Select Your Language

Notifications

webdunia
webdunia
webdunia
webdunia

'കിട്ടിയിട്ടെന്ത് ചെയ്യാനാ? നിങ്ങളെ കണ്ടിട്ട് എനിക്ക് ഒന്നും തോന്നുന്നില്ല'- ജോമോൾ ജോസഫിനു മറുപടി കുറിപ്പുമായി യുവാവ്

'കിട്ടിയിട്ടെന്ത് ചെയ്യാനാ? നിങ്ങളെ കണ്ടിട്ട് എനിക്ക് ഒന്നും തോന്നുന്നില്ല'- ജോമോൾ ജോസഫിനു മറുപടി കുറിപ്പുമായി യുവാവ്
, ശനി, 9 ഫെബ്രുവരി 2019 (13:01 IST)
രാത്രി പത്ത് മണി കഴിഞ്ഞാൽ സ്ത്രീകൾ ഓൺലൈനിൽ ഇരിക്കുന്നത് കണ്ടാൽ മെസെഞ്ചറിലേക്ക് തള്ളിക്കയറുന്ന സദാചാര സൈബർ ‘ആൺ’ വർഗത്തിനെതിരെ രൂക്ഷമായി പ്രതികരിച്ച ജോമോൾ ജോസഫിനു മറുപടിയുമായി യുവാവ്. തിരുവനന്തപുരം സ്വദേശിയായ സുമേഷ് ആണ് ഇതിനെതിരെ ഫേസ്ബുക്കിൽ രംഗത്തെത്തിയിരിക്കുന്നത്.  മറ്റുള്ളവർ ശ്രദ്ധിക്കണമെന്നാഗ്രഹിക്കുന്നവരാണ് ഇത്തരം 'തറപ്പണി' ചെയ്യുന്നതെന്നാണ് സുമേഷിന്റെ വാദം.
 
സുമേഷിന്റെ പോസ്റ്റിന്റെ പൂർണരൂപം:
 
'കുഞ്ഞുടുപ്പിട്ട് നടക്കുന്നത് കൊണ്ട് എന്നെ ഇപ്പം കിട്ടും, ഇപ്പം കിട്ടും' എന്ന് ആണുങ്ങളെയൊന്നാകെ പരിഹസിച്ച് ഫെയ്സ്ബുക്ക് പോസ്റ്റ് ചെയ്ത കൊച്ചിക്കാരി 'ജോമോൾ ജോസഫി'ന് ഒരു മറുപടിയാണ് ഈ കുറിപ്പ്. കൊച്ചേ, പെണ്ണുങ്ങളെന്ത് ചെയ്താലും വൈറലാകുന്നത് പോലെ, കൊച്ചിന്റെ പോസ്റ്റും വൈറലായി. കുട്ടിക്കുപ്പായമിട്ടൊരു ഫോട്ടോ കൂടിയായപ്പോൾ സംഗതി ജോറായി. സന്തോഷം. കാരണം, മറ്റുള്ളവർ ശ്രദ്ധിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് ഇത്തരം 'തറപ്പണി' ചെയ്യുന്നത്. കൊച്ചിന്റെ സന്തോഷത്തിൽ ഞാനും പങ്കുചേരുന്നു. ഇനി കാര്യത്തിലേക്ക് വരാം.
 
നിങ്ങൾ, ചില പെണ്ണുങ്ങൾക്കൊരു ധാരണയുണ്ട്. ആണുങ്ങളെല്ലാം പെണ്ണുങ്ങളുടെ പിറകെ മണപ്പിച്ച് നടക്കുന്നവരാണെന്ന്. ആ ധാരണ തെറ്റാണ് മോളേ... അച്ഛൻ, ആങ്ങള, ചേച്ചിയുടെ അല്ലെങ്കിൽ അനിയത്തിയുടെ ഭർത്താവ്...ഇത്രയും പേരാണ് നിങ്ങളുടെ കണ്ണിലെ മാന്യന്മാരായ ആണുങ്ങൾ. അതങ്ങനെ തന്നെയിരുന്നോട്ടെ, തിരുത്താൻ ഞാനാളല്ല. 
 
കൊച്ച്, കൊച്ചീലിരുന്ന് വിശദീകരിച്ച കാര്യത്തിലേക്ക് വരാം. പച്ച ലൈറ്റ് കാണുമ്പോൾ പഞ്ചാര വർത്തമാനവും പറഞ്ഞുകൊണ്ട് വരുന്നവരെപ്പോലെയാണ് എല്ലാം ആണുങ്ങളുമെന്ന ധാരണ തന്നെ മണ്ടത്തരമാണ്. രാത്രി ആണുങ്ങളുടെ പച്ച ലൈറ്റ് കത്തിക്കിടക്കുന്നത് കാണുമ്പോൾ പഞ്ചാര വർത്തമാനം മാത്രമല്ല, പച്ചയ്ക്ക് സെക്‌സ് ചാറ്റിങിന് വരുന്ന എത്രയോ പെണ്ണുങ്ങളെ എനിക്കറിയാം.!!! ചാറ്റിങ് മാത്രമല്ല, ഒരു തവണയെങ്കിലും കൂടെക്കിടക്കാൻ കെഞ്ചി ക്ഷണിക്കാൻ മടിയില്ലാത്തവരുമുണ്ട് എന്നറിഞ്ഞു കൊള്ളുക. ഒരു പരിധി വിടുമ്പോൾ അത്തരക്കാരെ ബ്ലോക്ക് ചെയ്യുകയാണ് പതിവ്. 'നല്ലപിള്ള' പുരസ്ക്കാരത്തിന് വേണ്ടിയല്ല, ഇങ്ങനെ ബ്ലോക്ക് ചെയ്യുന്നത്. 
 
നേരിൽ പരിചയമില്ലാത്തൊരു സ്ത്രീ, പെട്ടെന്നൊരു ദിവസം തന്റെ കിടപ്പറയിലേക്ക് ക്ഷണിച്ചാൽ, അടിവസ്ത്രമൂരി അയയിലിട്ടിട്ട് അവളോടൊപ്പം പോകാൻ ആത്മാഭിമാനമുള്ള ഒരു പുരുഷനും കഴിയില്ല. പളുങ്ക് പോലെ വിശുദ്ധിയുള്ള സൗഹൃദങ്ങളുണ്ട്. അമ്മയുടെയും, സഹോദരിയുടെയും, സുഹൃത്തിന്റെയും സ്ഥാനങ്ങളിൽ കാണുന്ന മുഖപുസ്തകത്തിലെ സൗഹൃദ മുഖങ്ങളുണ്ട്. ഈ ഗണത്തിൽപ്പെടുന്നവരോടല്ലാതെ പലരോടും അങ്ങോട്ടും, തിരിച്ച് ഇങ്ങോട്ടും ഒരാകർഷണം തോന്നിയിട്ടുണ്ട്, ഇപ്പോഴും തോന്നുന്നുമുണ്ട്. പക്ഷേ, അതൊന്നും ആരും വിളിച്ചുകൂവി നടക്കുന്നില്ല. ഇനി, ആർക്കും ആരോടും അത്തരത്തിലൊരാകർഷണം തോന്നിയിട്ടില്ലെന്ന് പറഞ്ഞാൽ, ഞാൻ പറയും...'നിങ്ങളൊരു കപട സദാചാരക്കാരനാണ്. ഇരുളിന്റെ മറവിൽ അന്യന്റെ കിടപ്പറയിലേക്ക് ഒളിഞ്ഞു നോക്കാൻ തക്കവണ്ണം അധമനായ കപട സദാചാരക്കാരൻ.'
 
രാവിലെ കഴിക്കുന്ന ഭക്ഷണം, നിങ്ങളുടെ ദിനചര്യകൾ, ചിക്കനില്ലാതെ ബിയർ കഴിക്കാത്തത്, ഭർത്താവുമായുള്ള സ്വകാര്യ നിമിഷങ്ങളും ലൈംഗിക ബന്ധവും, ഭർത്താവുമായി സെക്‌സ് ചെയ്യുമ്പോൾ നിങ്ങൾ നേടുന്ന സംതൃപ്തി, ഫ്ലൈറ്റിലും, ആൾക്കൂട്ടത്തിലും, ഷോപ്പിങ് മാളിലുമൊക്കെ വച്ച് മടിയില്ലാതെ കുഞ്ഞിന് പാല് കൊടുക്കുമ്പോൾ, മുലകളിൽ വെയിലടിക്കുന്നത് നിങ്ങളെ അസ്വസ്ഥയാക്കാത്തത്, ത്രീ ഫോർത്തും, ബർമുഡയും, സ്ലീവ് ലെസ്സ് ടോപ്പും ധരിക്കുന്നതും വരെ നിങ്ങൾ പ്രശസ്തിക്കു വേണ്ടി സമൂഹത്തിന് മുമ്പിൽ തുറന്നു കാണിക്കുമ്പോൾ, അപഹാസ്യയാവുന്നത് നിങ്ങൾ മാത്രമല്ല. നിങ്ങൾ പ്രതിനിധീകരിക്കുന്ന ഇവിടുത്തെ എല്ലാ സ്ത്രീകളും കൂടിയാണ്. (കനകദുർഗ്ഗ, ബിന്ദു കല്യാണി, രഹ്ന ഫാത്തിമ, രേഷ്മ നിശാന്ത് തുടങ്ങിയ ആക്റ്റിവിസ്റ്റുകൾ ഈ ഗണത്തിൽപ്പെടുന്നില്ല.) 
 
മനസ്സ് കൊണ്ടെങ്കിലും ഒരന്യ പുരുഷനെ ആഗ്രഹിച്ചിട്ടുള്ള സ്ത്രീയാണ് ജോമോൾ ജോസഫെന്ന നിങ്ങളെന്ന് ഞാൻ പറയും. നിങ്ങളിത് നിഷേധിച്ചാൽ ഏറ്റവും വലിയ കപട സദാചാരക്കാരിലൊരാളാണ് നിങ്ങൾ. സ്ത്രീകളെപ്പോലെ വികാരങ്ങൾ അടിച്ചമർത്തി വയ്ക്കുന്നവനല്ല പുരുഷൻ, എന്ന് പഠനങ്ങൾ തെളിയിച്ചിട്ടുള്ളതാണ്. അത്, പരിധിവിട്ട് പ്രകടിപ്പിക്കുന്നവൻ ഞരമ്പ് രോഗി തന്നെയാണ്. പക്ഷേ, എല്ലാ പുരുഷന്മാരെയും താറടിച്ചു കാണിച്ചത്, നിങ്ങളെ നിങ്ങൾ തന്നെ കൊഞ്ഞനം കുത്തിയതിന് തുല്ല്യമാണ്. 
 
ആദ്യ വരികളിലേക്ക് വരാം. 'ഇപ്പം കിട്ടും, ഇപ്പം കിട്ടും......' ഒരു മറുചോദ്യമാണ് ഇതിനുള്ള ഉത്തരം.
"കിട്ടിയിട്ടെന്ത് ചെയ്യാനാ.?" നിങ്ങളെ കണ്ടിട്ട് എനിക്ക് ഒന്നും തോന്നുന്നില്ല. പുറത്തേക്ക് കാണുന്ന (കാണിച്ചിരിക്കുന്ന) സ്തനത്തിന്റെ അതിരുകളും, നഗ്നമായ കാൽമുട്ടിന് മുകളിൽത്തെളിയുന്ന വെളുത്ത തുടകളുമൊക്കെ കാണുമ്പോൾ എനിക്ക് യാതൊരു വികാരത്തള്ളിച്ചയും ഉണ്ടാകുന്നില്ല. പകരം, പുച്ഛമാണ് തോന്നുന്നത്. നാലാൾക്കിടയിൽ ശ്രദ്ധിക്കപ്പെടാൻ ഈ പേക്കൂത്ത് കാണിച്ച്, പുരുഷന്മാരെയൊന്നടങ്കം സ്ത്രീ ലമ്പടന്മാരാക്കി ചിത്രീകരിച്ച നിങ്ങളോടുള്ള പരമപുച്ഛം.!!! 
 
സമനില തെറ്റി അലഞ്ഞു നടക്കുന്നവരേയും, കുഞ്ഞുങ്ങളേയും, വൃദ്ധകളേയുമൊക്കെ ലൈംഗികോപാധിയായി കാണുന്നവർക്ക് സാരി ചുറ്റിയൊരു സ്ത്രീരൂപത്തെ കിട്ടിയാലും മതിയായിരിക്കും. പക്ഷേ, എല്ലാവരെയും ആ കൂട്ടത്തിൽപ്പെടുത്തരുത്, സഹോദരീ. ക്യാൻസർ രോഗിയായ ഒൻപത് വയസ്സുകാരനെ രണ്ടുദിവസം മുമ്പൊരു യുവതി ലൈംഗികമായി പീഢിപ്പിച്ചത് ഇതേ കേരളത്തിലാണ്. 
 
ലൈംഗിക ബന്ധമല്ല, ഒരു സ്ത്രീയോട് തോന്നുന്ന ആകർഷണത്തിന്റെ അവസാന വാക്ക് എന്നറിയണം, നിങ്ങളെപ്പോലെയുള്ളവർ. ചിലരോട് തോന്നുന്ന ഇഷ്ടം ബഹുമാനമായോ, ഒരു ചുംബനമായോ, ചേർത്ത് പിടിച്ചൊരു ആലിംഗനമായോ, ഒരു ചെറിയ സമ്മാനപ്പൊതിയിലൂടെയോ ആണ് പ്രകടിപ്പിക്കേണ്ടത്.  ഈ കുറിപ്പിൽ ഞാൻ തുറന്നു കാണിച്ചിരിക്കുന്നത് എന്നെത്തന്നെയാണ്. അതുകൊണ്ട് തന്നെ ഞാനൊരു കപട സദാചാരവാദിയുമല്ല.

അതേസമയം, ജോമോളിന്റെ കുറിപ്പിനേക്കാൾ സ്വീകാര്യതയാണ് സുമേഷിന്റെ കുറിപ്പിനു ലഭിക്കുന്നതെന്നത് 
ആശ്ചര്യമുണർത്തുന്നു. പരസ്യമായി ഒരു സ്ത്രീയെ അപമാനിക്കുന്നതാണ് ഈ പോസ്റ്റെന്നും ആരോപണം 
ഉയരുന്നുണ്ട്.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അതിരുകടന്ന സൈബർ അക്രമണം, മാനസിക സമ്മര്‍ദ്ദത്തിലായ നവദമ്പതികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു