പ്രളയം; ചെങ്ങന്നൂരിലെ ക്യാം‌പുകളിലെ ജനങ്ങൾക്ക് ആശ്വാസവുമായി രാഹുൽ

ചൊവ്വ, 28 ഓഗസ്റ്റ് 2018 (11:53 IST)
കേരളത്തിലെ പ്രളയബാധിത മേഖലകളിൽ കോൺഗ്രസ്സ് അധ്യക്ഷൻ രാഹുൽ ഗാന്ധി സന്ദർശനം ആരംഭിച്ചു. രാവിലെ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയ രാഹുൽ അവിടെ നിന്നും ഹെലികോപ്ടർ വഴിയാണ് ചെങ്ങന്നൂർ എത്തിയത്.
 
പ്രളയബാധിത പ്രദേശങ്ങളും ദുരിതാശ്വാസ ക്യാമ്പുകളും സന്ദര്‍ശിക്കുന്ന രാഹുൽ‍, 29നു തിരികെ പോകും. നിലവിൽ 200ലധികം ആളുകളാണ് ചെങ്ങന്നൂരെ ക്യാം‌പിലുള്ളത്.ഒരു മണിക്കൂറോളം ദുരിതബാധിതരോടൊപ്പം ചെലവഴിച്ചശേഷം അവിടെനിന്ന് ആലപ്പുഴയിലെ ക്യാംപ് സന്ദര്‍ശിക്കും. 
 
തുടര്‍ന്നു പ്രളയത്തില്‍ അകപ്പെട്ടവരെ രക്ഷിച്ച മത്സ്യത്തൊഴിലാളികള്‍ക്കു നല്‍കുന്ന സ്വീകരണ ചടങ്ങില്‍ പങ്കെടുക്കും. മഴക്കെടുതിയില്‍ വീടു നഷ്ടപ്പെട്ടവര്‍ക്കു കെപിസിസി നിര്‍മിച്ചു നല്‍കുന്ന 1000 വീടുകളില്‍ 20 എണ്ണം നിർമ്മിക്കുന്നതിനുള്ള തുക രാഹുൽ ഗാന്ധിക്ക് ഈ ചടങ്ങിൽ നിന്ന് കൈമാറും.
 
ആലുവ, പറവൂര്‍, ചാലക്കുടി എന്നിവിടങ്ങളിലെ പ്രളയബാധിത പ്രദേശങ്ങളും ക്യാമ്പുകളും സന്ദര്‍ശിക്കും. രാത്രി കൊച്ചിയില്‍ സര്‍ക്കാര്‍ ഗെസ്റ്റ് ഹൗസില്‍ തങ്ങും. 29നു രാവിലെ എറണാകുളം ജില്ലയിലെ ക്യാമ്പുകളിൽ വിതരണം ചെയ്യാന്‍ ഡിസിസി സംഭരിച്ച ഭക്ഷ്യവസ്തുക്കളും മറ്റ് അവശ്യസാധനങ്ങളും നിറച്ച ലോറികളുടെ യാത്ര രാഹുൽ ഫ്ലാഗ് ഓഫ് ചെയ്യും. ശേഷം വിമാനത്തിൽ കോഴിക്കോടേക്കും അവിടെ നിന്ന് ഹെലികോപ്‌റ്ററിൽ വയനാട്ടിലേക്ക്. ശേഷം ഡൽഹിക്ക് മടങ്ങും.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ഡിഎംകെയുടെ അധ്യക്ഷനായി സ്റ്റാലിനെ തിരഞ്ഞെടുത്തു; വൈകിട്ട് ചുമതലയേൽക്കും