത്രം പങ്കുവച്ച് യുഎഇയുടെ ആദ്യ ബഹിരാകാശ യാത്രികൻ !