മുംബൈ: രാജ്യം കൊറോണ ഭീതിയിൽ ജാഗ്രാത പാലിക്കുമ്പോൾ ഗോ കൊറോണ എന്ന് ആവർത്തിച്ച് മുദ്രാവാക്യം വിളിച്ച് കേന്ദ്രമന്ത്രി. കൊറോണ വ്യാപനം ചെറുക്കുന്നതിനായി നടന്ന പ്രാർത്ഥനാ യോഗത്തിലാണ് കേന്ദ്രമന്ത്രി രാംദാസ് അത്താവലെ ഗോ കൊറോണ എന്ന് മുദ്രാവാക്യം വിളിച്ചത്. സംഭവത്തിന്റെ വീഡിയോ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമാവുകയാണ്.
കേന്ദ്ര മന്ത്രി ഗോ കൊറോണ മുദ്രാവാക്യം വിളിക്കുമ്പോൾ കൂടെയുള്ളവർ അത് ഏറ്റു വിളിക്കുന്നത് വീഡിയോയിൽ കാണാം. ഫെബ്രുവരി 20ന് മുംബൈയിലെ ഗേറ്റ്‌വേ ഓഫ് ഇന്ത്യയിൽ സംഘടിപ്പിച്ച പ്രാർത്ഥനാ യോഗത്തിലെ വീഡിയോ ആണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങൾ വഴി പ്രചരിക്കുന്നത്. ചൈനീസ് നയതന്ത്ര പ്രതിനിധികളും ബുദ്ധ സന്യാസിമാരും ഈ പ്രാർത്ഥനാ യോഗത്തിൽ പങ്കെടുത്തിരുന്നു.
കൊറോണക്കെതിരെ കേന്ദ്രമന്ത്രിയുടെ മുദ്രവാക്യം വിളിയിൽ പരിഹാസവുമായി നിരവധി പേരാണ് സാമൂഹ്യ മാധ്യമങ്ങളിൽ രംഗത്തെത്തിയിരിക്കുന്നത്. 'അവസാനം കൊറോണ വൈറസിനെ നശിപ്പിക്കാൻ ഒരുമാർഗം നമ്മുടെ കേന്ദ്രമന്ത്രി കണ്ടെത്തിയിരിക്കുന്നു' എന്നാണ് ഒരാൾ വീഡിയോ പങ്കുവച്ചുകൊണ്ട് ട്വിറ്ററില് കുറിച്ചത്.